അന്യന്‍, മുതല്‍വന്‍, ഇന്ത്യന്‍ എന്നീ കഥാപാത്രങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന സിനിമയെപ്പറ്റി ഞാന്‍ ആലോചിച്ചിരുന്നു: ഷങ്കര്‍
Entertainment
അന്യന്‍, മുതല്‍വന്‍, ഇന്ത്യന്‍ എന്നീ കഥാപാത്രങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന സിനിമയെപ്പറ്റി ഞാന്‍ ആലോചിച്ചിരുന്നു: ഷങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th June 2024, 10:54 pm

ബ്രഹ്‌മാണ്ഡ സിനിമകളിലൂടെ പ്രേക്ഷകരെ എക്കാലത്തും അമ്പരപ്പിച്ച സംവിധായകനാണ് ഷങ്കര്‍. ആദ്യ ചിത്രമായ ജെന്റില്‍മാന്‍ മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ 2.0 വരെ എല്ലാ സിനിമയിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന കഥപറച്ചില്‍ കൊണ്ട് എന്നും മുന്നിട്ട് നിന്നിട്ടുള്ള സംവിധായകനാണ് ഷങ്കര്‍.

1998ല്‍ പുറത്തിറങ്ങിയ ജീന്‍സ് എന്ന ചിത്രത്തില്‍ ആറ് മിനിറ്റ് മാത്രമുള്ള ഒരു പാട്ടിന് വേണ്ടി ഏഴ് ലോകാത്ഭുതങ്ങളും കാണിച്ചത് ഇന്നത്തെ കാലത്ത് ഒരു സംവിധായകനും ചിന്തിക്കാന്‍ പറ്റാത്തതാണ്.

തന്റെ കരിയറിലെ എക്കാലത്തെയുംം മികച്ച കഥാപാത്രങ്ങളായ അന്ന്യന്‍, മുതല്‍വനിലെ പുകഴേന്തി, ഇന്ത്യനിലെ സേനാപതി എന്നീ കഥാപാത്രങ്ങളെ ഒരുമിച്ചൊരു സിനിമയില്‍ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ഷങ്കര്‍ പറഞ്ഞു. എന്നാല്‍ തന്റെ അസിസ്റ്റന്റുകള്‍ തന്നെ നിരുത്സാഹപ്പെടുത്തിയതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചുവെന്നും ഷങ്കര്‍ പറഞ്ഞു.

രജിനികാന്തിനെ നായകനാക്കി 2007ല്‍ പുറത്തിറക്കിയ ശിവാജി ദ ബോസിന്റെ സമയത്താണ് ഈ ചിന്ത തനിക്ക് വന്നതെന്നും ആ ശ്രമം ഉപേക്ഷിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ മാര്‍വല്‍ സ്റ്റുഡിയോസ് അവഞ്ചേഴ്‌സ് സിനിമ ഇറക്കിയെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ 2വിന്റെ പ്രൊമോഷനുമായി നടത്തിയ പ്രസ്മീറ്റിലാണ് ഷങ്കര്‍ ഇക്കാര്യം പറഞ്ഞത്.

‘രജിനി സാറും ഞാനും ആദ്യമായി ഒന്നിച്ച ശിവാജിയുടെ ഷൂട്ട് നടക്കുന്ന സമയം. അടുത്തത് എന്തെങ്കിലും വെറൈറ്റിയായി ചെയ്യണമെന്ന് ആഗ്രഹിച്ചു. അപ്പോഴാണ് മൂന്ന് ഐക്കോണിക് കഥാപാത്രങ്ങളെ ഒരു സിനിമയിലേക്ക് കൊണ്ടുവന്നാലോ എന്ന് ആലോചിച്ചത്.

അന്യനിലെ വിക്രമിന്റെ കഥാപാത്രം, മുതല്‍വനിലെ പുകഴേന്തി, ഇന്ത്യനിലെ സേനാപതി. ഇവര്‍ മൂന്ന് പേരും സിസ്റ്റത്തിനെതിരെ പോരാടുന്ന ഒരു കഥയെക്കുറിച്ച് ആലോചിച്ചു. എന്നാല്‍ എന്റെ കൂടെയുള്ളവര്‍ ഈ പ്രൊജക്ട് ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞ് എന്നെ ഡൗണാക്കി. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ എന്റെ ചിന്തയിലുണ്ടായിരുന്നത് മൂന്ന് സിനിമയിലെ ഹീറോസ് ഒരു സിനിമയില്‍ ഒന്നിച്ചുവന്നു. മാര്‍വലിന്റെ അവഞ്ചേഴ്‌സായിരുന്നു ആ സിനിമ,’ ഷങ്കര്‍ പറഞ്ഞു.

Content Highlight: Director Shankar shares that he planned to do a Cinematic universe with his iconic characters