മലയാള സിനിമയിലെ പുതിയ സംവിധായകരെക്കുറിച്ചും അവരുടെ സിനിമകളെക്കുറിച്ചും പറയുകയാണ് സിദ്ദീഖ്. പുതിയ സംവിധായകരെക്കുറിച്ച് നല്ല മതിപ്പാണെന്നും ചില കാര്യങ്ങള്‍ ഒഴിച്ചാല്‍ അവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനമാണെന്നും സിദ്ദീഖ് പറഞ്ഞു.
” പുതു സംവിധായകരുടെ സിനിമകളെല്ലാം ഞാന്‍ കാണാറുണ്ട്. അവരോട് വലിയ മതിപ്പാണ് അതിലൂടെ ഉണ്ടാകുന്നത്. നല്ല രീതിയില്‍ കഥപറയാന്‍ അറിയാം, ഇമോഷന്‍സ് നല്ല രീതിയില്‍ കൊണ്ട് വരാന്‍ അറിയാം. പക്ഷേ തമാശ നല്ല രീതിയില്‍ കൊണ്ട് വരാന്‍ കഴിയുന്നില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ ഒരു ഏരിയയില്‍ മാത്രം കുറച്ച് വീക്കാണ്. ആക്ഷന്‍, സ്റ്റോറി തുടങ്ങിയവ നന്നായിട്ട് എടുക്കുന്ന ഒരുപാട് സംവിധായകരുണ്ട്.
പുതിയ സംവിധായകരില്‍ മിടുക്കരായ ഒരുപാട് പേരുണ്ട്. നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്ന ശക്തമായ കഥകള്‍ ചെയ്യുന്ന നിരവധി സംവിധായരുണ്ട്. പലരോടും ബഹുമാനം തോന്നും. മിടുക്കരുടെ കയ്യിലാണല്ലോ മലയാള സിനിമ എന്നോര്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്.
ആരുടെയും കൂടെ വര്‍ക്ക് ചെയ്യാത്ത പുതിയ കുട്ടികള്‍ വരെ സിനിമകള്‍ ചെയ്തത് കാണുമ്പോള്‍ എനിക്ക് അത്ഭുതമാണ്. പക്ഷേ അത് നിലനിര്‍ത്തി കൊണ്ട് പോവാന്‍ സാധിക്കണം. അത് വളരെ അത്യാവശ്യമാണ്. അതിന് അവര്‍ ആദ്യ സിനിമയ്ക്ക് എടുക്കുന്നതിന്റെ ഇരട്ടി അധ്വാനം എടുക്കണം. അങ്ങനെ ചെയ്താല്‍ അവര്‍ക്കും നല്ലത് മലയാള സിനിമയ്ക്കും നല്ലതാണ്. പ്രശസ്തിയുടെ പുറകെ അവര്‍ എന്ന് പോകാന്‍ തുടങ്ങുന്നുവോ അന്ന് അത് താഴേക്ക് പോകും,” സിദ്ദീഖ് പറഞ്ഞു.
കൂടാതെ മിന്നല്‍ മുരളി, നായാട്ട് തുടങ്ങിയ സിനിമകളേക്കുറിച്ചും സിദ്ദീഖ് പറഞ്ഞു.
” ഹോം സിനിമ ഇഷ്ടമായി. എനിക്ക് ഇഷ്ടമായ മറ്റൊരു സിനിമയാണ് നായാട്ട്. ആ സിനിമ എന്നെ വല്ലാതെ പിടിച്ചു നിര്‍ത്തിയ സിനിമയാണ്. സിനിമ കഴിഞ്ഞിട്ടും അതില്‍ നിന്ന് പുറത്ത് വരാന്‍ ബുദ്ധിമുട്ടായിരുന്നു.
ഇതില്‍ നിന്നെല്ലാം മാറി ഭയങ്കര രസമുള്ള സിനിമയാണ് മിന്നല്‍ മുരളി. നമ്മുടെ നാട്ടില്‍ ഒന്നും വരില്ലെന്ന് പറയുന്ന ഒരു സൂപ്പര്‍ ഹീറോയെ എന്ത് ഭംഗിയായാണ് അവര്‍ കാണിച്ചുവെച്ചിരിക്കുന്നത്.
സൂപ്പര്‍ ഹീറോ സിനിമകളുടെ ഒരു റിയലിസ്റ്റിക് വെര്‍ഷന്‍ എന്നൊക്കെ ആ സിനിമയെ വിശേഷിപ്പിക്കാം. മുണ്ടുടുത്ത സൂപ്പര്‍മാന്‍ അത് ഭയങ്കര തന്മയത്വത്തോടെ രസമായി അവതരിപ്പിച്ചിട്ടുണ്ട്. അതിലെ പെര്‍ഫോമന്‍സ് ആയാലും എല്ലാം കൊണ്ടും സിനിമ വലിയ ഹിറ്റായി,” അദ്ദേഹം പറഞ്ഞു.
Content Highlight: director Siddique says the weak point of young directors is humour and they do well in action and story