Entertainment news
വലിയ താരങ്ങളെ വെച്ച് സാധാരണ സിനിമ ചെയ്യുന്നതില്‍ കാര്യമില്ല; അല്ലു അര്‍ജുനെയും പ്രഭാസിനെയും കുറിച്ച് സന്ദീപ് റെഡ്ഡി വംഗ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 30, 11:46 am
Thursday, 30th November 2023, 5:16 pm

രണ്‍ബീര്‍ കപൂറിന്റേതായി ഏറ്റവും പുതുതായി വരുന്ന സിനിമയാണ് അനിമല്‍. ഡിസംബര്‍ ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. രണ്‍ബീറിനൊപ്പം രശ്മിക മന്ദാന നായികയായെത്തുന്ന സിനിമ കൂടെയാണ് ഇത്.

സിനിമയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയും നിര്‍മാതാവ് ഭൂഷണ്‍ കുമാറും പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

അഭിമുഖത്തില്‍ അനിമല്‍ സിനിമയെ കുറിച്ചും പ്രഭാസ് നായകനായെത്തുന്ന സ്പിരിറ്റെന്ന പുതിയ സിനിമയെ കുറിച്ചും നടന്‍ അല്ലു അര്‍ജുനെ പറ്റിയും അവര്‍ സംസാരിച്ചു.

വലിയ താരങ്ങളെ വെച്ച് സാധാരണ സിനിമ ചെയ്യുന്നതില്‍ കാര്യമില്ലെന്നാണ് സന്ദീപ് റെഡ്ഡി പറഞ്ഞത്. സന്ദീപ് റെഡ്ഡി അനിമലിന് ശേഷം പ്രഭാസിനെ നായകനാക്കി സ്പിരിറ്റ് എന്ന സിനിമ ചെയ്യുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അല്ലു അര്‍ജുനെ നായകനാക്കിയും അദ്ദേഹം ഒരു സിനിമയെടുക്കുന്നുണ്ട്. എന്നാല്‍ ആ സിനിമയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുമില്ല.

‘അല്ലു അര്‍ജുനും പ്രഭാസിനും ഒരു പുതിയ ലോകവും പുതിയ ഇമോഷനുകളും പുതിയ സിനിമയുമുണ്ടാകും. ഒരു വലിയ താരത്തെ വെച്ച് ഒരു പതിവ് സിനിമ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല,’ സന്ദീപ് റെഡ്ഡി പറഞ്ഞു.

‘ഞാന്‍ ഏറെ എക്‌സൈറ്റ്‌മെന്റിലാണ് സ്പിരിറ്റ് സിനിമക്കായി കാത്തിരിക്കുന്നത്. അദ്ദേഹം (സന്ദീപ് റെഡ്ഡി) എന്നോട് ലീഡ് ക്യാരക്ടറിനെ കുറിച്ച് പറഞ്ഞു.

ഇത് പ്രഭാസിന് വളരെ ഇന്‍ട്രസ്റ്റിങ്ങായ ഒരു ഭാഗമാണ്. അതിന് ശേഷം വരുന്ന അല്ലു അര്‍ജുന്‍ ചിത്രം ഏറെ വ്യത്യസ്തമായിരിക്കും,’ ഭൂഷണ്‍ കുമാര്‍ പറയുന്നു.


Content Highlight: Director Sandeep Reddy Vanga Talks About Prabhas And Allu Arjun