ഹലാല്‍ ലവ് സ്‌റ്റോറിയുടെ രാഷ്ട്രീയത്തോട് തനിക്ക് വിയോജിപ്പുകളുണ്ടായിരുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു. ആ വിയോജിപ്പുകളോടുകൂടി തന്നെയാണ് അവരുമായി സഹകരിച്ച് മുന്നോട്ട് പോയതെന്നും തന്റെ നിലപാടുകളെന്താണെന്ന് അവര്‍ക്ക് അറിയാമെന്നും മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ആഷിഖ് പറഞ്ഞു.
സഖറിയ മുഹമ്മദിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ഹലാല്‍ ലവ് സ്റ്റോറിയുടെ നിര്‍മാണത്തില്‍ ആഷിഖിന്റെ ഉടമസ്ഥതയിലുള്ള ഒ.പി.എം സിനിമാസും പങ്കാളികളായിരുന്നു.
‘മലബാര്‍ ബേസ്ഡായി ഒരു കൂട്ടം ചെറുപ്പക്കാര്‍ ഫ്രെഷായ ചില സംഗതികളുമായി വരികയും കുഞ്ഞുകുഞ്ഞു നല്ല സിനിമകള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അവരിനി മെയ്ന്‍ സ്ട്രീമാവുമോ ഇല്ലയോ എന്ന് കണ്ടറിയണം. അവര്‍ കൊമേഴ്‌സ്യല്‍ സക്‌സസ് ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ മെയ്ന്‍ സ്ട്രീമായോ എന്ന് പറയാറായിട്ടില്ല. ഇവരെല്ലാം തന്നെ രാഷ്ട്രീയ ബോധമുള്ള ആളുകളാണ്. അവര്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ അവരവരുടേതായ രാഷ്ട്രീയം കൊണ്ടുവരും.
ഞാന്‍ ഹലാല്‍ ലവ് സ്റ്റോറിയുടെ ഭാഗമായിരുന്നു. ഒരു നിര്‍മാതാവെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ആ സിനിമയോടുള്ള വിയോജിപ്പ് ഞാന്‍ അവരോട് തന്നെ പറഞ്ഞിരുന്നു. വിയോജിച്ച് കൊണ്ടുതന്നെ ഒരുമിച്ച് പോകാന്‍ പറ്റും. ഒരാള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളോടും യോജിച്ച് പോകണമെന്നില്ല. ഹലാല്‍ ലവ് സ്‌റ്റോറിയില്‍ എനിക്ക് വിയോജിപ്പുള്ള ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. യോജിപ്പുള്ള കാര്യങ്ങളുമുണ്ടായിരുന്നു.
മലപ്പുറം, മലബാര്‍ സൈഡില്‍ നിന്ന്, അണ്ടര്‍പ്രിവിലേജ്ഡ് ആണെന്ന് നമ്മള്‍ വിചാരിച്ചിരുന്ന സ്ഥലത്ത് നിന്ന് അടുത്ത കാലത്തായി കുറച്ച് നല്ല സിനിമകളുണ്ടാക്കാനാണ് കുറച്ച് പേര്‍ വന്നത്. വിയോജിപ്പുള്ള ഒരുപാട് അസോസിയേഷനുകള്‍ എനിക്കുണ്ടായിട്ടുണ്ട്. ആ വിയോജിപ്പോടുകൂടെ തന്നെയാണ് ഇവരുമായും വര്‍ക്ക് ചെയ്തത്. എനിക്ക് എന്റേതായ ഒരു നിലപാടുണ്ട്. അത് അവര്‍ക്കും അറിയാം.
അത്തരം മൂവ്‌മെന്റുകള്‍ ഇപ്പോള്‍ കാസര്‍ഗോഡും നടക്കുന്നുണ്ട്. ഇപ്പോള്‍ പ്രാദേശികമായി തന്നെ സിനിമകള്‍ വരുന്നുണ്ട്. കേരളത്തിലങ്ങോളമിങ്ങോളമുള്ള, സിനിമ കാണുന്ന ചെറുപ്പക്കാര്‍ സംഘങ്ങളായി സിനിമകളുമായി മുന്നോട്ട് വരികയാണ്. അതിനി വലിയ വിപ്ലവത്തിലേക്കാണ് പോവുന്നത്,’ ആഷിഖ് അബു പറഞ്ഞു.
Content Highlight: Disagrees with the politics of Halal Love Story, says Ashiq Abu