Entertainment news
ആ സിനിമ ചെയ്യാന്‍ ലാലേട്ടന് അന്ന് പേടിയായിരുന്നു; അങ്ങനെ നിര്‍ഭാഗ്യം കൊണ്ട് പ്ലാന്‍ ചെയ്ത കാര്യങ്ങളൊന്നും നടന്നില്ല: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 13, 08:09 am
Thursday, 13th April 2023, 1:39 pm

മോഹന്‍ലാലുമായി പല തവണ സിനിമ പ്ലാന്‍ ചെയ്തെങ്കിലും അതൊന്നും നടന്നില്ലായെന്നും, പത്തൊമ്പത് വര്‍ഷം കാത്തിരിക്കേണ്ടി വന്നു ഒന്നിച്ച് ഒരു സിനിമ ചെയ്യാനെന്നെും സംവിധായകന്‍ ലാല്‍ ജോസ്. 1000 ആരോസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എനിക്കും ലാലേട്ടനുമിടയില്‍ എന്തോ ഒരു നിര്‍ഭാഗ്യമുണ്ട്. ആ നിര്‍ഭാഗ്യം ഇപ്പോഴും വിടാതെ പിന്തുടരുകയാണ് എന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ എന്നോട് ഏറ്റവും ഫ്രണ്ട്ലിയായി പെരുമാറിയിരുന്ന ഒരാളായിരുന്നു ലാലേട്ടന്‍. വിഷ്ണു ലോകം, ഉള്ളടക്കം, മാന്ത്രികം പോലെ ഒരുപാട് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും ഹാപ്പിയായിരുന്ന സെറ്റായിരുന്നു അത്. അന്നൊക്കെ ലാലേട്ടന്‍ അസിസ്റ്റന്റ് ഡയറകടര്‍മാരുടെ അടുത്ത് വന്നിരുന്ന് തമാശയൊക്കെ പറയുമായിരുന്നു. നമ്മളോട് വഴക്കിടുകയും, ചിലപ്പോള്‍ കളിക്കാന്‍ വരുകയുമൊക്കെ ചെയ്യുമായിരുന്നു.

പക്ഷെ ഞങ്ങള്‍ ഒരുമിച്ചുള്ള സിനിമ സംഭവിക്കാന്‍ പത്തൊമ്പത് കൊല്ലം വേണ്ടി വന്നു. ഇതിന്റെ ഇടയില്‍ ഞങ്ങള്‍ പല സിനിമകളും പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതൊന്നും നടന്നില്ല. കസിന്‍സ് എന്നുപറയുന്ന ഒരു സിനിമയാണ് ആദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് നടന്നില്ല.

അതുപോലെ തന്നെ ശിക്കാര്‍ ആദ്യം ചെയ്യാന്‍ തീരുമാനിച്ചത് ഞാനായിരുന്നു. അപ്പോള്‍ അത് വേറെ തന്നെയൊരു സിനിമയായിരുന്നു. അന്ന് അതിന്റെ പേര് ബലരാമന്‍ എന്നായിരുന്നു. അതൊക്കെ ലാസ്റ്റ് മിനിട്ടില്‍ എന്തോ കാര്യങ്ങള്‍ കൊണ്ട് നടന്നില്ല. അങ്ങനെ ഞങ്ങടെ സിനിമ നീണ്ട് നീണ്ട് പോയി.

അപ്രതീക്ഷിതമായി വന്ന് ചേര്‍ന്ന സിനിമയാണ് വെളിപാടിന്റെ പുസ്തകം. ശരിക്കും ഞാന്‍ ചെയ്യാന്‍ തീരുമാനിച്ചത് വേറെയൊരു സബ്ജക്ടായിരുന്നു. ആ സബ്ജക്ട് ഞാന്‍ ചെന്ന് പറഞ്ഞപ്പോള്‍ പുള്ളിക്ക് കഥയൊക്കെ ഇഷ്ടമായി. പക്ഷെ അത് വര്‍ക്കൗട്ട് ആകുമോ എന്ന പേടിയായിരുന്നു പുള്ളിക്ക്. ആ കഥയില്‍ ലാലേട്ടന് മുതിര്‍ന്ന ഒരു മകനൊക്കെ ഉണ്ടായിരുന്നു. അത് ചിലപ്പോള്‍ ഫാന്‍സിന് ഇഷ്ടപ്പെടുമോ എന്നായിരുന്നു അവര്‍ക്ക് പേടി.

എന്നാല്‍ അതിനുശേഷം പൃഥ്വിരാജ് അദ്ദേഹത്തിന്റെ മകനായിട്ട് അഭിനയിച്ചു. അങ്ങനെ നിര്‍ഭാഗ്യം കൊണ്ട് പ്ലാന്‍ ചെയ്ത കാര്യങ്ങളൊന്നും നടന്നില്ല. പിന്നെ ബെന്നിയുടെ കയ്യില്‍ ഒരു കഥാപാത്രമുണ്ടായിരുന്നു. ഇതുവരെ പുരോഹിതന്റെ കഥാപാത്രങ്ങളൊന്നും ചെയ്യാത്തത് കൊണ്ട് അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു. അപ്പോള്‍ അത് ചെയ്യണമെന്ന് പുള്ളിക്ക് ഭയങ്കര ആഗ്രഹം തോന്നി. അങ്ങനെയാണ് ആ കഥാപാത്രം വെച്ച് നമ്മള്‍ ആ സബ്ജക്ട് വര്‍ക്ക് ചെയ്തത്,’ ലാല്‍ ജോസ് പറഞ്ഞു.

 

content highlight: director lal jose talks about mohanlal and velipadinte pusthakam movie