Entertainment news
20 വര്‍ഷം മുമ്പ് ലാലിനെവെച്ച് ചെയ്ത ഫീലാണ് ഇപ്പോള്‍ രാജുവിനെവെച്ച് ചെയ്തപ്പോള്‍ കിട്ടിയത്: ഷാജി കൈലാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 26, 06:00 pm
Monday, 26th December 2022, 11:30 pm

20വര്‍ഷം മുമ്പ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്ത ഫീലാണ് പൃഥ്വിരാജിനെ വെച്ച് സിനിമ ചെയ്തപ്പോള്‍ തനിക്കുണ്ടായതെന്ന് സംവിധായകന്‍ ഷാജി കൈലാസ്.

പൃഥ്വിരാജിനെപ്പോലെ എനര്‍ജറ്റിക്കായ ഹീറോയെ കിട്ടിയതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും കടുവക്ക് ശേഷം കാപ്പ പൃഥ്വിരാജിനൊപ്പം ചെയ്യാന്‍ ആദ്യം പ്ലാന്‍ ചെയ്തിട്ടില്ലായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കാപ്പ ഒരിക്കലും പ്ലാന്‍ ചെയ്തതല്ല. അത് ഓട്ടോമാറ്റിക് ആയി വന്നതാണ്. പെട്ടെന്ന് രാജുവിനെ വെച്ച് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് തിരിച്ച് ഒന്നും പറയാന്‍ പറ്റിയില്ല. അതിപ്പോള്‍ മോഹന്‍ലാലിനെ വെച്ച് ചെയ്യാന്‍ പറഞ്ഞാലും ഞാന്‍ ചെയ്യും.

പെട്ടെന്ന് എനിക്ക് സിനിമ ചെയ്യണമെന്ന് വിചാരിച്ചിട്ടല്ല ഞാന്‍ ഇരിക്കുന്നത്. ദൈവം എനിക്ക് നല്ല സബ്ജക്ടുകള്‍ തരും എന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. വന്ന് നോക്കുമ്പോള്‍ അത് രാജുവിന്റെ സിനിമയായി. കടുവക്ക് ശേഷം മറ്റൊന്ന് ചെയ്തതിന് ശേഷമാണ് രാജുവിനെ വെച്ച് ചെയ്യുന്നതെങ്കില്‍ ഈ ചോദ്യം ഒഴിവാക്കാമായിരുന്നു.

രാജുവിനെ എനിക്ക് കിട്ടിയതില്‍ ഭയങ്കര സന്തോഷമുണ്ട്. വളരെ യങായ, എനര്‍ജറ്റിക്കായ ഒരു ഹീറോയെ കിട്ടിയതില്‍ ഞാന്‍ ഹാപ്പിയാണ്. 20 വര്‍ഷം മുമ്പ് മോഹന്‍ലാലിനെ വെച്ച് ചെയ്ത ഫീലാണ് എനിക്ക് ഇപ്പോള്‍ രാജുവിനെ വെച്ച് ചെയ്തപ്പോള്‍ കിട്ടിയത്.

അതായത് മോഹന്‍ലാലിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് ഒരു എനര്‍ജി കിട്ടില്ലെ, അതേ എനര്‍ജിയാണ് രാജുവില്‍ നിന്നും കിട്ടിയത്,” ഷാജി കൈലാസ് പറഞ്ഞു.

ഡിസംബര്‍ 22നാണ് കാപ്പ റിലീസ് ചെയ്തത്. ആസിഫ് അലി, ജഗദീഷ്, ദിലീഷ് പോത്തന്‍, അന്ന ബെന്‍, അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.

ഇന്ദുഗോപന്‍ തന്നെയാണ് കാപ്പയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് നിര്‍മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയും കാപ്പക്കുണ്ട്.

content highlight: director about shaji kailas about prithviraj