വലിയ മുതല്‍മുടക്കുള്ള സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് സാഹചര്യങ്ങള്‍ വിലയിരുത്തണം; 'ആറാട്ട്' റിലീസ് തീയതി നവംബറോടു കൂടി പ്രഖ്യാപിക്കും: ബി. ഉണ്ണികൃഷ്ണന്‍
ബി. ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ആറാട്ട്’. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്.
ഇതിനിടെ സംസ്ഥാനത്ത് തിയേറ്റര്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ആറാട്ടിന്റെ റിലീസ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ആറാട്ടിനെക്കുറിച്ച് സംസാരിക്കുന്നത്.
സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാനിരിക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളും സിനിമാ മേഖലയിലുള്ളവരും പ്രേക്ഷകരും ആറാട്ടിന്റെ റിലീസ് സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെന്നും ആറാട്ട് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.
”വലിയ മുതല്‍മുടക്കുള്ള ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് സാഹചര്യങ്ങള്‍ കണിശമായി വിലയിരുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നവംബര്‍ മാസത്തോട് കൂടി മാത്രമേ ‘ ആറാട്ട്’ എന്ന് തിയേറ്ററുകളില്‍ എത്തുമെന്നത് പറയാന്‍ സാധിക്കൂ. പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി,” ബി. ഉണ്ണികൃഷ്ണന്‍ പോസ്റ്റില്‍ പറഞ്ഞു.
മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്. മോഹന്‍ലാലിനെ വെച്ച് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. വില്ലന്‍ ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.
ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ആറാട്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും അതിന്റെ നമ്പറും വൈറലായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക.
50 ശതമാനം ആളുകള്‍ക്കായിരിക്കും തിയേറ്ററുകളില്‍ പ്രവേശനം അനുവദിക്കുക. തിയേറ്ററുകളില്‍ എ.സി പ്രവര്‍ത്തിപ്പിക്കും. തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ തയ്യാറാക്കുമെന്നും അവലോകന യോഗത്തില്‍ തീരുമാനിച്ചു.