മുംബൈ: ഭരണപ്രതിസന്ധി നിലനില്‍ക്കെ സംസ്ഥാനത്തെ മന്ത്രിസഭ പിരിച്ചുവിടുന്നത് പരിഗണനയിലില്ലെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബുധനാഴ്ച ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നിയമസഭ പിരിച്ചുവിടേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് സംസാരിച്ചതായി കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് വ്യക്തമാക്കി.
ഉദ്ധവ് താക്കറെ വിളിച്ച യോഗത്തില്‍ നിന്നും മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ 16 എം.എല്‍.എമാര്‍ മാത്രമാണ് പങ്കെടുത്തത്. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. നിലവിലെ സ്ഥിതിഗതികള്‍ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ മാറേണ്ട അവസ്ഥ വരെ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തലുകള്‍.
പൊതുമരാമത്ത് മന്ത്രി ഏക്നാഥ് ഷിന്‍ഡെ എം.എല്‍.എമാരുമായി ഒളിവില്‍ പോയതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. 22 എം.എല്‍.എമാരോടൊപ്പം ഗുജറാത്തിലെ റിസോര്‍ട്ടിലാണ് ഷിന്‍ഡെയെന്ന വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇവര്‍ക്ക് പഞ്ചാബില്‍ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.