'പോടാ നീ, എന്താ നീ പറഞ്ഞത്; മമ്മൂട്ടി മോഹന്‍ലാലിനോട് പറയുന്ന ഒറ്റ ഡയലോഗ് കൊണ്ട് ആ സിനിമ ഓടിയില്ലെന്ന് അവര്‍ പറഞ്ഞു'
Film News
'പോടാ നീ, എന്താ നീ പറഞ്ഞത്; മമ്മൂട്ടി മോഹന്‍ലാലിനോട് പറയുന്ന ഒറ്റ ഡയലോഗ് കൊണ്ട് ആ സിനിമ ഓടിയില്ലെന്ന് അവര്‍ പറഞ്ഞു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th November 2022, 10:18 am

മമ്മൂട്ടിയെ നായകനാക്കി 1998ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു മറവത്തൂര്‍ കനവ്. ഒരു കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങിയ ചിത്രം ലാല്‍ ജോസിന്റെ സ്വതന്ത്ര സംവിധായകനായുള്ള ആദ്യ ചുവടുവെപ്പ് കൂടിയായിരുന്നു. ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ശ്രീനിവാസന്‍ ഉള്‍പ്പെടെ നെടുമുടി വേണു, ദിവ്യ ഉണ്ണി, മോഹിനി, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെത്തിയത്.

ചിത്രത്തിന് പേരിടാനുണ്ടായ ബുദ്ധിമുട്ടുകളെ പറ്റി പറയുകയാണ് സംവിധായകന്‍ സാജന്‍. ഒരു സിനിമക്ക് പേരിടുന്നത് വളരെ ബുദ്ധിമുട്ടാണെന്നും അത് സിനിമയുടെ വിജയത്തെ പോലും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ വിജയപരാജയങ്ങള്‍ക്ക് തിയേറ്റര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്ന ചില കാരണങ്ങളും സാജന്‍ ചക്കരയുമ്മ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവെച്ചു.

‘സിനിമക്ക് നല്ല നല്ല പേരുകള്‍ വീണുകിട്ടുന്നതാണ്. മറവത്തൂര്‍ കനവ് എന്ന് ചിത്രത്തിന് ആദ്യം ടൈറ്റില്‍ കിട്ടാത്തതിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ലാല്‍ജോസും ശ്രീനിവാസനും നിരന്തരം പേരുകള്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ പേര് നിര്‍ദേശിക്കാം എന്ന് പറഞ്ഞ് മമ്മൂട്ടി വന്നു. കുറെ ടൈറ്റിലുകള്‍ പറഞ്ഞിട്ടും അതൊന്നും സ്വീകാര്യമായിട്ട് തോന്നിയില്ല. മമ്മൂട്ടി അവതരിപ്പിക്കുന്ന ചാണ്ടി എന്ന പ്രധാനകഥാപാത്രത്തിന്റെ പേര് വെച്ചോണ്ടായിരുന്നു ടൈറ്റിലുകള്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. ചാണ്ടിക്കുഞ്ഞിന്റെ രണ്ടാംവരവ്, കുറ്റിയില്‍ ചാണ്ടി, പ്രിയമുള്ള ചാണ്ടിക്കുഞ്ഞേ തുടങ്ങിയ പേരുകളാണ് മമ്മൂട്ടി പറഞ്ഞത്.

തിയേറ്ററുകളിലെ ഓപ്പറേറ്റര്‍മാരോട് പടം ഓടുന്നതിനെ പറ്റി ചോദിച്ചാല്‍ അവര്‍ പല കാരണങ്ങള്‍ പറയും. ചില സീനുകള്‍ കാരണമാണ് തിയേറ്ററില്‍ ജനം ഇളകിമറിഞ്ഞതെന്നും പടം ഓടിയതെന്നുമൊക്കെ അവര്‍ പറയും. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ഒരു സിനിമയില്‍ മമ്മൂട്ടി മോഹന്‍ലാലിനോട് പോടാ നീ എന്ന് പറഞ്ഞുവത്രേ. ആ ഒറ്റ കാരണം കൊണ്ട് പടം ഓടിയില്ലെന്ന് അവര്‍ പറഞ്ഞു. മമ്മൂട്ടി മോഹന്‍ലാലിനെ പോടാന്ന് വിളിക്കുന്നത് ഫാന്‍സിന് ഇഷ്ടപ്പെടില്ലല്ലോ.

ഇപ്പോള്‍ ഒരു പടം ഓടുന്നതിന് കാരണം അതിലെ സൂപ്പര്‍ ഹീറോയാണെന്ന് പറയാം. സൂപ്പര്‍ ഹീറോ അഭിനയിക്കുന്ന എല്ലാ പടങ്ങളും ഓടിക്കൊള്ളണമെന്നും ഇല്ല. പുതുമുഖങ്ങള്‍ അഭിനയിച്ച എത്രയോ പടങ്ങള്‍ ഓടിയിട്ടുണ്ട്. മുമ്പ് പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ചെമ്പരത്തിയില്‍ മുഴുവന്‍ പുതിയ ആളുകളായിരുന്നു. ആ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ഈയിടെ ഇറങ്ങിയ ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ ചാക്കോച്ചന്‍ മാത്രമേയുള്ളൂ എസ്റ്റാബ്ലിഷ്ടായ നടന്‍. ബാക്കി എല്ലാവരും പുതിയ ആളുകളാണ്. ആ പടം സൂപ്പറായിട്ട് ഓടിയില്ലേ,’ സാജന്‍ പറഞ്ഞു.

Content Highlight: director sajan talks about the challenges of naming a movie