പിണറായിയുടെ ധാര്‍ഷ്ട്യം ഇനിയും സഹിക്കാന്‍ വയ്യ; ചെന്നിത്തല പിണറായിയേക്കാള്‍ മികച്ച നേതാവെന്ന് മേജര്‍ രവി
Kerala
പിണറായിയുടെ ധാര്‍ഷ്ട്യം ഇനിയും സഹിക്കാന്‍ വയ്യ; ചെന്നിത്തല പിണറായിയേക്കാള്‍ മികച്ച നേതാവെന്ന് മേജര്‍ രവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th February 2021, 1:04 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് സംവിധായകന്‍ മേജര്‍ രവി. കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്.

പിണറായിയുടെ ധാര്‍ഷ്ട്യം ഇനിയും കേരളത്തിലെ ജനങ്ങള്‍ക്ക് സഹിക്കാന്‍ പറ്റില്ലെന്നും പിണറായിയേക്കാള്‍ മികച്ച നേതാവ് രമേശ് ചെന്നത്തലയാണെന്നും പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ മേജര്‍ രവി മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി വിജയനേക്കാള്‍ നല്ല നേതാവാണോ ചെന്നിത്തല എന്ന ചോദ്യത്തിന് ഞാന്‍ ഇപ്പോള്‍ കാണുന്നത് അങ്ങനെ ആണെന്നായിരുന്നു മേജര്‍ രവിയുടെ മറുപടി. പിണറായിയുടെ ധാര്‍ഷ്ട്യം അഞ്ച് വര്‍ഷം ഞാന്‍ കണ്ടുകൊണ്ടിരുന്നതാണ്. ഈ ധാര്‍ഷ്ട്യമല്ല വേണ്ടത്. ഒരു കുട്ടി വന്ന് സെല്‍ഫിയെടുക്കാന്‍ വന്നാല്‍ കൈ തട്ടുക പത്രക്കാരോടുള്ള പ്രതികരണം ഇതെല്ലാം ജനാധിപത്യത്തില്‍ സംഭവിക്കുന്നതാണോ.

പിണറായി ഭരിച്ചിരുന്ന കാലത്തെ ധാര്‍ഷ്ട്യം ഇനി സഹിക്കാന്‍ വയ്യ. ജനാധിപത്യത്തില്‍ തെരഞ്ഞെടുത്ത് അയക്കുന്ന ജനങ്ങളോട് ധാര്‍ഷ്ട്യമല്ല കാണിക്കേണ്ടത്. അങ്ങനെയല്ലാത്ത പ്രതിനിധികളെയാണ് ഞാന്‍ പിന്തുണയ്ക്കുക. അത് ചിലപ്പോള്‍ ബി.ജെ.പിയില്‍ നിന്നായിരിക്കും. ചിലപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നായിരിക്കും, മേജര്‍ രവി പറഞ്ഞു.

ഐശ്വര്യകേരളം വേദിയില്‍ എത്താന്‍ എന്താണ് കാരണം എന്ന ചോദ്യത്തിന് അവര്‍ കുറേനാളായി തന്നെ വിളിക്കുന്നുവെന്നും രമേശ് ചെന്നിത്തലയുമായും കെ. സുധാകരനുമായും മുല്ലപ്പള്ളിയുമായും നല്ല ബന്ധമാണ് തനിക്ക് ഉള്ളതെന്നുമായിരുന്നു മേജര്‍ രവിയുടെ മറുപടി.

കെ. സുരേന്ദ്രനുമായോ, അദ്ദേഹവുമായി നല്ല ബന്ധമായിരിക്കില്ല അല്ലേ എന്ന ചോദ്യത്തിന് അതെന്തിനാണ് താന്‍ കമന്റ് ചെയ്യുന്നത് എന്നായിരുന്നു മേജര്‍ രവിയുടെ മറുപടി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും മേജര്‍ രവി പറഞ്ഞു. ഇത്തവണ ബി.ജെ.പിക്ക് അധികാരത്തില്‍ വരാന്‍ പറ്റില്ലെന്ന് എങ്ങനെ പറയുമെന്നും ഇന്ത്യയില്‍ ബി.ജെ.പി 300-320 സീറ്റ് നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് നിങ്ങള്‍ വിചാരിച്ചിട്ടുണ്ടോ എന്നും മേജര്‍ രവി ചോദിച്ചു.

രാഷ്ട്രീയത്തില്‍ ഒന്നും പ്രവചിക്കാന്‍ സാധിക്കില്ല. രാഷ്ട്രീയത്തില്‍ ഏത് സമയത്തും എന്തും മാറിമറയാം. ബംഗാള്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേ മമത ബാനര്‍ജിയുടെ സ്ഥിതി എന്താണെന്ന് അറിയാന്‍ കഴിയൂ. ജനങ്ങളുടെ മൈന്‍ഡ് സെറ്റ് എന്ന് പറയുന്നത് രാഷ്ട്രീയത്തെ വളരെയധികം ബാധിക്കും.

എന്റെ വീട്ടില്‍ പണിയ്ക്ക് വരുന്ന ആളുടെ ഭര്‍ത്താവ് ഇടതുപക്ഷക്കാരനാണ്. പക്ഷേ ശബരിമല വിഷയം ഉണ്ടായശേഷം അയാളുടെ ഭാര്യ വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് എനിക്കറിയാം. ഇതാണ് രാഷ്ട്രീയം. ആ രാഷ്ട്രീയത്തിലല്ല ഞാന്‍ വിശ്വസിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്യാന്‍ മുന്നിട്ടുവരികയാണെങ്കില്‍ നിസ്വര്‍ത്ഥമായിട്ട് വരികയാണെങ്കില്‍ അവരെ താന്‍ പിന്തുണയ്ക്കുമെന്നും മേജര്‍ രവി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Major Ravi about Pinarayi Vijayan