ഫോട്ടോഗ്രഫിക്ക് പ്രശ്‌നമുണ്ടോ, മ്യൂസിക്കിന് പ്രശ്‌നമുണ്ടോ എന്നൊന്നും നോക്കേണ്ട കാര്യമില്ല; സിനിമയുടെ ലക്ഷ്യം എന്റര്‍ടെയിന്‍ ചെയ്യിക്കലാണ്: ജീത്തു ജോസഫ്
സിനിമ റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ റിവ്യു എഴുതുന്നത് വളരെ മോശം പ്രവണതയാണെന്നും സിനിമക്ക് ഒരു ബ്രീത്തിങ് സ്‌പേസ് കൊടുക്കേണ്ടതുണ്ടെന്നും സംവിധായകന്‍ ജീത്തു ജോസഫ്. സിനിമ റിലീസ് ചെയ്ത് ഒരാഴ്ചയൊക്കെ കഴിഞ്ഞ് മാത്രം റിവ്യു എഴുതുന്നത് നന്നായിരിക്കുമെന്നും ജീത്തു പറഞ്ഞു.
സിനിമയുടെ ലക്ഷ്യം ആളുകളെ എന്റര്‍ടെയിന്‍ ചെയ്യിക്കുക, രസിപ്പിക്കുക എന്നതാണെന്നും അങ്ങനെ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ആ സിനിമയുടെ ഫോട്ടോഗ്രഫിക്ക് പ്രശ്‌നമുണ്ടോ, ബാക്ക്ഗ്രൗണ്ട് സ്‌കോറിന് പ്രശ്‌നമുണ്ടോ എന്നൊന്നും ചിന്തിക്കേണ്ട കാര്യമില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ആളുകള്‍ക്ക് അവരുടേതായ രീതിയില്‍ റിവ്യു ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. സിനിമയുടെ ലക്ഷ്യം എന്ന് പറയുന്നത് എന്റര്‍ടെയിന്‍ ചെയ്യിക്കുക, ഏതെങ്കിലും രീതിയില്‍ രസിപ്പിക്കുക എന്നതാണെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. നമ്മുടെ ഏതെങ്കിലും ഒരു ഇമോഷനെ അത് ടച്ച് ചെയ്യണം.
അങ്ങനെ രസിപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ അതിന്റെ ഫോട്ടോഗ്രഫിക്ക് പ്രശ്‌നമുണ്ടോ, ബാക്ക്ഗ്രൗണ്ട് സ്‌കോറിന് പ്രശ്‌നമുണ്ടോ എന്നൊന്നും നോക്കേണ്ട കാര്യമില്ല. ടോട്ടാലിറ്റിയില്‍ സിനിമ നന്നായാല്‍ മതി. ഞാന്‍ അങ്ങനെയാണ് കാണാറുള്ളത്.
എനിക്ക് ഒരു സിനിമ ഒട്ടും ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ അതിന്റെ കാരണം ആ സിനിമയുടെ മേക്കേഴ്‌സിനെ കണ്ടാല്‍ ചിലപ്പോള്‍ എന്റെ രീതിയില്‍ പറയും, അത്രയേ ഉള്ളൂ.
റിവ്യു ചെയ്യുന്നത് അവരുടെ പ്രൊഫഷന്റെ ഭാഗമാണ്, അതിനെ ഞാന്‍ കുറ്റം പറയുന്നില്ല. പക്ഷെ എനിക്ക് തോന്നുന്നത്, ഒരു സിനിമ കണ്ടിട്ട് അതവര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആദ്യത്തെ ദിവസം തന്നെ നെഗറ്റീവ് എഴുതാതെ, ആ പടത്തിന് ഒരു ബ്രീത്തിങ് സ്‌പേസ് കൊടുക്കണം എന്നാണ്.
ആദ്യം തന്നെ ഓഡിയന്‍സിനെ വെറുപ്പിച്ച് ഓടിക്കാതെ ഒരാഴ്ചയൊക്കെ കഴിയുമ്പോള്‍ റിവ്യു പറയാം.
കാരണം സിനിമയുടെ പിന്നില്‍ ഒത്തിരി അധ്വാനമുണ്ട്, മുതല്‍ മുടക്കുന്ന പ്രൊഡ്യൂസറുണ്ട്, അയാള്‍ക്കൊരു കുടുംബമുണ്ട്. ഇതെല്ലാം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്, പക്ഷെ ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ. പറ്റുവാണെങ്കില്‍ ഇങ്ങനെ ചെയ്താല്‍ നല്ലത്.
ഈയടുത്തിറങ്ങിയ ചില സിനിമകള്‍ക്ക് മിക്‌സഡ് റെസ്‌പോണ്‍സ് ലഭിക്കുന്നുണ്ട്. എനിക്ക് ഇഷ്ടമായില്ലെന്ന് കരുതി ഞാന്‍ ആദ്യമേ കയറി റിവ്യു എഴുതി, ആള്‍ക്കാരെ വെറുപ്പിക്കുന്നതെന്തിനാ? ഇഷ്ടമുള്ളവര്‍ വന്ന് കണ്ടോട്ടെ,” ജീത്തു ജോസഫ് പറഞ്ഞു.
ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ കൂമനാണ് ജീത്തു ജോസഫിന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. മോഹന്‍ലാല്‍, തൃഷ എന്നിവര്‍ അഭിനയിക്കുന്ന റാം ആണ് അണിയറയിലൊരുങ്ങുന്ന ജീത്തുവിന്റെ വമ്പന്‍ പ്രോജക്ടുകളിലൊന്ന്.
Content Highlight: Director Jeethu Joseph about movie reviews