മലയാളത്തിൽ ഇറങ്ങിയ ഒരു കുടുംബ ചിത്രമായിരുന്നു ‘മീനത്തിൽ താലികെട്ട് ‘. ആദ്യം സിനിമയിൽ തീരുമാനിച്ചിരുന്ന ക്ലൈമാക്സ് അല്ല പ്രേക്ഷകർ ഇപ്പോൾ കാണുന്നതെന്നാണ് സംവിധായകൻ ലാൽ ജോസ് പറയുന്നത്. ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു ലാൽ ജോസ്.
ക്ലൈമാക്സിൽ ആശയക്കുഴപ്പമുണ്ടായപ്പോൾ സംവിധായകൻ ലോഹിത് ദാസ് തന്നെ സഹായിച്ച കഥയും ലാൽ ജോസ് കൂട്ടിച്ചേർത്തു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പരിപാടിയിൽ സംസാരിക്കുകയാണ് ലാൽജോസ്.
‘മീനത്തിൽ താലികെട്ട് ‘ എന്ന സിനിമ പിറവിയെടുക്കുന്നത് ഒരു ചെറിയ ആശയത്തിൽ നിന്നാണ്. സ്കൂളിൽ പഠിക്കുന്ന ഒരു പയ്യൻ കല്യാണം കഴിക്കേണ്ടി വരുന്നു എന്നതായിരുന്നു ആ ആശയം. അത് പിന്നീടൊരു സിനിമാ കഥയായി വികസിപ്പിച്ചത് ഞാനായിരുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എ.കെ.സാജൻ, എ.കെ.സന്തോഷ് സഹോദരങ്ങളായിരുന്നു. ഷൂട്ടിന്റെ തലേ ദിവസങ്ങളിലാണ് അവർ സ്ക്രിപ്റ്റ് എഴുതി കൈയിൽ തന്നിരുന്നത്. ഞാൻ ആ ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ കൂടെയായിരുന്നു.
സിനിമ അതിന്റെ ഒരു ഫൈനൽ സ്റ്റേജിൽ എത്തിയപ്പോഴാണ് സാജന്, കെ.മധു സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിന്റെ തിരക്കുകൾ വരുന്നത്. ശേഷം ചിത്രത്തിന്റെ ക്ലൈമാക്സ് ഭാഗങ്ങൾ സന്തോഷ് ഒറ്റയ്ക്കായിരുന്നു എഴുതിയത്. എന്നാൽ ആ ക്ലൈമാക്സിൽ ആർക്കും അത്ര ആത്മവിശ്വാസം ഇല്ലായിരുന്നു.
സ്വാഭാവികമായി സിനിമയുടെ കഥ ഉണ്ടാക്കിയെടുത്ത എന്നിലേക്ക് ഉത്തരവാദിത്തം കടന്നു വന്നു. ഒരു സിനിമയുടെ ക്ലൈമാക്സ് ആയതുകൊണ്ട് തന്നെ എനിക്കത്ര ധൈര്യം ഇല്ലായിരുന്നു.
ഒരു വഴിയെന്താണെന്ന് കണ്ടു പിടിക്കേണ്ട സമയമായിരുന്നു അത്. സംവിധായകൻ ലോഹിയേട്ടൻ അന്ന് ഒരു സിനിമ സംബന്ധമായി ആലുവ ദേശത്തുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. ഒടുവിൽ ഒരു പ്രശ്ന പരിഹാരത്തിനായി ഞാൻ അദ്ദേഹത്തെ ചെന്ന് കാണാൻ തീരുമാനിച്ചു.
ലോഹിയേട്ടനോട് ഞാൻ സഹായമഭ്യർത്ഥിച്ചു. സിനിമയുടെ കഥ വിശദമായി പറഞ്ഞു കൊടുത്തു. കഥ കേട്ടപ്പോൾ ലോഹിയേട്ടൻ കഥയ്ക്കുള്ള പല സാധ്യതകൾ പറഞ്ഞു തന്നു. ക്ലൈമാക്സ് ഭാഗങ്ങൾ ഞങ്ങൾ ഒരു ആശുപത്രിയിൽ ആയിരുന്നു ഷൂട്ട് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. ലോഹിയേട്ടന്റെ നിർദ്ദേശ പ്രകാരം പ്രത്യേകതകൾ നിറഞ്ഞ പുതിയൊരു ഡോക്ടർ കഥാപാത്രത്തെ ചിത്രത്തിൽ ഉൾപ്പെടുത്തി. ചിത്രത്തിൽ ആ വേഷം ചെയ്തിട്ടുള്ളത് ഒടുവിൽ ഉണ്ണികൃഷ്ണനാണ്.
സംസാര ശേഷം ക്ലൈമാക്സിൽ ഒരു തീരുമാനം ആയപ്പോൾ ലോഹിയേട്ടൻ പറയുന്നത് കേട്ട് ഞാൻ ഒരു കടലാസിലേക്ക് അത് എഴുതിയെടുക്കണമെന്ന് കരുതിയിരുന്നു. എന്നാൽ അദ്ദേഹം പറഞ്ഞത്
ഞാൻ അല്ല ഇതിന്റെ തിരക്കഥാകൃത്ത് എന്നായിരുന്നു. സിനിമയുടെ എഴുത്തുകാരുമായി തീരുമാനിച്ച ശേഷം ഈ ആശയം മുന്നോട്ട് വെച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.
ക്ലൈമാക്സ് അന്ന് വൈകുന്നേരം ഷൂട്ട് ചെയ്യാമെന്നായിരുന്നു തീരുമാനം. വൈകുന്നേരം ഷൂട്ടിനായി എല്ലാവരും വരും. പക്ഷെ സന്തോഷ് എഴുതിയ ക്ലൈമാക്സ് ഷൂട്ട് ചെയുന്നത് അത്ര എളുപ്പമല്ലായിരുന്നു. ഞാൻ സന്തോഷിന്റെ മുന്നിലേക്ക് പുതിയ ക്ലൈമാക്സും സന്തോഷ് എഴുതിയ ക്ലൈമാക്സും നീട്ടി വച്ചപ്പോൾ സന്തോഷ് ആകെ രോക്ഷാകുലനായി. നിനക്ക് അഹങ്കാരമാണ് ,നീ എന്ത് ധൈര്യത്തിലാണ് ഇങ്ങനെ ചെയുക എന്നൊക്കെ ചോദിച്ചു. പ്രശ്നം ഗുരുതരമായപ്പോൾ എ.കെ. സാജനെ വീണ്ടും വിളിപ്പിച്ചു.
സാജനും എന്നോട് പറഞ്ഞു നീ ചെയ്തത് ധിക്കാരമായി പോയി. ഞങ്ങൾ അല്ലെ തിരക്കഥാകൃത്തുക്കളെന്ന്. പിന്നീട് എന്റെ നിർദ്ദേശ പ്രകാരം സാജൻ രണ്ട് ക്ലൈമാക്സും വായിച്ചു നോക്കി. ഒടുവിൽ ഞാൻ തയ്യറാക്കിയ ക്ലൈമാക്സിൽ സാജൻ ഓക്കേ പറയുകയായിരിക്കുന്നു. സാജൻ എന്റെ തോളത്തു കൈ വെച്ചിട്ട് പറഞ്ഞു ഈ സെക്കന്റ് ഓപ്ഷൻ ആണ് നല്ലത്. ഇത് ചെയ്യാമെന്ന്. അങ്ങനെയാണ് മീനത്തിൽ താലികെട്ടിന്റെ ഇപ്പോഴുള്ള ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്നത്,’ലാൽ ജോസ് പറയുന്നു.
Content Highlight : Director Lal Jose Talk About Meenathil Thaalikkett Movie