കൊച്ചി: ദിലീപ് പല നടീനടന്മാരുടേയും ഫോണുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഈ വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.
‘ദിലീപ് പല സമയങ്ങളിലും പലരുടെയും ഫോണുകള്‍ ഹാക്കര്‍മാരെ ഉപയോഗിച്ച് ഹാക്ക് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതില്‍ നടന്മാരുടെയും നടിമാരുടെയും ഫോണുകളുണ്ട്.
മലയാള സിനിമയില്‍ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്. ഹവാല പണത്തിന്റെ ഇടപാടും കള്ളപ്പണത്തിന്റെ ഇടപാടും എന്ത് വൃത്തികേടും കാണിച്ചു കൂട്ടുന്ന ഒരുവിഭാഗം സിനിമാ മേഖലയിലുണ്ട്. അവരുടെ കൈയില്‍ നിന്ന് സിനിമ അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ അവര്‍ സമ്മതിക്കില്ല. അവര്‍ തന്നെയാണ് സിനിമയെ നിയന്ത്രിക്കുന്നത്. എതിര്‍ക്കുന്നവരെ അവര്‍ പൂര്‍ണമായും മാറ്റി നിര്‍ത്തും. അതിന് ഇരകളാണ് ഞാനും വിനയനുമൊക്കെ, പല നടിമാരും ഇരകളായിട്ടുണ്ട്.
എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ നമ്മള്‍ സിനിമയിലുണ്ടാകില്ല. അവര്‍ കൂട്ടത്തോടെ ആക്രമിക്കും. ദിലീപിന് ഗുല്‍ഷനുമായുള്ള ബന്ധം അടക്കമുള്ള കാര്യങ്ങള്‍ ദേശീയ ഏജന്‍സികള്‍ അന്വേഷിക്കണം. മാന്യന്മാരായ പല നടന്‍മാരും ഗുല്‍ഷന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ടിട്ടുണ്ട്. ഒരു അന്താരാഷ്ട്ര കുറ്റവാളിയുടെ കൂട്ടാളിയ്ക്കൊപ്പമാണെന്ന് അവര്‍ ഓര്‍ക്കുന്നില്ല. എല്ലാ കാര്യത്തിലും വ്യക്തമായ അന്വേഷണം നടക്കണം. മലയാള സിനിമാ മേഖലയെ ശുദ്ധീകരിക്കണം.
പണി അറിയുന്നവര്‍ സിനിമയില്‍ വരട്ടെ, അല്ലാതെ പെണ്ണ് പിടിക്കുന്നവനും പെണ്ണിന് ക്വട്ടേഷന്‍ കൊടുക്കുന്നവരും ഹവാല ഇടപാടുകാര്‍ക്കും മാത്രമായി സിനിമാ മേഖലയെ വിട്ടുകൊടുക്കരുത്. പണമുണ്ടെങ്കില്‍ എന്ത് വൃത്തികേടും കാണിച്ചുകൂട്ടാമെന്ന അവസ്ഥയാണ്. മലയാള സിനിമ തകരാതിരിക്കാന്‍ കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കണം. അത് ഏത് കാവ്യനീതിയാണെങ്കിലും പേട്ടനാണെങ്കിലും ശരി, എങ്കില്‍ മാത്രമേ മലയാള സിനിമയ്ക്ക് നീതി ലഭിക്കൂ,’ ബൈജു കൊട്ടാരക്കര പറഞ്ഞു.
Content Highlights: Director Baiju Kottarakkara says Dileep hacked many actor phone