ലക്നൗ: ഇന്ത്യ സഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസ്സും ഉത്തരപ്രദേശില്‍ മേല്‍ക്കൈയുള്ള സമാജ്‌വാദി പാര്‍ട്ടിയും തമ്മിലുള്ള പോര്‍വിളികള്‍ പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയാകുന്നു.
പ്രതിവാദങ്ങളും അനുനയങ്ങളും നടക്കുന്നതിനിടയില്‍ സംസ്ഥാന തലത്തില്‍ സഖ്യമില്ലെങ്കില്‍ ദേശീയ തലത്തിലേക്കും സഖ്യം ചേരാന്‍ തയ്യാറല്ലെന്ന് എസ്.പി പ്രഖ്യാപിച്ചു.
മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദിയെ തഴഞ്ഞു കോണ്‍ഗ്രസ് സ്ഥാനാത്ഥികളെ പ്രഖ്യാപിച്ചതാണ് എസ്.പിയെ ചൊടിപ്പിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് തങ്ങളെ അവഗണിക്കുകയാണെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മത്സരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇന്ത്യ യോഗത്തിലേക്ക് പ്രതിനിധികളെ അയക്കില്ലെന്നും സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.
‘ഇന്ത്യ സഖ്യം ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയുള്ളതാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചര്‍ച്ചകള്‍ നടത്തും. എന്നാല്‍ ബി.ജെ.പി സംഘടിതവും വലുതുമാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആശയകുഴപ്പങ്ങള്‍ ഉണ്ടാവരുത്. ആശയകുഴപ്പം തോല്‍വിക്ക് കാരണമാകും,’ അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞു.