Entertainment
ഞാന്‍ കൊണ്ടുപോയ മൂന്ന് സ്‌ക്രിപ്റ്റും നിര്‍മാതാവിന് ഓക്കെയായില്ല, പകരം അയാള്‍ തന്ന സ്‌ക്രിപ്റ്റാണ് കോബ്ര: അജയ് ജ്ഞാനമുത്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 14, 03:40 am
Wednesday, 14th August 2024, 9:10 am

ഡിമോണ്ടി കോളനി, ഇമൈക്ക നൊടികള്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. എ.ആര്‍. മുരുകദോസിന്റെ സഹായിയായാണ് അജയ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. കരിയറിലെ മൂന്നാമത്തെ ചിത്രം വിക്രം നായകനായ കോബ്രയായിരുന്നു. വിക്രം അഞ്ചോളം ഗെറ്റപ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറി.

കോബ്ര എന്ന സിനിമ ചെയ്യാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന് അജയ് ജ്ഞാനമുത്തു പറഞ്ഞു. ഇമൈക്ക നൊടികള്‍ക്ക് ശേഷം കോബ്രയുടെ പ്രൊഡക്ഷന്‍ ഹൗസുമായി കോണ്‍ട്രാക്ട് സൈന്‍ ചെയ്തുവെന്ന് അജയ് പറഞ്ഞു. നിര്‍മാതാവിന്റെയടുത്തേക്ക് താന്‍ മൂന്ന് സ്‌ക്രിപ്റ്റ് വിവരിച്ചുവെന്നും എന്നാല്‍ അത് മൂന്നും റിജക്ട് ചെയ്തുവെന്നും അജയ് കൂട്ടിച്ചേര്‍ത്തു. പകരം ആ പ്രൊഡ്യൂസര്‍ തനിക്ക് ഒരു സ്‌ക്രിപ്റ്റ് തന്നിട്ട് അത് സംവിധാനം ചെയ്യാമോ എന്ന് ചോദിച്ചു.

വളരെ വീക്കായിട്ടുള്ള വണ്‍ലൈനിലാണ് ആ സക്രിപ്റ്റ് എഴുതിയതെന്നും നാല് മാസത്തോളം ഇരുന്നിട്ടും അതിനെ സ്‌ക്രീന്‍പ്ലേ രൂപത്തിലാക്കാന്‍ കഴിഞ്ഞില്ലെന്ന് അജയ് പറഞ്ഞു. ഒടുവില്‍ തന്നെക്കൊണ്ട് പറ്റുന്ന രീതിയില്‍ ആ സിനിമ ചെയ്‌തെന്നും കരിയറിലെ ഏറ്റവും വലിയ മിസ്റ്റേക്കായിരുന്നു അതെന്നും അജയ് കൂട്ടിച്ചേര്‍ത്തു. എസ്. എസ് മ്യൂസികിന് നല്‍കിയ അഭിമുഖത്തിലാണ് അജയ് ഇക്കാര്യം പറഞ്ഞത്.

‘ഇമൈക്ക നൊടികള്‍ക്ക് ശേഷം കോബ്രയുടെ പ്രൊഡക്ഷന്‍ ഹൗസുമായി കോണ്‍ട്രാക്ട് സൈന്‍ ചെയ്തു. ആ സമയം എന്റെ കൈയിലുണ്ടായിരുന്ന മൂന്ന് സ്‌ക്രിപ്റ്റ് ആ നിര്‍മാതാവിനോട് പറഞ്ഞു. അത് മൂന്നും അയാള്‍ക്ക് ഓക്കെയായില്ല. പകരം അയാള്‍ എനിക്ക് ഒരു സ്‌ക്രിപ്റ്റ് തന്നിട്ട് അത് സംവിധാനം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. വളരെ വീക്കായിട്ടുള്ള വണ്‍ലൈനിലാണ് ആ സ്‌ക്രിപ്റ്റ് എഴുതിയത്.

അതിനെ ഷൂട്ട് ചെയ്യാന്‍ പറ്റുന്ന സ്‌ക്രീന്‍പ്ലേയുടെ രൂപത്തിലേക്ക് മാറ്റാന്‍ നാല് മാസത്തോളം എടുത്തു. അപ്പോഴും ആ വണ്‍ലൈന്‍ മാറ്റാന്‍ പറ്റിയില്ല. അതില്‍ എന്തൊക്കെ ചെയ്താലും ശരിയാവില്ല എന്ന് മനസിലായി. ആ സിനിമ ചെയ്തത് എന്റെ കരിയറിലെ വലിയ ഒരു മിസ്റ്റേക്കായി കണക്കാക്കുന്നു. ഇനി അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല,’ അജയ് ജ്ഞാനമുത്തു പറഞ്ഞു.

Content Highlight: Director Ajay Gnanamuthu explains why he direct Cobra movie