Film News
ആ മരണവീട്ടില്‍ വെച്ചല്ല ദിലീപിന്റെ 'പ്രേതത്തെ' ആദ്യമായി ലൂക്ക് കാണുന്നത്; റോഷാക്കിലെ ബ്രില്യന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 17, 10:16 am
Thursday, 17th November 2022, 3:46 pm

ഒ.ടി.ടി റിലീസിന് പിന്നാലെ റോഷാക്കിനെ പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. കഥാസന്ദര്‍ഭങ്ങളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും ഒരുപക്ഷേ സംവിധായകന്‍ പോലും വിചാരിക്കാത്ത വ്യാഖ്യാനങ്ങളായിരിക്കും പ്രേക്ഷകര്‍ നടത്തിയത്.

ചര്‍ച്ചകള്‍ക്കിടയില്‍ ചിത്രത്തിലെ ചില ബ്രില്യന്‍സുകള്‍ കൂടി ഇപ്പോള്‍ പ്രചരിക്കുകയാണ്. അതിലൊന്ന് ദിലീപിന്റെ പ്രേതത്തെ അല്ലെങ്കില്‍ ലൂക്കിന്റെ ഹാലൂസിനേഷനെ ആദ്യമായി കാണുന്നത് ബാലന്‍ ചേട്ടന്റെ മരണച്ചടങ്ങുകള്‍ക്കിടയില്‍ അവരുടെ വീട്ടില്‍ വെച്ചാണ് എന്നായിരിക്കും ഒരു വിഭാഗം പ്രേക്ഷകരെങ്കിലും കരുതുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ ലൂക്ക് ദിലീപിനെ കാണുന്നുണ്ട്.

ലൂക്കിന്റെ ഭാര്യയെ തിരക്കി നാട്ടുകാരും പൊലീസുകാരും കാട്ടില്‍ മുഴുവന്‍ അലയുമ്പോഴാണ് സിനിമയില്‍ ആദ്യമായി ദിലീപ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇത് അവ്യക്തമായി വളരെ കുറച്ച് സമയം മാത്രമേ ചിത്രത്തില്‍ കാണിക്കുന്നുള്ളൂ. ആദ്യകാഴ്ചയില്‍ പ്രേക്ഷകര്‍ ഇത് ശ്രദ്ധിക്കാന്‍ സാധ്യതയില്ല.

എന്നാല്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്തതോടെ ‘ഒളിച്ചിരുന്ന’ ദിലീപിനെ പ്രേക്ഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ദിലീപിന്റെ നാട്ടില്‍ കാല്‍ കുത്തിയപ്പോള്‍ തന്നെ അവനിലേക്ക് അടുത്തു എന്ന തോന്നല്‍ ലൂക്കിനുണ്ടായി കാണും. ഇതുകൊണ്ടായിരിക്കും കാട്ടില്‍ വെച്ച് തന്നെ അവ്യക്തമായി ദിലീപിനെ കണ്ടത്.

രണ്ടാമതൊരു ബ്രില്യന്‍സ് ലൂക്കിന് ദിലീപിന്റെ വീട് നേരത്തെ അറിയാം എന്നതാണ്. ബാലന്‍ ചേട്ടന്‍ കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ ലൂക്ക് ആ വീട്ടില്‍ പോയിട്ടുണ്ട്. കാട്ടില്‍ താമസിക്കുന്ന സമയത്ത് പാറപ്പുറത്ത് ബുക്കില്‍ കരി കൊണ്ട് ലൂക്ക് വരച്ചുവെക്കുന്നത് ദിലീപിന്റെ പണി തീരാത്ത വീടാണ്. ഇന്‍ മൈ ആംസ് എന്ന് പാട്ടിലും ഇത് കാണാനാവും.

ആദ്യകാഴ്ചയില്‍ കാണാത്ത പലതും രണ്ടാം കാഴ്ചയിലാണ് പ്രേക്ഷകര്‍ കണ്ടത്. ഏതായാലും സോഷ്യല്‍ മീഡിയ മുഴുവനും റോഷാക്ക് ചര്‍ച്ചകളും ബ്രില്യന്‍സ് കണ്ടുപിടുത്തങ്ങളുമാണ്.

Content Highlight: director brilliance from rorschach