അവൻ വലിയ മത്സരങ്ങളിൽ മികച്ച പ്രകടങ്ങൾ നടത്തും: ദിനേശ് കാർത്തിക്
Cricket
അവൻ വലിയ മത്സരങ്ങളിൽ മികച്ച പ്രകടങ്ങൾ നടത്തും: ദിനേശ് കാർത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th September 2024, 9:44 pm

ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. വിരാട് ഒരു ദശാബ്ദകാലത്തോളം ബാറ്റ് ചെയ്ത താരമാണെന്നും വലിയ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ കോഹ്‌ലിക്ക് സാധിക്കുമെന്നുമാണ് ദിനേശ് കാര്‍ത്തിക് പറഞ്ഞത്. ക്രിക്ബസിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ഒരു ദശാബ്ദത്തിലേറെ വിരാട് കോഹ്‌ലി കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കളിക്കളത്തില്‍ വലിയ നിമിഷങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തും. ആ നിമിഷങ്ങളെ വിരാട് നന്നായി ഇഷ്ടപ്പെടുന്നുണ്ട്. ജീവിതത്തില്‍ എനിക്കൊപ്പം ബാറ്റ് ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്ന താരം കോഹ്‌ലിയാണ്,’ ദിനേശ് കാര്‍ത്തിക് പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് കോഹ്‌ലി. ഇതിനോടകം തന്നെ വിരാട് 113 മത്സരങ്ങളില്‍ 191 ഇന്നിങ്സുകളില്‍ നിന്നും 8848 റണ്‍സും കോഹ്‌ലി നേടിയത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി.

ഏകദിനത്തില്‍ 295 മത്സരങ്ങളില്‍ 283 ഇന്നിങ്സുകളില്‍ നിന്നും 13906 റണ്‍സാണ് നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് കോഹ്‌ലി നേടിയത്.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം കുട്ടി ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയത്. ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും വിരാട് ആയിരുന്നു.

കലാശ പോരാട്ടത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിക്കൊണ്ടായിരുന്നു കോഹ്‌ലി തിളങ്ങിയത്. ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചായും കോഹ്‌ലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടി-20 ലോകകപ്പ് വിജയിച്ചതിന് പിന്നാലെ വിരാട് ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയായിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. ഇത് കഴിഞ്ഞാല്‍ ന്യൂസിലാന്‍ഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയുമാണ് ഇന്ത്യ കളിക്കുക. ഇതില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കാണ്.

 

Content Highlight: Dinesh Karthik Talks About Virat Kohli