Film News
ആ ഹിറ്റ് സിനിമക്ക് വേണ്ടി തിരക്കഥ എഴുതുമോയെന്ന് ചോദിച്ചപ്പോള്‍ അതല്ലേ എന്റെ പണിയെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 09, 02:24 am
Saturday, 9th March 2024, 7:54 am

ശ്രീനിവാസന്‍ തിരക്കഥയൊരുക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് പാവം പാവം രാജകുമാരന്‍. ശ്രീനിവാസന്‍ പ്രധാനവേഷത്തിലെത്തി 1990ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ രേഖ, സിദ്ദിഖ്, ജഗദീഷ്, മണിയന്‍പിള്ള രാജു എന്നിവരും ഒന്നിച്ചിരുന്നു.

മലയാളം ബോക്സ് ഓഫീസില്‍ വലിയ ഹിറ്റായ ചിത്രത്തില്‍ ജയറാം ഒരു അതിഥി വേഷത്തിലെത്തിയിരുന്നു. ആ സിനിമയിലേക്ക് ശ്രീനിവാസനെത്തിയതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ കമല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനും ശ്രീനിവാസനും ആദ്യമായി ഒരുമിച്ച സിനിമയാണ് ഇതെന്നും മറ്റൊരു കഥയുമായി അതില്‍ അഭിനയിക്കുമോ എന്നറിയാന്‍ വേണ്ടിയായിരുന്നു താന്‍ ശ്രീനിവാസന്റെയടുത്ത് ചെന്നതെന്നും കമല്‍ പറയുന്നു.

‘ഞാനും ശ്രീനിവാസനും കൂടെ ആദ്യമായി ഒരുമിച്ച സിനിമയാണ് ‘പാവം പാവം രാജകുമാരന്‍’. 1990ലാണ് ആ സിനിമ റിലീസാകുന്നത്. ‘പെരുവണ്ണപുരത്തെ വിശേഷങ്ങള്‍’ എന്ന സിനിമക്കും ‘പ്രാദേശിക വാര്‍ത്തകള്‍’ക്കും ശേഷമാണ് ഞാന്‍ ഈ സിനിമ ചെയ്യുന്നത്.

സത്യത്തില്‍ ആദ്യം വേറെയൊരു കഥയുമായി അതില്‍ അഭിനയിക്കുമോ എന്നറിയാന്‍ വേണ്ടിയായിരുന്നു ഞാന്‍ ശ്രീനിയുടെ അടുത്തേക്ക് ചെന്നത്. ആ കഥ ശ്രീനിയുമായി സംസാരിച്ചപ്പോള്‍ വര്‍ക്ക്ഔട്ടാകുന്നില്ലെന്ന് എനിക്ക് തന്നെ തോന്നി.

അന്ന് ഞങ്ങള്‍ ഒരുമിച്ച് സംസാരിച്ചു വന്നപ്പോള്‍ ശ്രീനി എന്നോട് ‘ഇത് മാറ്റിപിടിക്കാം, വേറെ സബ്‌ജെക്ട് ആലോചിക്കാം’ എന്ന് പറഞ്ഞു. അന്ന് ശ്രീനി നല്ല തിരക്കുള്ള തിരകഥാകൃത്താണ്. സത്യന്‍ അന്തിക്കാടിന്റെയും സിബിയുടെയുമൊക്കെ കൂടെ വര്‍ക്ക് ചെയ്യുന്ന സമയമാണ്.

അതുകൊണ്ട് ശ്രീനിക്ക് സമയമുണ്ടോ എന്ന് എനിക്ക് അറിയില്ലായിരുന്നു. അപ്പോള്‍ ഞാന്‍ നിങ്ങള്‍ തിരക്കഥ എഴുതുമോയെന്ന് ചോദിച്ചു. അന്ന് ശ്രീനി ചിരിച്ചു കൊണ്ട് അതല്ലേ എന്റെ പണി എന്നാണ് തിരിച്ചു ചോദിച്ചത്,’ കമല്‍ പറഞ്ഞു.


Content Highlight: Director Kamal Talks About Sreenivasan