ജനീവ: ലോകത്ത് 473 ദശലക്ഷം കുട്ടികള്‍ യുദ്ധ ഭീകരതയില്‍. ലോകത്തെ ആറ് കുട്ടികളില്‍ ഒരാള്‍ വീതം യുദ്ധാന്തരീക്ഷമുള്ള പ്രദേശങ്ങളിലാണ് കഴിയുന്നത്. യു.എന്‍ ഏജന്‍സിയായ യൂണിസെഫാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
1990ല്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രതിസന്ധി നേരിട്ടിരുന്നത് 10 ശതമാനം കുട്ടികളാണ്. എന്നാല്‍ 2024ല്‍ എത്തിനില്‍ക്കുമ്പോള്‍ ഇത് 19 ശതമാനമായി വര്‍ധിച്ചു.
2023ന്റെ അവസാനത്തോടെ 47.2 ദശലക്ഷം കുട്ടികളാണ് സ്വന്തം രാജ്യങ്ങളില്‍ നിന്ന് കുടിയിറക്കപ്പെട്ടത്. ഇക്കാലയളവിലാണ് ഫലസ്തീനില്‍ ഇസ്രഈല്‍ സര്‍ക്കാര്‍ യുദ്ധം ആരംഭിച്ചത്. ഫലസ്തീന് പുറമെ സുഡാന്‍, മ്യാന്മാര്‍, ലെബനന്‍, ഹെയ്തി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കുട്ടികള്‍ കുടിയിറക്കപ്പെട്ടു.
കണക്കുകള്‍ അനുസരിച്ച് ആഗോള ജനസംഖ്യയുടെ 30 ശതമാനം കുട്ടികളാണ്. എന്നാല്‍ യുദ്ധത്തെ തുടര്‍ന്ന് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ 40 ശതമാനമാണ്.
കുട്ടികളെ സംബന്ധിച്ച് ഏറ്റവും മോശമായ വര്‍ഷം 2024 ആണെന്നും യു.എന്‍ ഏജന്‍സി ചൂണ്ടിക്കാട്ടി. വാക്‌സിന്‍ ലഭ്യതയിലെ കുറവ്, പോഷകാഹാരക്കുറവ്, ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യതയില്ലായ്മ, സമാധാനപരമായ അന്തരീക്ഷത്തിന്റെ അഭാവം തുടങ്ങിയവ കുട്ടികളുടെ ആരോഗ്യത്തെ ബാധിച്ചുവെന്നും യൂണിസെഫ് പറയുന്നു.
യുദ്ധവും കലാപവും തുടരുന്ന രാജ്യങ്ങളിലെ 52 ദശലക്ഷം കുട്ടികള്‍ വിദ്യാഭ്യാസത്തിന് പുറത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉക്രൈന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിറിയ എന്നിവിടങ്ങളില്‍ വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.
സുഡാനിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്നുണ്ടായ രൂക്ഷമായ പട്ടിണി കുട്ടികളുടെ മരണം വര്‍ധിക്കുന്നതിന് പ്രധാന കാരണമായി. വാക്സിന്‍ ലഭിക്കാത്ത ഏകദേശം 40 ശതമാനം കുട്ടികളും സംഘര്‍ഷ മേഖലകളിലാണ് കഴിയുന്നത്. ഇതേ തുടര്‍ന്ന് അഞ്ചാംപനി, പോളിയോ പോലുള്ള മാരക രോഗങ്ങള്‍ക്ക് കുട്ടികള്‍ വിധേയപ്പെട്ടു.
“This must not be the new normal.” – @unicefchief
In 2025, we must do more to turn the tide and save and improve the lives of children.
Full statement: https://t.co/InCsNiXwJi pic.twitter.com/keO0W9hGqU
— UNICEF (@UNICEF) December 28, 2024
യുദ്ധത്തിനിടയില്‍ വാക്സിന്‍ ലഭിക്കാതെ വന്നതോടെ ഗസയില്‍ 10 മാസം പ്രായമുള്ള കുഞ്ഞിന് പോളിയോ ബാധിച്ചിരുന്നു. 25 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഗസയില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് പോളിയോ ബാധിച്ച കുഞ്ഞ് തളര്‍ന്ന അവസ്ഥയിലേക്കും എത്തിയിരുന്നു.
ഗസയിലെ അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയാണ് പോളിയോ കൂടുതലായും ബാധിക്കുന്നത്. മരുന്നുകള്‍, ശുചിത്വ പരിപാലന ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ്, മലിന ജലം, സംസ്‌കരിക്കാത്ത മൃതദേഹങ്ങള്‍ എന്നിവയെല്ലാം രോഗവ്യാപന സാധ്യത കൂട്ടുകയായിരുന്നു.
യുദ്ധം ആരംഭിച്ചതോടെ ഗസയിലെ 70 ശതമാനം ഓവുചാലുകളും തകര്‍ന്ന നിലയിലായിരുന്നു. ശുദ്ധീകരണ പ്ലാന്റുകളില്‍ ഒന്നുപോലും പ്രവര്‍ത്തിച്ചിരുന്നില്ല.
2023 മുതല്‍ 22,557 കുട്ടികള്‍ ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ ആക്രമണങ്ങളില്‍ 32,990 നിയമലംഘനങ്ങളാണ് ഐക്യരാഷ്ട്ര സംഘടന രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ 2023 ന്റെ അവസാനം മുതല്‍ അങ്ങോട്ട്, ഹെയ്തിയില്‍ കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങളില്‍ 1000 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഭിന്നശേഷിക്കാരായ കുട്ടികളോട് പോലും അക്രമികള്‍ ദയ കാണിച്ചില്ല.
ബാലവേലയും വ്യാപകമായി ഹെയ്തിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സായുധ സംഘടനകള്‍ക്ക് വേണ്ടി കുഞ്ഞുങ്ങള്‍ മയക്കുമരുന്ന്, ആയുധം, വെടിമരുന്ന് അടക്കം കൈമാറ്റം ചെയ്യുന്നുവെന്നായിരുന്നു ഭൂരിഭാഗം റിപ്പോര്‍ട്ടുകളും. കുട്ടികള്‍ക്കിടയില്‍ ഗുണ്ടാ റിക്രൂട്ട്‌മെന്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സുഡാനില്‍ ആറ് വയസിന് താഴെയുള്ള കുട്ടികള്‍ വെടിയേറ്റ് മരിക്കുകയും ചികിത്സയില്‍ കഴിയുകയുമാണ്. യൂണിസെഫ് പറയുന്നത് പ്രകാരം, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരേസമയം ലോകം നിരവധി സംഘര്‍ഷങ്ങള്‍ നേരിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
വരും വര്‍ഷങ്ങള്‍ കുട്ടികള്‍ക്ക് സമാധാനമുള്ളതാകട്ടെയെന്ന് ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെയുളള അന്താരാഷ്ട്ര സ്ഥാപനങ്ങളും ലോകത്തെ ഭൂരിഭാഗം മനുഷ്യരും പ്രതീക്ഷിക്കുന്നു.
Content Highlight: 2024 worst year for children; 473 million children in the world in war terror: UNICEF