ആ കാരണങ്ങള്‍ കൊണ്ട് ഭരതനാട്യം തിയേറ്ററില്‍ ശ്രദ്ധിക്കപ്പെട്ടില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്: സംവിധായകന്‍ കൃഷ്ണദാസ് മുരളി
Entertainment
ആ കാരണങ്ങള്‍ കൊണ്ട് ഭരതനാട്യം തിയേറ്ററില്‍ ശ്രദ്ധിക്കപ്പെട്ടില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്: സംവിധായകന്‍ കൃഷ്ണദാസ് മുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th October 2024, 4:27 pm

സൈജു കുറുപ്പ്, സായ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രമാണ് ഭരതനാട്യം. തിയേറ്റര്‍ റിലീസിന്റെ സമയത്ത് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയ ചിത്രത്തിന് ഒ.ടി.ടി റിലീസിന് ശേഷം പലരും മികച്ച അഭിപ്രായം പറഞ്ഞു. വളരെ ലൈറ്റായിട്ടുള്ള ഫാമിലി സ്റ്റോറിയാണ് ചിത്രം പറയുന്നത്. സായ് കുമാര്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കളുടെ മികച്ച പെര്‍ഫോമന്‍സ് ചിത്രത്തിന്റെ മാറ്റ് കൂട്ടി.

തിയേറ്ററില്‍ വേണ്ടത്ര ശ്രദ്ധ കിട്ടാത്തതിന്റെ കാരണം പറയുകയാണ് സംവിധായകന്‍ കൃഷ്ണദാസ് മുരളി. റിലീസിന്റെ തലേദിവസം വരെ ചിത്രം ക്ലിക്കാകുമെന്ന് എല്ലാവര്‍ക്കും നല്ല പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ പ്രതീക്ഷിച്ച വിജയം കിട്ടാതെ വന്നപ്പോള്‍ പലരും പല കാരണങ്ങള്‍ പറഞ്ഞെന്നും കൃഷ്ണദാസ് പറഞ്ഞു. എല്ലാം കൈയില്‍ നിന്ന് പോയതിന് ശേഷം അത് ശരിയായില്ല, ഇത് ശരിയായില്ല എന്നൊക്കെ പറയുന്നതില്‍ കാര്യമില്ലെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

എന്നിരുന്നാലും ചില കാരണങ്ങള്‍ വാലിഡായി തനിക്ക് തോന്നിയിട്ടുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു. മാസത്തിന്റെ അവസാനം റിലീസ് ചെയ്യുന്നതിനാല്‍ പലരും സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന സമയമാണെന്നും അവരുടെ വാച്ച് ലിസ്റ്റില്‍ ഈ സിനിമ വരാന്‍ ചാന്‍സില്ലായിരുന്നെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു. റിലീസ് ചെയ്ത് നാലാം ദിവസം ഓണപ്പരീക്ഷ തുടങ്ങുന്നതിനാല്‍ ഫാമിലി ഓഡിയന്‍സ് വരാതിരുന്നത് മറ്റൊരു കാരണമായെന്നും ആ സമയത്ത് വന്ന അപ്രതീക്ഷിത മഴയും തിരിച്ചടിയായെന്നും കൃഷ്ണദാസ് പറഞ്ഞു.

എല്ലാത്തിലുമുപരി ഇന്‍ഡസ്ട്രി ഒട്ടാകെ കരിനിഴലില്‍ നിന്നതുകൂടിയായപ്പോള്‍ സിനിമയോട് പ്രേക്ഷകര്‍ക്ക് വിമുഖത വന്നെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമ തിയേറ്ററില്‍ ആളുകള്‍ കാണുമെന്ന ചിന്തയിലാണ് നമ്മള്‍ ഈ പരിപാടിക്ക് ഇറങ്ങുന്നത്. തിയേറ്ററില്‍ ഹിറ്റാകാത്തതിന് പലരും പല കാരണങ്ങള്‍ പറഞ്ഞു. റിലീസിന് തൊട്ടുമുമ്പ് വരെ പടം ക്ലിക്കാകുമെന്ന് നല്ല കോണ്‍ഫിഡന്‍സ് എല്ലാവര്‍ക്കും ഉണ്ടായിരുന്നു. പക്ഷേ തിയേറ്ററില്‍ ആരും വരാതായപ്പോള്‍ ഓരോരുത്തരും വിളിച്ച് അത് ശരിയായില്ല, ഇത് ശരിയായില്ല എന്നൊക്കെ കുറേ കാരണങ്ങള്‍ പറഞ്ഞു. അതിലൊന്നും കാര്യമില്ല. ചില കാരണങ്ങള്‍ എനിക്ക് വാലിഡായി തോന്നി.

ഒന്നാമത് മാസത്തിന്റെ അവസാനമാണ് പടം ഇറങ്ങിയത്. പലരും ഫിനാന്‍ഷ്യലി അത്ര സെറ്റാകാതെ ഇരിക്കുന്ന സമയമാണ്. അതും പോരാഞ്ഞ് അവരുടെ വാച്ച് ലിസ്റ്റില്‍ നമ്മുടെ പടം ഉണ്ടാകുമെന്ന് ഉറപ്പുമില്ല. റിലീസ് ചെയ്ത് നാലാമത്തെ ദിവസം ഓണപ്പരീക്ഷ തുടങ്ങുകയായിരുന്നു. ഈ പടത്തിന്റെ ടാര്‍ഗറ്റ് ഓഡിയന്‍സ് എന്ന് പറയുന്നത് ഫാമിലിയാണ്. പരീക്ഷ കാരണം അവരും വരാതെയായി.

അതുവരെയില്ലാത്ത മഴയായിരുന്നു പടം റിലീസായ സമയത്ത്. അതിന് മുമ്പോ പിമ്പോ മഴ പെയ്തിട്ടുമില്ല. എല്ലാത്തിനും ഉപരി ഇന്‍ഡസ്ട്രി മൊത്തം കരിനിഴലില്‍ നില്‍ക്കുകയായിരുന്നു ആ സമയത്ത്. പ്രേക്ഷകര്‍ക്ക് സിനിമയോടും സിനിമാക്കാരോടും മൊത്തത്തില്‍ ഒരു വിമുഖതയായിരുന്നു. എല്ലാം കൂടിയായപ്പോള്‍ നമ്മുടെ സിനിമക്ക് പണി കിട്ടി,’ കൃഷ്ണദാസ് പറഞ്ഞു.

Content Highlight: Director Krishnadas Murali explains why Bharathanatyam failed in theatres