ലാൽജോസ് ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്ന ഞാൻ ആദ്യമായി ഫോട്ടോയെടുത്തത് ആ നടിക്കൊപ്പമാണ്: ദിലീഷ് പോത്തൻ
Entertainment
ലാൽജോസ് ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്ന ഞാൻ ആദ്യമായി ഫോട്ടോയെടുത്തത് ആ നടിക്കൊപ്പമാണ്: ദിലീഷ് പോത്തൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th December 2024, 8:10 am

തന്റെ വ്യത്യസ്തമായ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് ദിലീഷ് പോത്തൻ. വെറും മൂന്ന് ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകനായ ദിലീഷ് പോത്തൻ ആദ്യമായി ഒരുക്കിയ ചിത്രം മഹേഷിന്റെ പ്രതികാരമായിരുന്നു.

ആദ്യചിത്രം തന്നെ സംസ്ഥാന ദേശീയ അവാർഡുകളും കരസ്ഥമാക്കി. സംവിധാനത്തിന് മുമ്പ് തന്നെ ചെറിയ കഥാപാത്രങ്ങളായി ദിലീഷ് പോത്തൻ ചില സിനിമകളുടെ ഭാഗമായിട്ടുണ്ട്.

തന്റെ ജീവിതത്തിൽ ആദ്യമായി കണ്ട സിനിമ ഷൂട്ടിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തൻ. ചെറുപ്പത്തിൽ ആദ്യമായി കണ്ട സിനിമ ഷൂട്ടിങ് മാന്നാർ മത്തായി സ്‌പീക്കിങ് എന്ന സിനിമയുടേതാണെന്നും പിന്നീട് ഡിഗ്രിക്ക് പഠിക്കുമ്പോൾ ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയുടെ ഷൂട്ടും കണ്ടിട്ടുണ്ടെന്നും ദിലീഷ് പറഞ്ഞു.

ആ ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ കഴിഞ്ഞെന്നും സംയുക്ത വർമയോടെയൊപ്പം അന്ന് ഫോട്ടോ എടുത്തെന്നും അദ്ദേഹം പറഞ്ഞു. സൂരജ് സുകുമാരൻ നൽകിയ അഭിമുഖത്തിൽ ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തൻ.

‘കോട്ടയത്ത് നടന്ന ‘മാന്നാർ മത്തായി സ്‌പീക്കിങ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങായിരുന്നു ഞാനാദ്യമായി കണ്ടത്. ബന്ധു വീടിൻ്റെ അടുത്തായിരുന്നു ഷൂട്ടിങ്. ഒരുദിവസം പപ്പ വന്ന് പറഞ്ഞു, വാ, നമുക്ക് ഒരുസ്ഥലംവരെ പോകാമെന്ന്. എങ്ങോട്ടാണെന്നൊന്നും ചോദിക്കാതെ ഞാൻ പോയി. നേരേ കോട്ടയത്തുള്ള ബന്ധുവീട്ടിൽ കൊണ്ടുവിട്ടു.

എടാ, അപ്പുറത്തെ വീട്ടിൽ സിനിമാ ഷൂട്ടിങ് നടക്കുന്നുണ്ട്. നീ പോയി കണ്ടോ എന്ന് പറഞ്ഞു. പഠനത്തിൽ ശ്രദ്ധകുറയും എന്നുള്ളത് കൊണ്ട് എൻ്റെ സിനിമാപ്രേമത്തിന് എതിരായിരുന്ന പപ്പ ഷൂട്ടിങ് കാണിക്കാൻ എന്നെ കൊണ്ടുപോയത് എനിക്ക് വല്ലാത്തൊരു സന്തോഷമുണ്ടാക്കി. അങ്ങനെ ആ വീടിൻ്റെ മതിലിൽ വലിഞ്ഞുകയറിയിരുന്ന് പകൽ മുഴുവൻ ഷൂട്ടിങ് കണ്ടു.

ഉർവശി തിയേറ്റേഴ്‌സ് എന്ന വീട്ടിലെ രംഗങ്ങളായിരുന്നു അവിടെ ചിത്രീകരിച്ചത്. പിന്നീട് മൈസൂരുവിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ മറ്റൊരു സിനിമ ഷൂട്ടിങ് കണ്ടു. ലാൽജോസിൻ്റെ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ ആയിരന്നുവത്. യാദ്യച്ഛികമായി ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കുകയും ചെയ്‌തു. ഒരു സിനിമ സെലിബ്രിറ്റിക്കൊപ്പം ആദ്യമായി ഫോട്ടോയെടുത്തത് ആ സെറ്റിൽവെച്ചാണ്. സംയുക്താ വർമയ്ക്കൊപ്പം,’ദിലീഷ് പോത്തൻ.

Content Highlight: Dileesh Pothan About Chandranudhikkunna Dhikkil Movie