മോഹന്‍ലാലിസം മാറ്റിവെച്ച് സുരേഷ് ഗോപിസമാക്കിയാല്‍ നല്ല ഒരു സിനിമയാവുമെന്ന് രഞ്ജിത്ത് പറഞ്ഞു: ദിനേശ് പണിക്കര്‍
Film News
മോഹന്‍ലാലിസം മാറ്റിവെച്ച് സുരേഷ് ഗോപിസമാക്കിയാല്‍ നല്ല ഒരു സിനിമയാവുമെന്ന് രഞ്ജിത്ത് പറഞ്ഞു: ദിനേശ് പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th November 2022, 6:24 pm

സുരേഷ് ഗോപിയെ നായകനാക്കി ഷാജുണ്‍ കരിയാല്‍ സംവിധാനം ചെയ്ത് 1996ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രജപുത്രന്‍. ഈ സിനിമയുടെ കഥ മോഹന്‍ലാലിന് വേണ്ടിയാണ് ആദ്യം രഞ്ജിത്ത് എഴുതിയതെന്നും പിന്നീട് സുരേഷ് ഗോപി ചിത്രമാവുകയായിരുന്നുവെന്നും പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ദിനേശ് പണിക്കര്‍.

‘കളിവീട് എന്ന ചിത്രം പ്രഖ്യാപിച്ച സമയത്താണ് സുരേഷ് ഗോപിയുടെ ഡേറ്റ് കിട്ടുന്നത്. നല്ലൊരു തിരക്കഥ വേണമെന്ന സുരേഷ് ഗോപിയുടെ ആവശ്യപ്രകാരം രഞ്ജിത്തിനെ കഥ എഴുതാന്‍ വിളിച്ചു. ഐ.വി. ശശിയുടെ ചീഫ് അസോസിയേറ്റായിരുന്ന ഷാജുണ്‍ കരിയാലിനെ സിനിമയുടെ സംവിധായകനാക്കി. അങ്ങനെ സുരേഷ് ഗോപിയെ നായകനാക്കിയുള്ള സിനിമ പ്ലാന്‍ ചെയ്യുകയാണ്.

അപ്പോള്‍ തന്നെ കളിവീടിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടക്ക് തന്നെ വേറൊരു ചിത്രം തുടങ്ങേണ്ട അവസ്ഥയിലായി ഞാന്‍. പക്ഷേ സുരേഷ് ഗോപിയുടെ വലിയ സെറ്റപ്പിലുള്ള പടം ചെയ്യാന്‍ ചാന്‍സ് കിട്ടിയാല്‍ ആരെങ്കിലും വേണ്ടെന്ന് പറയുമോ. ഞാന്‍ റിസ്‌കെടുത്ത് രണ്ട് സിനിമകള്‍ ഒരേ സമയത്ത് തന്നെ ചിത്രീകരിക്കാന്‍ തീരുമാനിച്ചു.

സുരേഷ് ഗോപിക്ക് വേണ്ടി ഗേറ്റ് വേ ഓഫ് ഇന്ത്യ എന്ന് പേരിട്ട ചിത്രത്തിന്റെ കഥ രഞ്ജിത്ത് പറഞ്ഞു. സുരേഷ് ഗോപിക്ക് ഇഷ്ടപ്പെട്ടു. ആ സമയത്ത് മോഹന്‍ ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എംപറര്‍ എന്ന സിനിമ എഴുതാന്‍ രഞ്ജിത്തിനെ വിളിച്ചു. അത് പെട്ടെന്ന് എഴുതി തീര്‍ത്തിട്ട് വരാമെന്ന് രഞ്ജിത്ത് പറഞ്ഞു. കുഴപ്പമില്ല തീര്‍ത്തിട്ട് വരാന്‍ ഞാന്‍ പറഞ്ഞു.

എന്നാല്‍ ആ പ്രോജക്ട് രണ്ടും മൂന്നും മാസമായിട്ടും നീങ്ങിയില്ല. അങ്ങനെ എനിക്ക് ടെന്‍ഷനായി തുടങ്ങി. സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ട് അടുത്തടുത്ത് വരുന്നു. രഞ്ജിത്തിനോട് ഇതിനെപറ്റി സംസാരിച്ചു. ഇനി ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ കഥ എഴുതിവരാന്‍ സമയമെടുക്കും. മോഹന്‍ലാലിന് വേണ്ടി എഴുതിയ എംപറര്‍ എന്ന സബ്ജക്ട് നിങ്ങളെ കേള്‍പ്പിക്കാം. സുരേഷ് ഗോപിക്ക് വേണ്ടി ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. മോഹന്‍ലാലിസം മാറ്റിവെച്ച് സുരേഷ് ഗോപിസമാക്കിയാല്‍ നമുക്ക് ആ ചിത്രം ചെയ്യാമെന്ന് രഞ്ജിത്ത് പറഞ്ഞു.

ആ കഥ കേട്ടപ്പോള്‍ നല്ല ത്രില്ലുള്ള സബജക്ട്. ഇത് തനി സുരേഷ് ഗോപി ചിത്രമാകുമെന്ന് ഉറപ്പായി. കാരണം അതില്‍ സുരേഷ് ഗോപിയുടെ ഗ്ലാമറുണ്ട്, ഡയലോഗ്‌സ്, ആക്ഷനെല്ലാമുണ്ട്. അങ്ങനെ മോഹന്‍ലാലിന് വേണ്ടി എഴുതിയ കഥയില്‍ സുരേഷ് ഗോപി നായകനായി,’ ദിനേശ് പണിക്കര്‍ പറഞ്ഞു.

Content Highlight: Dinesh Panicker says that Ranjith first wrote the story of this film rajaputhren for Mohanlal