‘പുലയാടി മക്കള്‍ക്ക് പുലയാണ് പോലും’ എന്ന് ആരംഭിക്കുന്ന കവിതയുടെ രചയിതാവിനെ കാണാന്‍ സംവിധായകനും നടനുമായ സോഹന് സീനുലാല്‍ എത്തി. പത്തനംതിട്ട പ്രമാടം സ്വദേശി പി.എന്‍.ആര്‍ കുറുപ്പാണ്കവിതയുടെ രചയിതാവ്. ഭാരത സര്‍ക്കസ് എന്ന പേരില്‍ സോഹന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഈ കവിത ഉള്‍പ്പെടുത്തിയിരുന്നു. ഈ വെള്ളിയാഴ്ചയാണ് ഭാരത സര്‍ക്കസ് റിലീസാവുന്നത്. ചിത്രത്തിന്റെ ഗാനം കഴിഞ്ഞയാഴ്ചയാണ് സോഷ്യല്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. കവിത എല്ലാവരും ഏറ്റെടുത്തു എന്നതില്‍ സന്തോഷമുണ്ടെന്നും ഇത് കവി അയ്യപ്പന്‍ എഴുതിയതല്ല, തന്റേതാണെന്ന് ജനം തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പി.എന്‍.ആര്‍ കുറുപ്പ് പറഞ്ഞു.
മലയാളത്തിലെ ആധുനിക കവികളില്‍ പ്രമുഖനാണ് പി.എന്‍.ആര്‍ കുറുപ്പ്. പുലയാടി മക്കള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സമാഹാരത്തിലാണ് ഈ കവിത ഉള്‍പ്പെടുത്തിയിട്ടുള്ളത്. തന്റെ വരികളുടെ തീക്ഷ്ണമായ സ്വഭാവമായിരിക്കാം കവി അയ്യപ്പന്റേതെന്ന പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് കാരണമെന്ന് പി.എന്‍.ആര്‍. കുറുപ്പ് പറഞ്ഞു.
തന്റെ സുഹൃത്തായിരുന്ന അയ്യപ്പനും തീക്ഷ്ണമായ വരികള്‍ എഴുതിയിട്ടുള്ള കവിയാണ്. സാംസ്‌കാരിക ലോകത്ത് തനിക്ക് പ്രിയപ്പെട്ട മറ്റൊരാള്‍ ചലച്ചിത്രകാരനായിരുന്ന ജോണ്‍ എബ്രഹാം ആണ്. വ്യവസ്ഥിതിയെ വെല്ലുവിളിച്ച പ്രതിഭകളായിരുന്നു ഇരുവരും. ജോണും അയ്യപ്പനും അവരുടെ മരണത്തില്‍ പോലും ധിക്കാരത്തോടെ ലോകത്തോട് പ്രതികരിച്ചവരായിരുന്നെന്നും പി.എന്‍.ആര്‍. കുറുപ്പ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കവി തന്റെ ഗാനം പാടുകയും ചെയ്തു.
ഗാനം പുറത്ത് വന്നതോടെ സമൂഹ മാധ്യങ്ങള്‍ അതിനെ ഏറ്റെടുത്തെന്ന് സംവിധായകന്‍ സോഹന്‍ സീനുലാല്‍ പറഞ്ഞു. ജാതി രാഷ്ട്രീയം ശക്തമായ ഭാഷയില്‍ ഉന്നയിക്കുന്ന സിനിമയാണ് ഭാരത സര്‍ക്കസ്. ഇതുപോലൊരു കവിത അതിന്റെ ഭാഗമായി മാറിയത് അതിനാലാണ്. ഗാനം ഹിറ്റായതിന്റെ സന്തോഷം പങ്കുവക്കാനാണ് താന്‍ കവിയെ കാണാന്‍ വന്നതെന്നും സോഹന്‍ പറഞ്ഞു. നടന്‍ പ്രജോദ് കലാഭവനും സിനിമയുടെ അണിയറ പ്രവര്‍ത്തകരും സോഹനൊപ്പം പി.എന്‍.ആര്‍. കുറുപ്പിനെ കാണാന്‍ എത്തിയിരുന്നു.
ബെസ്റ്റ് വേ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മിച്ച് സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ എം.എ. നിഷാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബര്‍ ഒമ്പതിന് ചിത്രം തിയേറ്ററില്‍ എത്തും.
പൊലീസും ദളിത് രാഷ്ട്രീയവും ത്രില്ലര്‍ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്ന ഭാരത സര്‍ക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്‍, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായര്‍, നിയ തുടങ്ങിയവര്‍ അഭിനയിക്കുന്നു.