സിനിമയിലെ സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവും പഴയ തലമുറക്ക് പ്രശ്‌നമായിരുന്നില്ല, എന്നാല്‍ ഇന്ന് അങ്ങനെയല്ല: കമല്‍
Entertainment news
സിനിമയിലെ സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവും പഴയ തലമുറക്ക് പ്രശ്‌നമായിരുന്നില്ല, എന്നാല്‍ ഇന്ന് അങ്ങനെയല്ല: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st January 2023, 4:13 pm

ഇന്നത്തെ കാലത്തെ സിനിമ സമൂഹത്തിനൊപ്പം മാറ്റത്തിന് വിധേയമാകുന്നുണ്ടെന്ന് സംവിധായകന്‍ കമല്‍. സിനിമക്ക് മാത്രമല്ല കാണികള്‍ക്കും ഇത്തരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. സിനിമകളില്‍ സ്ത്രീ വിരുദ്ധയും മറ്റും പറയുമ്പോള്‍ പഴയ പ്രേക്ഷകര്‍ അതിനെയൊന്നും വിമര്‍ശിച്ചിരുന്നില്ല. എന്നാല്‍ പുതിയ തലമുറ അങ്ങനെയല്ലെന്നും അവര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആണധികാരം, പുരുഷ സങ്കല്‍പം, സവര്‍ണ മേധാവിത്വം തുടങ്ങിയ കാര്യങ്ങളില്‍ പഴയ സിനിമയില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ പുതിയ കാലത്തെ സിനിമക്ക് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുതിയ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം സംഭവിച്ചിരിക്കുന്നത് സമൂഹത്തിന് തന്നെയാണ്. ഞങ്ങളൊക്കെ സിനിമ തുടങ്ങുന്ന കാലത്ത് ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് സിനിമയില്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ അന്നത്തെ പ്രേക്ഷകര്‍ക്ക് ശരിയെന്ന് തോന്നിയിരുന്ന പല കാര്യങ്ങളും ഇന്ന് അങ്ങനെയല്ലാതായി മാറി. ഇപ്പോള്‍ നമ്മുടെ സമൂഹം തന്നെ അതിനെ വേറെ രീതിയിലാണ് കാണുന്നത്.

ഉദാഹരണം പറഞ്ഞാല്‍ സ്ത്രീ വിരുദ്ധതയൊന്നും ഇന്നത്തെ സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയില്ല. പണ്ടത്തെ സിനിമയിലൊക്കെ സ്ത്രീകളെ കളിയാക്കുകയും അധിഷേപിക്കുകയും നായകന്‍ തന്നെ പരിഹസിക്കുകയും ചെയ്യുമ്പോള്‍ ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ സമൂഹം അതൊന്നും അംഗീകരിക്കില്ല. അപ്പോള്‍ ഉറപ്പായും സിനിമയും വിമര്‍ശിക്കപ്പെടും.

പഴയ സിനിമയെ പോലും ഇന്നത്തെ തലമുറ വിമര്‍ശിക്കുന്നുണ്ട്. അതുപോലെ തന്നെ ആണധികാരം നായകന്റെ പൗരുഷ സങ്കല്‍പം തുടങ്ങി എല്ലാ കാര്യങ്ങളും മാറി വരുന്നുണ്ട്. സവര്‍ണമേധാവിത്വം പോലെയുള്ള പലകാര്യങ്ങളും പൊളിറ്റക്കലി കറക്ടല്ല എന്ന തിരിച്ചറിവിലൂടെയാണ് പുതിയ തലമുറക്ക് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചത്. ആ പുതിയ തലമുറയിലെ ആളുകളാണ് സിനിമയെടുക്കാന്‍ വരുന്നത്. അപ്പോള്‍ ആ മാറ്റങ്ങള്‍ സിനിമയിലും സംഭവിക്കും.

പ്രമേയത്തിന്റെ കാര്യത്തിലായാലും അവതരണത്തിന്റെ കാര്യത്തിലായാലും പുതിയ തലമുറ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അത് വലിയൊരു മാറ്റമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സമൂഹത്തില്‍ മൊത്തത്തില്‍ മാറ്റമുണ്ടാകുമ്പോള്‍ അത് സിനിമയേയും കാണികളേയും മാറ്റത്തിലേക്ക് നയിക്കും,’ കമല്‍ പറഞ്ഞു.

content highlight: director kamal about new genaration cinema