ചാക്കോച്ചന്‍ ഓക്കെ പറഞ്ഞു, പക്ഷെ പുള്ളിയുടെ അച്ഛന് കഥ ഇഷ്ടപ്പെട്ടില്ല; ബാക്കി താരങ്ങളുടെ ഡേറ്റ് വരെ ഉറപ്പിച്ചിരുന്നു, ഞങ്ങളാകെ പ്രശ്‌നത്തിലായി: സംവിധായകന്‍ ശ്രീകണ്ഠന്‍
കുഞ്ചാക്കോ ബോബന്‍, മുകേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീകണ്ഠന്‍ വെഞ്ഞാറമൂട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ജൂനിയര്‍ സീനിയര്‍.
2005ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ കഥ കുഞ്ചാക്കോ ബോബന്റെ പിതാവും സിനിമാ നിര്‍മാതാവുമായിരുന്ന ബോബന്‍ കുഞ്ചാക്കോയോട് പറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജി. ശ്രീകണ്ഠന്‍. ആദ്യം പറഞ്ഞ കഥ ബോബന്‍ കുഞ്ചാക്കോയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതുകൊണ്ട് അത് മാറ്റേണ്ടി വന്നുവെന്നുമാണ് ശ്രീകണ്ഠന്‍ പറയുന്നത്.
”ഒന്നുരണ്ട് സിനിമകളിലൊക്കെ അസിറ്റന്റായി പോകുമ്പോള്‍ പിന്നെ സ്വന്തമായി ഡയറക്ട് ചെയ്യണമെന്ന് തോന്നുമല്ലോ. അങ്ങനെ പടം ചെയ്യണമെന്ന ആഗ്രഹവുമായി നടന്ന സമയത്താണ് റെജി എന്ന എന്റെ സുഹൃത്ത് ഒരു കഥ പറഞ്ഞത്.
രാജന്‍ കിരിയത്ത് എന്നയാളുടേതായിരുന്നു കഥ, തിരക്കഥ, സംഭാഷണം. പുള്ളി പറഞ്ഞ കഥ ഇഷ്ടപ്പെട്ടു. അങ്ങനെ റെജിയോട് സംസാരിച്ചപ്പോള്‍ റെജിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സജി, നജീം എന്നിവരും ചേര്‍ന്ന് ചിത്രം നിര്‍മിക്കാം എന്ന് പറഞ്ഞു, പ്രോജക്ട് ഓണായി.
അങ്ങനെ ചാക്കോച്ചനോട് പോയി ആദ്യം കഥ പറഞ്ഞു. ചാക്കോച്ചന് കഥ ഇഷ്ടപ്പെട്ടു. അദ്ദേഹവും മുകേഷുമായിരുന്നു ചെയ്യുന്നത്. മുകേഷേട്ടനും ഓക്കെ പറഞ്ഞു. അതുകഴിഞ്ഞ് സ്‌ക്രിപ്റ്റ് വര്‍ക്കിന് വേണ്ടി ഞങ്ങള്‍ ആലുവ ഗസ്റ്റ് ഹൗസിലായിരുന്നു.
ചാക്കോച്ചന്‍ വളരെ സെന്റിമെന്റലാണ്. ചാക്കോച്ചന്‍ കഥ ഓക്കെ പറഞ്ഞ ശേഷം ഫൈനലായി ഞങ്ങള്‍ അദ്ദേഹത്തിന്റെ അച്ചന്‍ ബോബന്‍ കുഞ്ചാക്കോയോട് കഥ പറയാന്‍ പോയി. അതൊരു ഫോര്‍മാലിറ്റിയായിരുന്നു. ഞാനും രാജന്‍ കിരിയത്തും റെജിയും കൂടി ബോബന്‍ കുഞ്ചാക്കോയുടെ അടുത്ത് പോയി.
അന്ന് അദ്ദേഹം സ്‌ട്രോക് വന്ന് ഇത്തിരി ഓഫ് മൈന്‍ഡായി, ഓര്‍മക്കൊക്കെ ഇത്തിരി പ്രശ്‌നമായി ഇരിക്കുകയായിരുന്നു. പക്ഷെ അച്ഛന്റെ അഭിപ്രായം കേട്ടിട്ടാണ് ചാക്കോച്ചന്‍ ഒരു പടം ചെയ്യുക.
ഞങ്ങളുടെ നല്ല സമയമോ മോശം സമയമോ എന്നറിയില്ല, ഞങ്ങള്‍ പറഞ്ഞ കഥ ചാക്കോച്ചന്റെ അച്ഛന് ഇഷ്ടപ്പെട്ടില്ല. മുകേഷേട്ടന്റെയും ജഗദീഷേട്ടന്റെയും സലിം കുമാറിന്റെയും ഹരിശ്രീ അശോകന്റെയുമൊക്കെ ഡേറ്റ് ഉറപ്പിച്ചിരുന്നു. ഞങ്ങളാകെ പ്രശ്‌നത്തിലായി.
ഉടനെ പുതിയൊരു കഥ ഉണ്ടാക്കണം, അല്ലെങ്കില്‍ ഈ പ്രോജക്ടും ഡയറക്ടര്‍ എന്ന രീതിയിലുള്ള എന്റെ സ്വപ്‌നവും ഇല്ലാതാവും. പിന്നെ പുതിയ കഥയ്ക്ക് വേണ്ടി ഞങ്ങള്‍ ഓട്ടമായിരുന്നു. കഥ മുഴുവന്‍ മാറ്റി.
അങ്ങനെ വേറൊരു സബ്ജക്ടില്‍, ഒരു ഹിന്ദി സിനിമയുമായി റിലേറ്റ് ചെയ്യുന്ന സിനിമ ഞങ്ങള്‍ക്ക് പെട്ടെന്ന് കണ്ടെത്തേണ്ടി വന്നു.
ചാക്കോച്ചന്റെ അച്ഛന്‍ പറഞ്ഞുംപോയി, ഇനിയത് മാറ്റാതിരിക്കാന്‍ പറ്റില്ല, എന്നായി. അത് ചാക്കോച്ചന്റെ സെന്റിമെന്‍സാണ്, ഗുരുത്വം എന്നൊക്കെ പറയാം.
ഈ കഥ കൊള്ളില്ല, അല്ലെങ്കില്‍ ഇത് വേണ്ട എന്ന് അച്ഛന്‍ പറഞ്ഞെങ്കിലും ചാക്കോച്ചന് വേണമെങ്കില്‍ അത് രഹസ്യമായി ചെയ്യാമായിരുന്നു. പുള്ളി അത് തിരിച്ചറിയില്ലായിരുന്നു.
പക്ഷെ പുള്ളിയുടെ ഗുരുത്വം അതിലാണ്. അച്ഛന്‍ പറഞ്ഞതുകൊണ്ട് ഇതിന്റെ സബ്ജക്ടൊന്ന് നമുക്ക് മാറ്റണം എന്ന് പുള്ളിയും പറഞ്ഞു. വളരെ കുറച്ച് സമയം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് ജൂനിയര്‍ സീനിയര്‍ ഉണ്ടായത്. അതിന്റെ ബേസിക് കഥ ഹിന്ദി സിനിമയില്‍ നിന്ന് എടുക്കുകയായിരുന്നു. വേറെ മാര്‍ഗമില്ലാതായി പോയി,” ശ്രീകണ്ഠന്‍ പറഞ്ഞു.
Content Highlight: Director Sreekantan Venjaramoodu says Kunchacko Boban’s father Boban Kunchacko didn’t like the story of Junior Senior movie