പുതിയ ചിത്രമായ ജോജിയ്ക്ക് വില്യം ഷേക്‌സ്പിയറിന്റെ പ്രശസ്ത നാടകമായ മാക്ബത്തുമായുള്ള ബന്ധം വിശദമാക്കി സംവിധായകന്‍ ദിലീഷ് പോത്തന്‍. ജോജിയെ മാക്ബത്തിന്റെ അഡാപ്‌റ്റേഷനായി കണക്കാകാനാകില്ലെന്നും ആ കൃതി മുന്നോട്ടുവെക്കുന്ന ചില ആശയങ്ങള്‍ ഈ കാലഘട്ടത്തില്‍ എത്രമാത്രം പ്രസക്തമാണെന്ന് അന്വേഷിച്ചു നോക്കുകയാണ് ചെയ്യുന്നതെന്ന് ദിലീഷ് പോത്തന്‍ പറയുന്നു. ദി ക്യൂവില്‍ മനീഷ് നാരായണന്‍ ചെയ്ത അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാക്ബത്ത് തനിക്ക് ഏറെ ഇഷ്ടപ്പെട്ട നാടകമാണെന്നും അത് വായിച്ചപ്പോഴും കണ്ടപ്പോഴും ഉണ്ടായ അനുഭവം സിനിമയിലൂടെ പുനര്‍സൃഷ്ടിക്കാന്‍ കഴിയുമോയെന്നാണ് ജോജിയിലൂടെ ശ്രമിച്ചതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.
‘മാക്ബത്ത് എനിക്ക് ഇഷ്ടമുള്ള നാടകമാണ്. കാലടിയില്‍ പഠിക്കുന്ന സമയത്ത് മാക്ബത്തിലെ ചെറിയ ഒരു ഭാഗം അവതരിപ്പിച്ചിട്ടുണ്ട്. സുരഭിയായിരുന്നു അതില്‍ ലേഡി മാക്ബത്ത്.
മാക്ബത്തിന്റെ ചില നാടകവതരണങ്ങള്‍ കണ്ടിട്ടുണ്ട്. മാക്ബത്തിലെ ചില ഡ്രാമകളും പോയിന്റുകളും എനിക്ക് ഇഷ്ടമാണ്. അങ്ങനെ നാടകപഠനകാലത്ത് മാക്ബത്തുമായി അടുപ്പമുണ്ടായിരുന്നു. അത് ഉറപ്പായിട്ടും ജോജിയിലേക്കെത്താന്‍ സഹായിച്ചിട്ടുണ്ടാകും.
ജോജി മാക്ബത്തിന്റെ അഡാപ്‌റ്റേഷനാണെന്ന് പറയാനേ പറ്റില്ല. മാക്ബത്തിന്റെ പ്ലോട്ട് ഒരു തരത്തിലും ഉപയോഗിച്ചിട്ടില്ല. മാക്ബത്ത് നാടകം വായിച്ചപ്പോഴും കണ്ടപ്പോഴും എനിക്ക് കിട്ടിയ അനുഭവം ഒരു സിനിമയിലൂടെ ഉണ്ടാക്കാന്‍ പറ്റുമോ എന്ന ശ്രമമാണ് ശരിക്കും ജോജി. അങ്ങനെ നോക്കുമ്പോള്‍ ഇതൊരു പരീക്ഷണമാണെന്ന് പറയാം.
എന്താണ് മാക്ബത്തിലൂടെ ഷേക്‌സ്പിയര്‍ പറയാന്‍ ഉദ്ദേശിച്ചതിനെ ഇന്നത്തെ കേരള സമൂഹത്തില്‍ എങ്ങനെ കൊണ്ടുവരാം എന്നതിന്റെ കൂടി ശ്രമമാണ് ജോജി. മാക്ബത്തിന്റെ പോലത്തെ ബൃഹത്തായ പ്ലോട്ടൊന്നുമല്ല ജോജിയില്‍, പക്ഷെ മാക്ബത്ത് കടന്നുപോകുന്ന ചില മാനസിക സാഹചര്യങ്ങളും ആ കൃതി മുന്നോട്ടുവെക്കുന്ന ചില ആശയങ്ങളും ഈ കൊവിഡ് കാലഘട്ടത്തിലടക്കം എത്രമാത്രം പ്രസക്തമാണെന്ന് അന്വേഷിച്ചു നോക്കിയതാണ്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.
ഫഹദ് ഫാസിലാണ് ജോജിയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവന്നിരുന്നു. ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ‘ദൃശ്യം 2’നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് ജോജി.
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രമാണ് ജോജി. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ. ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ എരുമേലി ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുങ്ങുന്നത്. ബാബുരാജ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്സ്, ഉണ്ണിമായ പ്രസാദ് എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തന്റെ കഥാപാത്രത്തെക്കുറിച്ചും അവന്റെ യാത്രയെക്കുറിച്ചും അറിഞ്ഞ നിമിഷം, താന്‍ ഈ സിനിമയുടെ ഭാഗമാകണമെന്ന് ഉറപ്പിച്ചെന്നും അസാധാരണമായ ട്വിസ്റ്റുകളുള്ള സിനിമകള്‍ കാണാന്‍ തനിക്കും ഒരുപാട് ഇഷ്ട്ടമാണെന്നും ജോജിയില്‍ തീര്‍ച്ചയായും ഒരുപാട് സര്‍പ്രൈസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഫഹദ് ഫാസില്‍ പറഞ്ഞു. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എഡിറ്റിംഗ് കിരണ്‍ ദാസ്. കോ ഡയറക്ടേഴ്സ് റോയ്, സഹീദ് അറഫാത്ത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക