തമിഴ് നടന്മാര്‍ മമ്മൂട്ടിയുടെ ഡബ്ബിംഗ് കണ്ടുപഠിക്കണമെന്ന് വാരികകള്‍ എഴുതി; ഷൂട്ടിംഗിലും ഡബ്ബിംഗിലും ശരിയാകാതിരുന്ന ആ ഡയലോഗിനെ കുറിച്ച് സംവിധായകന്‍ ലിംഗുസാമി
ആനന്ദം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് ചുവടുവെച്ച ലിംഗുസാമി മമ്മൂട്ടിയുമായുള്ള തന്റെ അനുഭവം പങ്കുവെക്കുകയാണ്. കരിയറില്‍ 20 വര്‍ഷം പിന്നിട്ട 2019ല്‍ ടൂറിംഗ് ടാക്കീസ് എന്ന തമിഴ് യൂട്യൂബ് ചാനലിലാണ് ആദ്യ ചിത്രത്തെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നത്. ഈ അഭിമുഖം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
ചിത്രത്തില്‍ ‘താങ്കമാട്ടിങ്കടാ’ എന്നു തുടങ്ങുന്ന ഒരു നീണ്ട ഡയലോഗ് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നുണ്ട്. ഈ ഡയലോഗുമായി ബന്ധപ്പെട്ട് ഷൂട്ടിംഗ് സമയത്തും ഡബ്ബിംഗിലും നിരവധി പ്രശ്‌നങ്ങളുണ്ടായെന്ന് ലിംഗുസാമി പറയുന്നു.
ഡയലോഗ് മമ്മൂട്ടി പല തവണ പറഞ്ഞിട്ടും ശരിയായില്ല. എട്ടിലേറെ തവണ ടേക്ക് പോയ ശേഷവും താന്‍ ഉദ്ദേശിച്ച ഭാവം വരുന്നില്ല. ഒടുവില്‍ മമ്മൂട്ടി ‘എന്ന വേണം തമ്പി ഉനക്ക്’ എന്ന് ചോദിച്ചു. ഫീല്‍ വരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞെന്നും ലിംഗുസാമി പറയുന്നു.
സംവിധായകന്‍ അഭിനയിച്ചു കാണിച്ചു കൊടുത്തപ്പോള്‍ മമ്മൂട്ടി അതുപോലെ തന്നെ അഭിനയിച്ചുവെന്നും അങ്ങനെയാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതെന്നും ലിംഗുസാമി പറഞ്ഞു.
ഡബ്ബിംഗ് സമയത്തും ഇതേ ഡയലോഗ് പ്രശ്‌നമായെന്നും എത്ര ഡബ്ബ് ചെയ്തിട്ടും തനിക്ക് ശരിയായി ഫീല്‍ ചെയ്തില്ലെന്നും ലിംഗുസാമി പറയുന്നു. പിന്നീട് ഒരൊറ്റ ഡയലോഗിന് വേണ്ടി ഏറെ മടിച്ചാണെങ്കിലും മമ്മൂട്ടിയെ വീണ്ടും വിളിച്ചെന്നും ആവശ്യം മനസ്സിലാക്കിയ അദ്ദേഹം സ്റ്റുഡിയോയിലേക്ക് എത്തിയെന്നും ലിംഗുസാമി പറഞ്ഞു.
തന്നോട് പുറത്തിരിക്കാന്‍ പറഞ്ഞ മമ്മൂട്ടി പല മോഡുലേഷനില്‍ ഡബ് ചെയ്ത് റെക്കോര്‍ഡ് ചെയ്തു നല്‍കി. ആദ്യം ചെയ്തതില്‍ നിന്നും രണ്ടാമത് ചെയ്തതില്‍ നിന്നും ഓരോ ഭാഗങ്ങള്‍ ചേര്‍ത്താണ് ആ ഭാഗത്തെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതെന്നാണ് ലിംഗുസാമി പറയുന്നത്.
എന്നാല്‍ ഈ സിനിമ ഇറങ്ങി കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ തമിഴ് ഡയലോഗ് ഡെലിവറി വലിയ അഭിനന്ദനം നേടിയെന്നാണ് ലിംഗുസാമി പറയുന്നത്. തമിഴ് നടീനടന്മാര്‍ ഡബ്ബിംഗ് മമ്മൂട്ടിയെ കണ്ടുപഠിക്കണമെന്ന് ഈ ഡയലോഗിനെ ഉദാഹരണമാക്കിക്കൊണ്ട് വാരികകള്‍ എഴുതിയെന്നും ലിംഗുസാമി ഓര്‍ത്തെടുക്കുന്നു.