മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് റാംജിറാവു സ്പീക്കിംഗ്. സിദ്ദീഖ്-ലാല്‍ കൂട്ടുക്കെട്ടിന്റെ ആദ്യ സിനിമയായ റാംജിറാവു ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നു.
ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകളും പിന്നാമ്പുറ കഥകളും പങ്കുവെക്കുകയാണ് സംവിധായകനും നടനുമായ ലാല്‍. പുതിയ ചിത്രമായ സുനാമിയുടെ ഭാഗമായി മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍.
റാംജിറാവുവിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മോഹന്‍ലാലിനെയായിരുന്നുവെന്നും പക്ഷെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ സംവിധായകന്‍ ഫാസിലാണ് പുതിയ ആളുകളെ കൊണ്ടുവരാന്‍ പറഞ്ഞതെന്നും ലാല്‍ പറഞ്ഞു. റിസ്‌കിനെ കുറിച്ചോര്‍ത്ത് പേടിക്കേണ്ടെന്ന് പറഞ്ഞ് ധൈര്യം നല്‍കിയത് അദ്ദേഹമായിരുന്നെന്നും ലാല്‍ പറയുന്നു.
‘റാംജിറാവു സിനിമയില്‍ ആദ്യം മോഹന്‍ലാല്‍, മുകേഷ്, ഇന്നസെന്റ് എന്നിങ്ങനെ പോകാം എന്നാണ് ഞങ്ങള്‍ ആദ്യം തീരുമാനിച്ചത്. മോഹന്‍ലാല്‍ നല്ല നടനാണ്, സിനിമ ഗംഭീരമാകും. പക്ഷേ ഫാസില്‍ സാര്‍ ഞങ്ങളോടു പുതിയ ആളെ കൊണ്ടുവരാനാണ് പറഞ്ഞത്. റിസ്‌ക് ഞങ്ങളുടേതല്ല നിങ്ങള്‍ പുതിയ ആളുകളെ കൊണ്ടുവാ എന്നദ്ദേഹം പറഞ്ഞു,’ ലാല്‍ പറഞ്ഞു.
1989ലാണ് റാംജിറാവു സ്പീക്കിംഗ് തിയേറ്ററുകളിലെത്തുന്നത്. മുകേഷ്, സായ്കുമാര്‍, ഇന്നസെന്റ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ രേഖയായിരുന്നു നായിക. ചിത്രം തമിഴിലും ഹിന്ദിയിലും കന്നടയിലും തെലുങ്കിലും ഒഡിയയിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക