Entertainment news
അല്‍ഫോണ്‍സിന്റെ ഗോള്‍ഡ് പ്രതീക്ഷ കാത്തോ? നേരവും പ്രേമവും വെച്ച് പ്രേക്ഷകര്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 01, 09:03 am
Thursday, 1st December 2022, 2:33 pm

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ ചിത്രം തിയേറ്ററിലെത്തിരിയിക്കുകയാണ്. നിവിന്‍ പോളി നായകനായ പ്രേമത്തിന് ശേഷം അല്‍ഫോണ്‍സിന്റെ പുതിയ ചിത്രമായ ഗോള്‍ഡ് റിലീസ് ചെയ്തു.

സാങ്കേതിക കാരണങ്ങളാല്‍ നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രം ഒടുവില്‍ തിയേറ്ററുകളിലേക്കെത്തുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. പൃഥ്വിരാജ്, നയന്‍താര, ബാബുരാജ്, ദീപ്തി സതി, വിനയ് ഫോര്‍ട്ട് തുടങ്ങിയ വമ്പന്‍ താരനിര ചിത്രത്തിലുണ്ട്. കാത്തിരിപ്പിന് വിരാമമിട്ട് എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ ഇപ്പോള്‍ ലഭിക്കുന്നത്.

പ്രാമോഷനുകളുടെ ബഹളമില്ലാത്ത ചിത്രം കാണാനായി പ്രേക്ഷകരെ പ്രേരിപ്പിച്ച ഘടകം അല്‍ഫോണ്‍സ് പുത്രന്‍ എന്ന ഒറ്റ പേരാണ്. പ്രതീക്ഷക്ക് ഒത്തുയരാന്‍ സിനിമക്ക് സാധിച്ചിട്ടുണ്ടെന്നും പൂര്‍ണമായും അല്‍ഫോണ്‍സ് മാജിക്ക് സിനിമയിലുണ്ടെന്നും പലരും പ്രതികരിച്ചു.

എന്നാല്‍ നേരവും പ്രേമവും പോലെ അല്ലെന്നും കോമഡി ചിത്രമാണെന്നുമാണ് ചിലരുടെ അഭിപ്രായം. നേരവും പ്രേമവും പ്രതീക്ഷിച്ച് വരുന്നവര്‍ക്ക് നിരാശയായിരിക്കുമെന്ന പ്രതികരണവും സോഷ്യല്‍ മീഡിയയിലുണ്ട്.

എല്ലായിടത്ത് നിന്നും സമ്മിശ്ര പ്രതികരണമാണ് അല്‍ഫോണ്‍സിന്റെ ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ലഭിക്കുന്നത്. ചിത്രം റിലീസിനോട് അനുബന്ധിച്ച് ഇന്നലെ അല്‍ഫോണ്‍സ് തന്റെ ഫേസ്ബുക്കില്‍ ചിത്രത്തെക്കുറിച്ച് കുറിപ്പ് ഇട്ടിരുന്നു.

ഗോള്‍ഡ് ഇംപെര്‍ഫെക്ടാണെന്നും അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നാണ് കരുതുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. പടം കാണുന്നവര്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായങ്ങള്‍ പറയണമെന്നും അല്‍ഫോണ്‍സ് പുത്രന്‍ ആവശ്യപ്പെട്ടിരുന്നു. പൃഥ്വിരാജും നയന്‍താരയും ഒന്നിച്ചെത്തുന്ന ചിത്രമായതിനാലും ഗോള്‍ഡില്‍ വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്കുണ്ടായിരുന്നത്.

content highlight: director alphonse puthran gold audience response