മാലിക് സംവിധാനം ചെയ്യുന്ന സമയത്ത് ചെറിയ ഘടകങ്ങള്‍ പോലും വളരെ ശ്രദ്ധയോടെയാണ് മഹേഷ് നാരായണന്‍ ചെയ്തിരുന്നതെന്ന് പറയുകയാണ് നടന്‍ ദിനേഷ് പ്രഭാകര്‍. ചെറുപ്പം മുതല്‍ പ്രായമാവുന്നതുവരെ ആളുകള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ രൂപത്തിലും ഭാവത്തിലും മാത്രമല്ല, ശബ്ദത്തിലും കൊണ്ടുവരണമെന്ന് മഹേഷ് നാരായണന്‍ പറഞ്ഞിരുന്നതായും ദിനേഷ് പ്രഭാകര്‍ പറഞ്ഞു.
‘നാല് കാലഘട്ടത്തില്‍ നാല് തരത്തിലുള്ള ശബ്ദം വരണമെന്ന് മഹേഷേട്ടന്‍ പറഞ്ഞിരുന്നു. സ്ലാങ്ങിന്റെ കാര്യത്തിലും മഹേഷേട്ടന്‍ നല്ല വണ്ണം ശ്രദ്ധിച്ചിരുന്നു. ഡബ്ബ് ചെയ്യുമ്പോള്‍ ഒരു സഹായിയെ കൂടെ നിര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്,’ ദിനേഷ് പറയുന്നു.
പലകുറി റിഹേഴ്‌സല്‍ കഴിഞ്ഞാണ് ആദ്യത്തെ പന്ത്രണ്ട് മിനിട്ടുള്ള ഷോട്ട് ചെയ്തതെന്നും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദിനേഷ് പറഞ്ഞു.
പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് ദിനേഷ് ചിത്രത്തില്‍ അവതരിപ്പിച്ചത്.
ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന മാലിക് കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു. പിന്നീട് രണ്ടാം തരംഗം ശക്തമായതോടെ സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിക്കുകയായിരുന്നു.
സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, രാജേഷ് ശര്‍മ, അമല്‍ രാജ്, സനല്‍ അമന്‍, പാര്‍വതി കൃഷ്ണ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.
ടേക്ക് ഓഫിനും സീ യു സൂണിനും ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.