ഡബ്ബിങ്ങിനിടയില്‍ ഒരു ഡയലോഗിന്റെ മോഡുലേഷന്‍ മാറ്റാന്‍ ഞാന്‍ മമ്മൂക്കയോട് പറഞ്ഞു; പുള്ളി തിരിച്ച് ചോദിച്ചത് കേട്ട് ഞാന്‍ ബബ്ബബ്ബ അടിച്ചുപോയി: സംവിധായകന്‍ ശ്രീകണ്ഠന്‍
Entertainment news
ഡബ്ബിങ്ങിനിടയില്‍ ഒരു ഡയലോഗിന്റെ മോഡുലേഷന്‍ മാറ്റാന്‍ ഞാന്‍ മമ്മൂക്കയോട് പറഞ്ഞു; പുള്ളി തിരിച്ച് ചോദിച്ചത് കേട്ട് ഞാന്‍ ബബ്ബബ്ബ അടിച്ചുപോയി: സംവിധായകന്‍ ശ്രീകണ്ഠന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st November 2022, 9:15 pm

തുളസീദാസിന്റെ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത സമയത്ത് മമ്മൂട്ടിയുമൊത്തുണ്ടായ ഒരു അനുഭവം പങ്കുവെച്ച് സംവിധായകന്‍ ശ്രീകണ്ഠന്‍ വെഞ്ഞാറമൂട്. 1996ല്‍ പുറത്തിറങ്ങിയ തുളസീദാസ്- മമ്മൂട്ടി ചിത്രം ‘ആയിരം നാവുള്ള അനന്തനി’ല്‍ വര്‍ക്ക് ചെയ്തപ്പോഴുള്ള ഒരു സംഭവമാണ് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീകണ്ഠന്‍ പറഞ്ഞത്.

ചിത്രത്തിന്റെ ഡബ്ബിങ്ങിനിടയില്‍ ഒരു ഡയലോഗിന്റെ മോഡുലേഷനില്‍ മാറ്റം വരുത്താന്‍ മമ്മൂക്കയോട് ആവശ്യപ്പെട്ടതും അതിനെ തുടര്‍ന്ന് മമ്മൂക്ക പറഞ്ഞ മറുപടിയുമാണ് ശ്രീകണ്ഠന്‍ ഓര്‍ത്തെടുത്തത്.

”ചിത്രത്തിന്റെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് മമ്മൂക്കയുടെ ഡബ്ബിങ് നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. ഞാനണത് മദ്രാസില്‍ അറ്റന്‍ഡ് ചെയ്തത്.

മമ്മൂക്ക വന്ന് ഡബ്ബിങ് തുടങ്ങി. ഡബ്ബിങ് നടക്കുമ്പോള്‍ ഒരു ഡയലോഗ് മമ്മൂക്ക പറഞ്ഞപ്പോള്‍, ‘അത് ഓക്കെയാണ്, പക്ഷെ മമ്മൂക്ക നമുക്കത് ഒന്നുകൂടി എടുക്കാം,’ എന്ന് ഞാന്‍ പറഞ്ഞു. എന്താ കുഴപ്പം എന്ന് മമ്മൂക്ക ചോദിച്ചു.

അതിന്റെ മോഡുലേഷന്‍ ഒന്ന് മാറ്റി പറഞ്ഞാല്‍ നന്നായിരുന്നു, എന്ന് ഞാന്‍ പറഞ്ഞു. അപ്പൊപ്പിന്നെ എങ്ങനെ പറയണം, എന്ന് മമ്മൂക്ക തിരിച്ച് ചോദിച്ചു. ഇത് കേട്ടതോടെ ഞാന്‍ ബബ്ബബ്ബ ആയിപ്പോയി.

മമ്മൂക്ക എന്നോട് ചൂടാകുന്ന പോലെയാണ് തോന്നിയതെങ്കിലും ചൂടായതായിരുന്നില്ല. അത് കഴിഞ്ഞ് മമ്മൂക്ക എന്നെ കൂളാക്കുന്ന പോലെ പെരുമാറി. ഇന്നാ എടുത്തോ എന്ന് പറഞ്ഞ് ആ ഡയലോഗ് ഒന്നല്ല രണ്ട് മോഡുലേഷനില്‍ പറഞ്ഞു.

നീയൊക്കെ ഇഷ്ടമുള്ളത് എടുത്തോ, എന്ന് പറഞ്ഞു.

ഡബ്ബിങ്ങില്‍ മമ്മൂക്കക്ക് ചെയ്ത് കൊടുക്കാനൊന്നും നമുക്ക് പറ്റില്ല. മമ്മൂക്കയുടെ വോയ്‌സ് വേറെ റേഞ്ച് വോയ്‌സാണ്. നമ്മുടെ വേയ്‌സും അദ്ദേഹത്തിന്റെ വോയ്‌സും താരതമ്യം ചെയ്യാന്‍ പറ്റില്ല.

നമ്മള്‍ പുള്ളിക്ക് ഡയലോഗ് പറഞ്ഞുകൊടുത്താല്‍ മോശമാകുകയേ ഉള്ളൂ. മമ്മൂക്കയുടെ ഡയലോഗ് ഡെലിവറിയും പറച്ചിലുമൊക്കെ വേറെ തലമാണ്. അത് നമുക്ക് പറ്റില്ല. പക്ഷെ ഒന്ന് മാറ്റിയാലോ എന്ന തോന്നല്‍ നമുക്കുണ്ടാകും. അത് കണ്‍സീവ് ചെയ്ത് പുള്ളി തന്നെ മാറ്റം വരുത്തും.

മമ്മൂക്കയില്‍ നിന്നും ഭയങ്കര എനര്‍ജിയാണ് നമുക്ക് കിട്ടുക. സെറ്റിലെ ചെറിയൊരു ആളായാല്‍ പോലും മമ്മൂക്ക നന്നായി ശ്രദ്ധിക്കും. ക്ലാപ് ബോയിയെ പോലും ശ്രദ്ധിക്കുന്ന മനോഭാവം അദ്ദേഹത്തിനുണ്ട്. അവര്‍ എന്ത് ചെയ്യുന്നു എന്നൊക്കെ നോക്കും.

നമ്മളെ മൈന്‍ഡ് ചെയ്യുന്നില്ല, എന്ന് ചിലപ്പോള്‍ തോന്നും. പക്ഷെ നമ്മളെയെല്ലാം താല്‍പര്യത്തോടെ ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം,” ശ്രീകണ്ഠന്‍ വെഞ്ഞാറമൂട് പറഞ്ഞു.

Content Highlight: Director Sreekantan Venjaramoodu shares an experience with Mammootty