ജയസൂര്യയെ നായകനാക്കി സംവിധായകന്‍ റോജിന്‍ തോമസ് അണിയിച്ചൊരുക്കുന്ന ചിത്രം ‘കത്തനാരി’ന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു.
ഈ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായത്. ചിത്രങ്ങള്‍ കണ്ടിട്ട് വേറെ ഏതോ ലോകത്തെ പോലെ തോന്നുന്നുണ്ടെന്നും ഹോളിവുഡ് സിനിമകളില്‍ കണ്ടിട്ടുള്ള ഇത്തരം ടെക്‌നോളജി മലയാളത്തില്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നുമുള്ള കമന്റുകളാണ് അധികവും.
ഇപ്പോള്‍ സിനിമയെക്കുറിച്ചും അതില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യകളെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ റോജിന്‍ തോമസ്. എന്റര്‍ടെയിന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന വി.എഫ്.എക്‌സ് സാങ്കേതികവിദ്യയെക്കുറിച്ചും റോജിന്‍ സംസാരിച്ചു.
”സാധാരണ ഇത്തരം സെപെഷ്യല്‍ എഫക്ടുകള്‍ ഇന്ത്യന്‍ സിനിമയില്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഇതിന് നേതൃത്വം നല്‍കാന്‍ ഹോളിവുഡില്‍ നിന്നും സാങ്കേതികവിദഗ്ധരെ കൊണ്ടു വരാറാണ് പതിവ്. പക്ഷേ നമ്മുടെ നാട്ടില്‍ തന്നെ ഇതിന് കഴിവുള്ളവരുള്ളപ്പോള്‍ അവരെ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ എന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്.
ഹോളിവുഡില്‍ ഉപയോഗിയ്ക്കുന്ന അതേ ടെക്‌നോളജിയും സാധനങ്ങളും ഞങ്ങള്‍ ഇവിടേയ്ക്ക് ഇറക്കുമതി ചെയ്തു,” റോജിന്‍ തോമസ് പറയുന്നു. സാങ്കേതികവിദ്യ ഉള്ളതുകൊണ്ടാണ് ഇത്തരമൊരു സിനിമ സാധ്യമായതെന്നും ഇതിലൂടെ ഒന്‍പതാം നൂറ്റാണ്ടിലെ കേരളത്തെ വരെ നമുക്ക് സ്ക്രീനിലെത്തിക്കാമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. സെന്തില്‍, വിഷ്ണു രാജ്, നാഥന്‍ എന്നിവരാണ് വിര്‍ച്വല്‍ പ്രൊഡക്ഷന് നേതൃത്വം നല്‍കിയത്.
വിഷ്വല്‍ എഫക്ട്‌സ് അല്ല ഈ സിനിമയുടെ ഹൈലൈറ്റെന്നും കഥയെ കൂടുതല്‍ എന്‍ഗേജിംഗ് ആക്കുവാനും സ്‌ക്രിപ്റ്റ് കൂടുതല്‍ എഫക്ടീവ് ആക്കുവാനുമാണ് സാങ്കേതികവിദ്യ ഉപയോഗിച്ചതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.
ഒരു പാന്‍ ഇന്ത്യന്‍, ആഗോളതലത്തിലുള്ള പ്രേക്ഷകരെയാണ് സിനിമ ലക്ഷ്യമിടുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു ഫാന്റസി ഡ്രാമയായാണ് കത്തനാര്‍ ഒരുങ്ങുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് പറയപ്പെടുന്ന പുരോഹിതന്‍ കടമറ്റത്ത് കത്തനാരെക്കുറിച്ചാണ് സിനിമ.