ആസിഫിനെ ആരും ശരിക്കും ഉപയോഗിച്ചിട്ടില്ല; എന്നാല്‍ ആ ചിത്രത്തിലൂടെ പറഞ്ഞതെല്ലാം തിരുത്തി: ദിന്‍ജിത്ത് അയ്യത്താന്‍
Entertainment
ആസിഫിനെ ആരും ശരിക്കും ഉപയോഗിച്ചിട്ടില്ല; എന്നാല്‍ ആ ചിത്രത്തിലൂടെ പറഞ്ഞതെല്ലാം തിരുത്തി: ദിന്‍ജിത്ത് അയ്യത്താന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th September 2024, 7:56 am

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ സംവിധായകനായി മലയാള സിനിമയിലേക്ക് അരങ്ങേറിയ വ്യക്തിയാണ് ദിന്‍ജിത്ത് അയ്യത്താന്‍. ആദ്യ സിനിമ തന്നെ ഒട്ടനവധി നിരൂപക പ്രശംസ അദ്ദേഹത്തിന് നേടിക്കൊടുത്തു.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. ദിന്‍ജിത്തിന്റെ ആദ്യ സിനിമയിലെപോലെ രണ്ടാം സിനിമയിലും ആസിഫ് അലി തന്നെയാണ് നായകന്‍. ആസിഫിനെ കുറിച്ച് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം. കോളേജ് കൗമാര റോളുകളില്‍ നിന്ന് ആസിഫ് അലിക്ക് ഒരു ബ്രേക്ക് കൊടുത്ത ചിത്രമാണ് കക്ഷി അമ്മിണിപിള്ളയെന്നും പ്രകടനത്തിന്റെ കാര്യത്തില്‍ അന്ന് മുതലേ തന്നെ അത്ഭുതപ്പെടുത്താന്‍ തുടങ്ങിയ ആളാണ് ആസിഫെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസിഫിനെ ആരും ശരിക്കും ഉപയോഗിച്ചിട്ടില്ലെന്നും എന്നാല്‍ ആ പറഞ്ഞതിന്റെ പരിണിതഫലമായിരുന്നു കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമെന്നും ദിന്‍ജിത്ത് പറയുന്നു. പണ്ടൊക്കെ ഒരു കഥപറയുമ്പോള്‍ അത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ തുറന്നു പറയാന്‍ ആസിഫിന് മടിയായിരുന്നെന്നും എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും പറയുകയാണ് ദിന്‍ജിത്ത്.

‘കക്ഷി അമ്മിണിപ്പിള്ള ചെയ്യുന്ന സമയത്ത് എനിക്ക് ഏറ്റവുമധികം ആത്മവിശ്വാസം തന്നിട്ടുള്ള വ്യക്തിയാണ് ആസിഫ് അലി. കോളേജ് കൗമാര കഥാപാത്രങ്ങളില്‍ നിന്ന് ആസിഫിന് ഒരു മാറ്റം കൊടുത്ത സിനിമയായിരുന്നു കക്ഷി അമ്മിണിപ്പിള്ള. ഒരു ചേട്ടന്‍ എന്നുള്ള നിലയില്‍ ആസിഫിനെ ആളുകള്‍ കാണാന്‍ തുടങ്ങുന്നത് അവിടെ നിന്നാണ്. വക്കീല്‍ വേഷവും ആസിഫിന് പുതുമയായിരുന്നു. പ്രകടനത്തിന്റെ കാര്യത്തിലും അന്ന് തൊട്ടേ എന്നെ അത്ഭുതപ്പെടുത്തിയ ആളാണ് ആസിഫ്.

ആസിഫിനെ ആരും ശരിക്ക് ഉപയോഗിച്ചില്ല എന്ന കാര്യം അന്ന് മുതലേ ഞാന്‍ ആലോചിക്കുന്നതാണ്. ഈ പറഞ്ഞതിന്റെ എല്ലാം പരിണിത ഫലം എന്ന് പറയുന്നതായിരുന്നു കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രം. കക്ഷി അമ്മിണിപ്പിള്ള കഴിഞ്ഞ് മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷമാണ് കെട്ട്യോളാണ് എന്റെ മാലാഖ വരുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ആസിഫിനോടുണ്ടായിരുന്ന സ്നേഹം നന്നായി മനസിലായത് ആ ചിത്രത്തിലായിരുന്നു.

എന്തും സംസാരിക്കാന്‍ ഇടം തരുന്ന ഒരു നടനാണ് ആസിഫ്. പണ്ടൊക്കെ ഒരു കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇല്ലാ എന്ന് പറയാന്‍ ആസിക്ക് ഒരു മടിയുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇല്ലാ എന്ന് നേരെ തന്നെ പറയും. സെലക്ടീവായി എന്ന് വേണം പറയാന്‍. കുറേക്കൂടെ ആത്മവിശ്വാസമുള്ള ഒരു നടനായി ആസിഫ് മാറിയിട്ടുണ്ട്. ഒരു കഥ കേട്ടാല്‍ വേണോ വേണ്ടയോ എന്നുള്ള കൃത്യമായ തീരുമാനമെടുക്കാന്‍ കഴിയുന്ന രൂപത്തിലേക്ക് അദ്ദേഹം മാറി,’ ദിന്‍ജിത്ത് പറയുന്നു

Content Highlight: Dinjith Ayyathan Talks  About Asif Ali