ബിനീഷിനുണ്ടായ വിഷമത്തില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് മാപ്പ്; പേരിനൊപ്പം മേനോന്‍ എന്നുണ്ട് എന്ന് കരുതി സവര്‍ണനായി മുദ്രകുത്തരുത്: അനില്‍ രാധാകൃഷ്ണന്‍ മേനോന്‍
Kerala
ബിനീഷിനുണ്ടായ വിഷമത്തില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് മാപ്പ്; പേരിനൊപ്പം മേനോന്‍ എന്നുണ്ട് എന്ന് കരുതി സവര്‍ണനായി മുദ്രകുത്തരുത്: അനില്‍ രാധാകൃഷ്ണന്‍ മേനോന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2019, 11:06 am

കൊച്ചി: പാലക്കാട് മെഡിക്കല്‍ കൊളേജില്‍ കോളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടെത്തിയ സിനിമാതാരം ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍.

താന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് മാപ്പ് ചോദിക്കുന്നവെന്നാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞത്. മാതൃമൂഭിയോട് സംസാരിക്കുയായിരുന്നു അദ്ദേഹം.

തന്റെ പേരിനൊപ്പം മേനോന്‍ എന്നുണ്ട് എന്ന് കരുതി തന്നെ സവര്‍ണനായി മുദ്രകുത്തരുതെന്നും താന്‍ അങ്ങനെ അത്തരത്തില്‍ ചിന്തിക്കുന്ന ഒരാളല്ലെന്നും അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ബീനിഷിനെ എനിക്ക് ഇഷ്ടമാണ്. എന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഒരു ചെറിയ വേഷം ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ഞാന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ മാപ്പ് ചോദിക്കുന്നു.

മാസിക പ്രകാശനം ചെയ്യാനാണ് എന്നെ ക്ഷണിച്ചത്. ഞാന്‍ വരില്ല എന്ന് പറഞ്ഞിരുന്നു, കാരണം തലേ ദിവസമാണ് എന്നെ വിളിച്ചത്. എന്നാല്‍ പിന്നീട് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഔദ്യോഗികമായി എന്നെ ക്ഷണിക്കാന്‍ വരണമെന്ന് സംഘാടകരോട് പറഞ്ഞിരുന്നു. ക്ഷണിക്കാന്‍ വന്നപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു, ആരെല്ലാം വരുന്നുണ്ടെന്ന്. ഇത്രയും വൈകി ക്ഷണിച്ചതിനാല്‍ ആരും വരാന്‍ തയ്യാറല്ല എന്നാണ് അവര്‍ പറഞ്ഞത്.

ഞാന്‍ പണം വാങ്ങാതെയാണ് ഇത്തരം പരിപാടികള്‍ക്ക് പോകുന്നത്. മറ്റൊരാളുടെ ലൈം ലെറ്റ് പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ അല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ ഇല്ലെന്ന് പറഞ്ഞിരുന്നു.

പിറ്റേ ദിവസമാണ് എന്നോട് പറയുന്നത്, ബിനീഷ് ബാസ്റ്റിന്‍ ഉണ്ടെന്ന്. അപ്പോള്‍ എന്നെ ഒഴിവാക്കണമെന്ന് പറഞ്ഞു. ബിനീഷ് ആയതുകൊണ്ടല്ല ഞാന്‍ അങ്ങനെ പറഞ്ഞത്, അതിഥിയായി മറ്റൊരാള്‍ വരുന്നുണ്ടെങ്കില്‍ ഞാന്‍ പരിപാടിയില്‍ നിന്ന് ഒഴിവാകുമെന്ന് നേരത്തേ പറഞ്ഞിരുന്നു. പിന്നീട് സംഘാടകര്‍ എന്നെ വിളിച്ച് ആ പരിപാടി മാറ്റി വച്ചുവെന്നും എന്നോട് വരണമെന്നും പറഞ്ഞു.

ബിനീഷ് വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എല്ലാവരോടും കയ്യടിക്കാന്‍ പറഞ്ഞത്. ബിനീഷിന്റെ സാമിപ്യം എനിക്ക് പ്രശ്നമാണെന്ന് ഞാന്‍ പറഞ്ഞില്ല. ബിനീഷ് വേദിയില്‍ വന്നപ്പോള്‍ കസേരയില്‍ ഇരിക്കാനും പറഞ്ഞു. അദ്ദേഹം കേട്ടില്ല, ഞാന്‍ പറഞ്ഞത് ഒന്നും കേട്ടില്ല.

എന്റെ പേരിനൊപ്പം മേനോന്‍ എന്നുണ്ട് എന്ന് കരുതി എന്നെ സവര്‍ണനായി മുദ്രകുത്തരുത്. ഞാന്‍ അങ്ങനെ അത്തരത്തില്‍ ചിന്തിക്കുന്ന ഒരാളല്ല. ബീനിഷിനെ എനിക്ക് ഇഷ്ടമാണ്. എന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഒരു ചെറിയ വേഷം ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ഞാന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ മാപ്പ് ചോദിക്കുന്നു.- അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞത് വിവാദമായിരുന്നു.

തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ