ഈ തോല്‍വിയില്‍ ഞാന്‍ വിരാട് കോഹ്‌ലിയെ പിന്തുണയ്ക്കുന്നില്ല, പക്ഷേ...: ദിനേഷ് കാര്‍ത്തിക്
Sports News
ഈ തോല്‍വിയില്‍ ഞാന്‍ വിരാട് കോഹ്‌ലിയെ പിന്തുണയ്ക്കുന്നില്ല, പക്ഷേ...: ദിനേഷ് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th August 2024, 4:25 pm

നീണ്ട 27 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ ഒരു ഏകദിന പരമ്പരയില്‍ പരാജയപ്പെടുന്നത്. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് തോല്‍ക്കുകയായിരുന്നു.

മൂന്ന് മത്സരത്തില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ പരമ്പര അടിയറവ് വെച്ചത്. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം മത്സരം 32 റണ്‍സിലും അവസാന മത്സരം 110 റണ്‍സിനും പരാജയപ്പെട്ടു.

 

ശ്രീലങ്കന്‍ മണ്ണില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള വിരാട് കോഹ്‌ലിക്കും ഈ പരമ്പരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ 24 റണ്‍സ് നേടിയ വിരാട് രണ്ടാം മത്സരത്തില്‍ 14നും മൂന്നാം മത്സരത്തില്‍ 20നും പുറത്തായി.

ഈ പരമ്പരയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്. കൊളംബോയിലെ പിച്ചില്‍ സ്പിന്നിനെതിരെ ബാറ്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ് എന്നാണ് ഡി.കെ. പറയുന്നത്.

‘ഈ പരമ്പരയില്‍ നമുക്ക് അത് സമ്മതിച്ചേ പറ്റൂ. വിരാട് കോഹ്‌ലിയോ രോഹിത് ശര്‍മയോ മറ്റേത് താരവുമാകട്ടെ എട്ട് മുതല്‍ 30 വരെയുള്ള ഓവറുകളില്‍ സെമി ന്യൂ ബോളിനെതിരെ ബാറ്റ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനെ കുറിച്ച് ചിന്തിച്ച് വിഷമിക്കേണ്ടതില്ല.

എല്ലാ പിച്ചുകളും ഇതേ രീതിയിലല്ല പെരുമാറുക. പക്ഷേ ഇത് സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ ബുദ്ധിമുട്ടേറിയ പിച്ചായിരുന്നു. ഇവിടെ ഞാന്‍ വിരാട് കോഹ്‌ലിയെ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. പക്ഷേ ഈ പിച്ചില്‍ സ്പിന്നര്‍മാര്‍ക്കെതിരെ ബാറ്റ് ചെയ്യുക എന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയെ കുറിച്ചും ടീം സെറ്റപ്പിനെ കുറിച്ചും ഡി.കെ സംസാരിച്ചിരുന്നു.

‘നമുക്ക് ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് തന്നെ തുടങ്ങാം. തുടക്കമെന്ന നിലയില്‍ ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഒരുപാട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനുണ്ട്.

ഇക്കാരണം കൊണ്ടുതന്നെ അടുത്ത പരമ്പരയില്‍ ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ കാണാന്‍ നമുക്ക് സാധിക്കും. ഇംഗ്ലണ്ടിനെതിരെ അടുത്ത വര്‍ഷമാണ് ആ പരമ്പരയുള്ളത്. അതിനായി ഇനിയും സമയമുണ്ട്.

എനിക്ക് വളരെയധികം ആത്മവിശ്വാസമുണ്ട്. ശ്രീലങ്കയില്‍ കണ്ട ആ ടീമിനെയായിരിക്കില്ല നിങ്ങള്‍ അടുത്ത പരമ്പരയില്‍ കാണുക. ചില മാറ്റങ്ങള്‍ ഉറപ്പായും ഉണ്ടാകും.

ബിഗ് ഇവന്റ് മാച്ചുകളിലേക്ക് വരുമ്പോള്‍ ഇന്ത്യ ബീസ്റ്റ് മോഡിലുള്ള ഇന്ത്യയാകുന്നത് കാണാറില്ലേ, ആ സ്ഥലത്തേക്ക് ഇന്ത്യ എത്തുമെന്ന് എനിക്കിപ്പോള്‍ നിങ്ങളോട് പറയാന്‍ സാധിക്കും,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

 

Content Highlight: Dinesh Karthik about Virat Kohli and India vs Sri Lanka ODI series