സൂരിയുടെ ആ സിനിമ ഒ.ടി.ടിയിലായിരുന്നു ഇറക്കേണ്ടിയിരുന്നത്: സംവിധായകന്‍ അമീര്‍
Entertainment
സൂരിയുടെ ആ സിനിമ ഒ.ടി.ടിയിലായിരുന്നു ഇറക്കേണ്ടിയിരുന്നത്: സംവിധായകന്‍ അമീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th August 2024, 9:43 pm

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് അമീര്‍. പരുത്തിവീരന്‍, മൗനം പേസിയതേ, റാം, ആദിഭഗവന്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത് തമിഴിലെ മുന്‍നിരയിലേക്കെത്തി. വെട്രിമാരന്‍ സംവിധാനം ചെയ്ത വടചെന്നൈയില്‍ രാജന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ അഭിനയവും തനിക്ക് വഴങ്ങുമെന്ന് അമീര്‍ തെളിയിച്ചു.

കോമഡി റോളുകളില്‍ നിന്ന് സീരിയസ് റോളുകളിലേക്ക് കൂടുമാറ്റം നടത്തിയ സൂരിയെക്കുറിച്ച് അമീര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സൂരി നായകനായ പുതിയ ചിത്രം കോട്ടുക്കാലി തമിഴില്‍ ഈയടുത്ത് വന്നതില്‍ വെച്ച് ഏറ്റവും മികച്ച സിനിമകളിലൊന്നാണെന്ന് അമീര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള ഒന്നും കോട്ടുകാലിയില്‍ ഇല്ലെന്ന് അമീര്‍ പറഞ്ഞു.

ഇത്രയും അംഗീകാരങ്ങള്‍ ലഭിച്ച സിനിമക്ക് തിയേറ്റര്‍ റിലീസല്ലായിരുന്നു വേണ്ടിയിരുന്നതെന്ന് അമീര്‍ കൂട്ടിച്ചേര്‍ത്തു. പ്രൊമോഷനിലെല്ലാം സൂരിയുടെ മുന്‍സിനിമകളെപ്പറ്റി സംസാരിച്ച് അതുപോലുള്ള സിനിമയാകും കോട്ടുകാലിയെന്ന ചിന്തയുണ്ടാക്കിയത് മോശം പ്രവണതയാണെന്നും അമീര്‍ പറഞ്ഞു. താനാണ് ആ സിനിമയുടെ നിര്‍മാതാവെങ്കില്‍ തീര്‍ച്ചയായും ഒ.ടി.ടി റിലീസാക്കിയേനെ എന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.

‘വിടുതലൈ, ഗരുഡന്‍ എന്നീ സിനിമകളില്‍ സൂരിയുടെ പെര്‍ഫോമന്‍സ് കണ്ട് സിനിമാലോകം മൊത്തത്തില്‍ ഞെട്ടിയിരുന്നു. അദ്ദേഹം നായകനായ കോട്ടുക്കാലി കഴിഞ്ഞ ദിവസം ഞാന്‍ കണ്ടിരുന്നു. ഇന്റര്‍നാഷണല്‍ ലെവല്‍ കഥയാണ് ആ സിനിമയുടേത്. ഈയടുത്ത് തമിഴില്‍ വന്ന മികച്ച സിനിമകളിലൊന്നാണ് കോട്ടുക്കാലി. പക്ഷേ അതൊരു തിയേറ്റര്‍ എക്‌സപീരിയന്‍സ് ചെയ്യേണ്ട സിനിമയല്ലെന്നേ ഞാന്‍ പറയുള്ളൂ.

ഒരുപാട് അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച, അവിടെ നിന്നെല്ലാം പ്രശംസ ലഭിച്ച ഒരു സിനിമ അതിന്റേതായ രീതിയിലല്ല ആ സിനിമയുടെ നിര്‍മാതാക്കള്‍ പ്രൊമോട്ട് ചെയ്തത്. സൂരി മുമ്പ് ചെയ്തുവെച്ച സിനിമകലെക്കുറിച്ചാണ് അവര്‍ അധികവും സംസാരിച്ചത്. പ്രേക്ഷകര്‍ക്കിടയില്‍ ഇത് തെറ്റിദ്ധാരണയുണ്ടാക്കി. ഞാനാണ് ആ സിനിമയുടെ നിര്‍മാതാവെങ്കില്‍ തീര്‍ച്ചയായും അത് ഒ.ടി.ടിയില്‍ ഇറക്കിയേനെ. അത് തിയേറ്റര്‍ എക്‌സ്പീരിയന്‍സിനുള്ള സിനിമയല്ല,’ അമീര്‍ പറഞ്ഞു.

Content Highlight: Director Ameer about Soori and Kottukkali movie