ആടുജീവിതം സിനിമയിലെ എന്റെ ആദ്യത്തെ വെല്ലുവിളി അതായിരുന്നു: ബ്ലെസി
Entertainment
ആടുജീവിതം സിനിമയിലെ എന്റെ ആദ്യത്തെ വെല്ലുവിളി അതായിരുന്നു: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th March 2024, 12:27 pm

മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

ഇത്രയും സ്വീകാര്യത നേടിയ നോവല്‍ സിനിമയാക്കിയപ്പോള്‍ താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ നടത്തിയ പ്രസ്മീറ്റിലാണ് ബ്ലെസി ഇക്കാര്യം പറഞ്ഞത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിച്ച നോവലുകളിലൊന്ന് സിനിമയാക്കിയപ്പോള്‍ എന്തൊക്കെ വെല്ലുവിളികളാണ് നേരിട്ടതെന്ന ചോദ്യത്തിന് ബ്ലെസിയുടെ മറുപടി ഇങ്ങനെയായിരുന്നു.

‘മലയാളികളില്‍ പലരും വായിച്ച നോവലാണ് ആടുജീവിതം. അത് ഞാന്‍ സിനിമയായി മനസില്‍ കാണുന്നതുപോലെ തന്നെ ആ നോവല്‍ വായിച്ചവരും മനസില്‍ ഒരു വിഷ്വല്‍ കോറിയിട്ടിട്ടുണ്ട് എന്ന വെല്ലുവിളിയാണ് ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എന്റെ മുന്നില്‍ ഉണ്ടായിരുന്നത്. ഒരു നോവല്‍ എങ്ങനെ ഒരു തിരക്കഥയാകുന്നു എന്നുള്ളത് വലിയൊരു ചാപ്റ്ററാണ്.

43 അദ്ധ്യായങ്ങളിലായിട്ട് മൂന്നരവര്‍ഷക്കാലം നീണ്ട ഒരു ജീവിതം പറഞ്ഞ നോവല്‍ സിനിമയാക്കണമെങ്കില്‍ ഒമ്പതോ പത്തോ മണിക്കൂര്‍ വേണ്ടിവരും. പക്ഷേ ഞങ്ങള്‍ ഷൂട്ട് ചെയ്ത ഫസ്റ്റ് എഡിറ്റ് മൂന്നരമണിക്കൂര്‍ മാത്രമേയുള്ളൂ. ആ മൂന്നര മണിക്കൂര്‍ തിയേറ്ററില്‍ ഇരിക്കാന്‍ പ്രേക്ഷകര്‍ക്ക് പറ്റില്ല എന്ന സാഹചര്യത്തിലാണ് അതിനെ വീണ്ടും വെട്ടിച്ചുരുക്കേണ്ടി വന്നത്. ആ വേര്‍ഷനും എന്തായാലും പിന്നീട് പുറത്തിറങ്ങും. അത് റിലീസ് ചെയ്തില്ലെങ്കില്‍ രാജുവിനോടുള്ള ക്രൂരതയാകും. സിനിമക്ക് വേണ്ടി അത്രയധികം കഷ്ടപ്പെട്ടിട്ടുണ്ട്,’ ബ്ലെസി പറഞ്ഞു.

Content Highlight: Director Blessy explains the challenges faced for Aadujeevitham movie