Entertainment news
ക്ലാസ്‌മേറ്റ്‌സ് കഴിഞ്ഞപ്പോള്‍ ചാക്കോച്ചനുമായി പിണക്കമുണ്ടായിരുന്നു; തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ച സമയത്താണ് ആ കഥ കേള്‍ക്കുന്നത്: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 26, 05:36 pm
Friday, 26th August 2022, 11:06 pm

2010ല്‍ പുറത്തിറങ്ങിയ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന സിനിമയിലൂടെയായിരുന്നു ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് കുഞ്ചാക്കോ ബോബന്‍ ആഘോഷമാക്കിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ സിനിമ ആന്‍ അഗസ്റ്റിന്‍ എന്ന നടിയെയും മലയാള സിനിമക്ക് സമ്മാനിച്ചു.

എല്‍സമ്മയിലേക്ക് കുഞ്ചാക്കോ ബോബനെ തെരഞ്ഞെടുത്തതിന് പിന്നിലെ കഥ പറയുകയാണ് ഇപ്പോള്‍ ലാല്‍ ജോസ്. സെന്‍സേഷന്‍സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ക്ലാസ്‌മേറ്റ്‌സ് കഴിഞ്ഞപ്പോള്‍ എനിക്ക് ചാക്കോച്ചനുമായി ഒരു ചെറിയ പിണക്കമുണ്ടായിരുന്നു. കാരണം, ലാസ്റ്റ് മിനിട്ടില്‍ പുള്ളി ആ സിനിമയില്‍ നിന്ന് പിന്മാറി.

ബെന്നി പി. നായരമ്പലവും പ്രൊഡ്യൂസര്‍ സാബു ചെറിയാനും ആന്റോ ജോസഫും ഫാമിലിയും എല്ലാം കൂടി ഒരു വേളാങ്കണി യാത്ര പ്ലാന്‍ ചെയ്തു. അതില്‍ ചാക്കോച്ചനും പ്രിയയുമുണ്ട്. അവരെല്ലാം ഫ്രണ്ട്‌സാണ്. ആന്റോ ജോസഫിനും ഫാമിലിക്കും എന്തോ കാരണം കൊണ്ട് ആ യാത്രയില്‍ ചേരാന്‍ പറ്റിയില്ല.

അങ്ങനെ രണ്ട് സീറ്റ് ഒഴിവ് വന്നപ്പോള്‍, നീ വരുന്നോ എന്ന് ചോദിച്ച് ബെന്നി പി നായരമ്പലം എന്നെ വിളിച്ചു. ശരി എന്ന് പറഞ്ഞ് ഞാനും വൈഫും മക്കളും പോയി. ആ ട്രിപ്പിലാണ് ചാക്കോച്ചനെയും പ്രിയയെയും കൂടുതല്‍ പരിചയപ്പെടുന്നതും അടുത്തറിയുന്നതും അടുപ്പമുണ്ടാകുന്നതുമൊക്കെ.

ആ സമയത്ത് ഞാന്‍ എറണാകുളത്തായിരുന്നു കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. യാത്ര കഴിഞ്ഞ് വന്ന് പിന്നീട് വൈകുന്നേരങ്ങളില്‍ ചാക്കോച്ചനും പ്രിയയും സ്ഥിരം വീട്ടില്‍ വരും.

ചാക്കോച്ചന്‍ ആ സമയത്ത് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു, തിരിച്ചുവരവിനെ കുറിച്ച് പറയാറുണ്ടായിരുന്നു.

‘ഒരു ആക്ടറിന്റെ ഒരു പ്രത്യേക ഫീച്ചര്‍ ആളുകള്‍ക്ക് ഭയങ്കര ഇഷ്ടമാണെങ്കില്‍ അയാള്‍ പെട്ടുപോകും. നിന്റെ മീശയും ചോക്ലേറ്റ് രൂപവും വേഷവും എല്ലാവര്‍ക്കും ഭയങ്കര ഇഷ്ടമാണ്. നടനെന്ന രീതിയില്‍ നിനക്കുള്ള ട്രാപ്പും അതാണ്. അതുകൊണ്ട് ആദ്യം ആ മീശ വടിച്ച് കള. എന്നിട്ട് കുറച്ച് ക്യാരക്ടേഴ്‌സ് പരീക്ഷിക്ക്,’ എന്ന് ഞാന്‍ പറയാറുണ്ടായിരുന്നു.

ഇതിനിടയില്‍ ഒന്നുരണ്ട് സിനിമകള്‍ ചാക്കോച്ചന്‍ ചെയ്‌തെങ്കിലും വലിയ ക്ലിക്കായില്ല. അങ്ങനെയിരിക്കെയാണ് സിന്ധുരാജ് എല്‍സമ്മയുടെ കഥ പറയുന്നത്.

‘ഇത് ഫീമെയില്‍ സെന്‍ട്രിക് സിനിമയാണ്, പാലുകാരനായ ഒരു ക്യാരക്ടറുണ്ട്. ഉണ്ണി എന്നാണ് പേര്, എല്ലാവരും വിളിക്കുന്നത്. പശുവിനെ കറക്കലുമൊക്കെയായി നീ ഇതുവരെ ചെയ്യാത്ത ഒരു ലൈനാണ്.

പാലുണ്ണി എന്ന പേര് കേട്ടപ്പോള്‍ തന്നെ ചാക്കോച്ചന്‍ അത് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് ആ സിനിമയിലേക്കെത്തിയത്,” ലാല്‍ ജോസ് പറഞ്ഞു.

ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ സോളമന്റെ തേനീച്ചകളാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് ആണ് കുഞ്ചാക്കോ ബോബന്റെ അവസാനത്തെ തിയേറ്റര്‍ റിലീസ്.

Content Highlight: Director Lal Jose talks about how he chose Kunchacko Boban for the movie Elsamma Enna Aankutty