കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് എങ്ങനെ പറയും: കോണ്‍ഗ്രസ് വേദിയില്‍ നിന്നിറങ്ങി മാധ്യമപ്രവര്‍ത്തകരോട് മേജര്‍ രവി
Kerala
കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് എങ്ങനെ പറയും: കോണ്‍ഗ്രസ് വേദിയില്‍ നിന്നിറങ്ങി മാധ്യമപ്രവര്‍ത്തകരോട് മേജര്‍ രവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th February 2021, 4:06 pm

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് സംവിധായകന്‍ മേജര്‍ രവി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന ഐശ്വര്യ കേരളയാത്രയുടെ വേദിയില്‍ നിന്നിറങ്ങി പുറത്തെത്തിയപ്പോഴായിരുന്നു മാധ്യങ്ങളോടുള്ള മേജര്‍ രവിയുടെ പ്രതികരണം.

കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തില്ലെന്ന് എങ്ങനെ പറയുമെന്നും ഇന്ത്യയില്‍ ബി.ജെ.പി 300-320 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് നിങ്ങള്‍ വിചാരിച്ചിട്ടുണ്ടോ എന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള മേജര്‍ രവിയുടെ ചോദ്യം.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും മേജര്‍ രവി പറഞ്ഞു. രാഷ്ട്രീയത്തില്‍ ഒന്നും പ്രവചിക്കാന്‍ സാധിക്കില്ല. രാഷ്ട്രീയത്തില്‍ ഏത് സമയത്തും എന്തും മാറിമറയാം. ബംഗാള്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേ മമത ബാനര്‍ജിയുടെ സ്ഥിതി എന്താണെന്ന് അറിയാന്‍ കഴിയൂ. ജനങ്ങളുടെ മൈന്‍ഡ് സെറ്റ് എന്ന് പറയുന്നത് രാഷ്ട്രീയത്തെ വളരെയധികം ബാധിക്കും.

എന്റെ വീട്ടില്‍ പണിയ്ക്ക് വരുന്ന ആളുടെ ഭര്‍ത്താവ് ഇടതുപക്ഷക്കാരനാണ്. പക്ഷേ ശബരിമല വിഷയം ഉണ്ടായശേഷം അയാളുടെ ഭാര്യ വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് എനിക്കറിയാം. ഇതാണ് രാഷ്ട്രീയം.

ജനങ്ങള്‍ക്ക് വേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്യാന്‍ മുന്നിട്ടുവരികയാണെങ്കില്‍ നിസ്വര്‍ത്ഥമായിട്ട് വരികയാണെങ്കില്‍ അവരെ താന്‍ പിന്തുണയ്ക്കുമെന്നും മേജര്‍ രവി പറഞ്ഞു.

ഐശ്വര്യകേരള യാത്രയില്‍ വെച്ചുള്ള പ്രസംഗത്തിലെ മേജര്‍ രവിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ‘ഞാന്‍ ഇവിടെ വന്നിരിക്കുന്നതില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ട്. പലരും ചോദിച്ചിരുന്നു, നിങ്ങള്‍ ബി.ജെ.പിക്കാരനല്ലേ, ആര്‍.എസ്.എസുകാരനല്ലേയെന്ന്. എനിക്കൊരു രാഷ്ട്രീയപാര്‍ട്ടിയുടെയും അംഗത്വമില്ല. ഞാന്‍ രാഷ്ട്രീയക്കാരനല്ല. പക്ഷെ ഞാനൊരു രാഷ്ട്രമാണ്. ഇന്ത്യയെന്ന് മനസില്‍ കൊണ്ടുനടക്കുന്ന പട്ടാളക്കാരനാണ് ഞാന്‍.

ഞാനൊരു ഹിന്ദുവാണെന്ന് ഞാന്‍ ചങ്കൂറ്റത്തോടെ പറയും. എന്നുവച്ച് ഞാനൊരിക്കലും കൂടെയുള്ള മുസ്‌ലിം സഹോദരങ്ങളെയോ സഹോദരിമാരെയും നിരാകരിച്ചിട്ടില്ല. 2018ലെ പ്രളയത്തില്‍ 200 കുടുംബങ്ങളെ രക്ഷിക്കാന്‍ സാധിച്ചു എനിക്ക്. അത് എല്ലൂര്‍ക്കര പള്ളിയില്‍ നിന്നുകൊണ്ടായിരുന്നു. വിശ്വാസം ഓരോരുത്തര്‍ക്കും ആവാം. അത് ഹിന്ദുവിനാകാം, മുസ്‌ലിമിനാകാം. ക്രിസ്ത്യനാകാം. വിശ്വാസത്തില്‍ ഒരിക്കലും ഭരണാധികാരികള്‍ കൈകടത്തി വേദനിപ്പിക്കരുത്. അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്.

ഇവിടെ വച്ച് നിങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി പ്രതിപക്ഷ നേതാവിനോട് ഞാനൊരു കാര്യം ചോദിക്കുകയാണ്. ശബരിമല വിഷയത്തില്‍ പൊലീസ് നിരവധി പേരെ തല്ലിച്ചതച്ചത് ഞാന്‍ കണ്ടിരുന്നു. പിന്നീട് അവരെ അറസ്റ്റ് ചെയ്തു. എന്തിന്, സ്വാമിയേ ശരണം അയ്യപ്പാ എന്ന് വിളിച്ചതിന്. ആ കേസുകളെല്ലാം നിങ്ങള്‍ അധികാരത്തിലേറിയാല്‍ പിന്‍വലിക്കുമെന്ന വാക്ക് ഈ ജനങ്ങള്‍ക്ക് നല്‍കണം രമേശേട്ടാ. അത് ഇന്ന് ഹിന്ദുവിന്റെ അടുത്താണേല്‍ നാളെ ക്രിസ്ത്യാനിയുടെ അടുത്തും മുസ്‌ലിമിന്റെ അടുത്തും നടക്കും. അതുകൊണ്ട് വിശ്വാസത്തില്‍ കയറി ആരും കൈകടത്തരുത്. ജനങ്ങളോട് ധാര്‍ഷ്ട്യം കാണിക്കുന്ന സര്‍ക്കാരിനെ നിലത്തിട്ട് ഉടച്ചിട്ട്, കയറ്റിനിര്‍ത്തണം,’ മേജര്‍ രവി പറഞ്ഞു.
കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്.

പിണറായിയുടെ ധാര്‍ഷ്ട്യം ഇനിയും കേരളത്തിലെ ജനങ്ങള്‍ക്ക് സഹിക്കാന്‍ പറ്റില്ലെന്നും പിണറായിയേക്കാള്‍ മികച്ച നേതാവ് രമേശ് ചെന്നത്തലയാണെന്നും പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ മേജര്‍ രവി മാധ്യമങ്ങളോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Major Ravi About BJP Victory In Kerala