സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ മണി രത്‌നം സംവിധാനം ചെയ്ത മള്‍ട്ടി സ്റ്റാര്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ഈ വരുന്ന വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ്. തമിഴില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കല്‍ക്കിയുടെ നോവലിനെ ആസ്പദമാക്കിയാണ് ബ്രഹ്‌മാണ്ഡ ചിത്രം ഒരുങ്ങുന്നത്.
അതിനിടെ, താന്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് സിനിമ ദില്‍സെ സിനിമയിലെ ഗാനരംഗം ഷൂട്ട് ചെയ്തതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് അദ്ദേഹം.
ഷാരൂഖ് ഖാന്‍, മനീഷ കൊയ്‌രാള, പ്രീതി സിന്റ തുടങ്ങി വന്‍ താരനിര അണിനിരന്ന സിനിമ ബോളിവുഡിലെ എക്കാലത്തെയും ജനപ്രിയ സിനിമകളില്‍ ഒന്നാണ്. എ.ആര്‍. റഹ്‌മാന്‍ സംഗീത സംവിധാനം ചെയ്ത ദില്‍സെ സിനിമയിലെ എല്ലാ പാട്ടുകളും വലിയ തോതില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സിനിമയിലെ ഡാന്‍സ് നമ്പറായ ചയ്യ, ചയ്യ, ചയ്യാ… എന്ന പാട്ടിന് ഇപ്പോഴും ആരാധകരേറെയാണ്. മലൈക അറോറ, ഷാരൂഖ് എന്നിവരുടെ ഡാന്‍സ്, എ.ആര്‍. റഹ്‌മാന്റെ സംഗീതം, ഫറാ ഖാന്റെ കൊറിയോഗ്രഫി, സന്തോഷ് ശിവന്റെ സിനിമാറ്റോഗ്രഫി എന്നിവ ഈ ഗാനത്തെ അനശ്വരമാക്കിയിരുന്നു.
‘റഹ്‌മാന്റെ സംഗീതത്തിലൂടെയാണ് ആ മാജിക്ക് സാധ്യമായത്. പക്ഷെ സെറ്റില്‍ സാങ്കേതികമായ ഒരുപാട് തടസ്സങ്ങള്‍ ഉണ്ടായിരുന്നു. ഓടുന്ന ട്രെയ്‌നില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഇടയ്ക്ക് വെളിച്ചം നഷ്ടപ്പെടുക, ട്രെയിനിന് പുറത്ത് ക്യാമറയും മറ്റും വെക്കുക, ഡാന്‍സേര്‍സിന്റെയും മലൈകയുടെയും ഷാരൂഖിന്റെയും സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് നേരിട്ട വെല്ലുവിളികള്‍. അതിനാല്‍ തന്നെ ക്രിയേറ്റീവ് ആയി ഒരുപാട് ചെയ്യാന്‍ ഗാനരംഗത്തില്‍ പരിമിതികള്‍ ഉണ്ടായിരുന്നു.
ഓടുന്ന ട്രെയ്‌നിന് മുകളില്‍ വെച്ച് ഡാന്‍സ് ചെയ്യുമ്പോള്‍ ഷാരൂഖ് സുരക്ഷാ കവചങ്ങള്‍ ഉപയോഗിച്ചിരുന്നില്ല, സ്വതന്ത്രമായി ഗാനത്തിനനുസരിച്ച് ഡാന്‍സ് ചെയ്യാന്‍ വേണ്ടിയാണ് ഷാരൂഖ് സുരക്ഷാ കവചം ഒഴിവാക്കിയത്,’ മണി രത്‌നം പറഞ്ഞു.
‘ഗാനത്തില്‍ കോച്ചുകളിലേക്ക് ഷാരൂഖ് ചാടുന്നത് നിങ്ങള്‍ക്ക് കാണാം. പെര്‍ഫോം ചെയ്യുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഷാരൂഖ് ആസ്വദിക്കുകയായിരുന്നെന്ന് നിങ്ങള്‍ക്ക് കാണാം. സമയവും സുരക്ഷയും പരിഗണിച്ച് എത്രയും പെട്ടെന്ന് ആ ഗാനരംഗം പൂര്‍ത്തിയാക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും’ മണിരത്‌നം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സെപ്റ്റംബര്‍ 30ന് എത്തുന്ന പൊന്നിയന്‍ സെല്‍വന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറും ടീസറുകളും പോസ്റ്ററുകളും ഇതിനോടകം തരംഗമായി കഴിഞ്ഞു. ബോക്സ് ഓഫീസില്‍ വെന്നിക്കൊടി പാറിക്കാന്‍ പോകുന്ന മറ്റൊരു ചിത്രമാകും പൊന്നിയിന്‍ സെല്‍വന്‍ എന്നാണ് കണക്കുകൂട്ടലുകള്‍.