Advertisement
Entertainment
ഒപ്പം അഭിനയിക്കുമ്പോള്‍ സന്തോഷം നല്‍കുന്ന നടന്‍; അയാള്‍ വളരെ ഡെഡിക്കേറ്റഡാണ്: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 03, 05:06 am
Monday, 3rd March 2025, 10:36 am

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃസാക്ഷിയും, ജോജി തുടങ്ങി വെറും മൂന്ന് ചിത്രങ്ങളിലൂടെ തന്നെ മലയാളത്തിലെ മികച്ച സംവിധായകനായി മാറിയ ആളാണ് ദിലീഷ് പോത്തന്‍. അദ്ദേഹത്തിന്റേതായി തിയേറ്ററില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഔസേപ്പിന്റെ ഒസ്യത്ത്. ഈ സിനിമയില്‍ വിജയരാഘവന്റെ മകനായിട്ടാണ് ദിലീഷ് എത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ റൈഫിള്‍ ക്ലബിലും വിജയരാഘവനൊപ്പം അദ്ദേഹം അഭിനയിച്ചിരുന്നു. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയരാഘവനെ കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തന്‍. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ നല്ല കംഫേര്‍ട്ടാണെന്നും ചെറിയ കാര്യങ്ങള്‍ക്ക് പോലും അദ്ദേഹം വളരെ വലിയ എഫേര്‍ട്ട് എടുക്കുമെന്നും ദിലീഷ് പോത്തന്‍ പറയുന്നു.

‘കുട്ടേട്ടന്റെ (വിജയരാഘവന്‍) കൂടെ വര്‍ക്ക് ചെയ്യാന്‍ അടിപൊളിയാണ്. ആ സമയത്ത് നമുക്ക് വളരെ സന്തോഷം തോന്നും. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാന്‍ നല്ല കംഫേര്‍ട്ടാണ്. ഞാന്‍ ഈയിടെ പല പടങ്ങളിലും കുട്ടേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്.

ഔസേപ്പിന്റെ ഒസ്യത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ മൂന്ന് ആണ്‍ മക്കളില്‍ മൂത്ത ആളായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. അഭിനയത്തില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും കുട്ടേട്ടന്‍ എടുക്കുന്ന ഒരു എഫേര്‍ട്ടുണ്ട്. ഞാന്‍ അദ്ദേഹത്തോട് പേഴ്‌സണലി അതിനെ കുറിച്ചൊക്കെ ചോദിച്ചിട്ടുണ്ട്.

ഞാന്‍ ഇപ്പോള്‍ പത്തിരുപത് സിനിമകളില്‍ അഭിനയിച്ചു. ഓരോ സിനിമ കഴിയുമ്പോഴും നമുക്ക് കൗതുകം കുറഞ്ഞു വരും. നമ്മളൊക്കെ മനുഷ്യരല്ലേ. പക്ഷെ കുട്ടേട്ടന്‍ എത്രയേറെ സിനിമയില്‍ അഭിനയിച്ചു. എത്രതരം കഥാപാത്രങ്ങള്‍ ചെയ്തു.

എത്ര അച്ഛന്‍ റോളുകള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്ന് നമുക്ക് തന്നെ അറിയാം. ‘ഇത് എത്രാമത്തെ അച്ഛന്‍ റോളാണ്’ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. ഓരോ സിനിമയിലും ചെറിയ കാര്യങ്ങള്‍ പോലും വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം ചെയ്യുക.

ചില സീനില്‍ മീശയുടെ മുകളില്‍ ചെറിയ നര കൊടുത്തിട്ടുണ്ടാകും. അടുത്ത സീനില്‍ ആ നര കൊടുത്തില്ലെങ്കില്‍ കുട്ടേട്ടന് ടെന്‍ഷനാകും. അത്രയധികം ഇന്‍വോള്‍വ് ചെയ്താണ് ഓരോ സീനും സിനിമയും അഭിനയിക്കുക.

എഴുത്തുകാരെ സംവിധായകനോ തന്റെ ക്യാരക്ടറില്‍ കൃത്യമായി വര്‍ക്ക് ചെയ്തിട്ടില്ലെന്ന് തോന്നിയാല്‍ പിന്നെ കുട്ടേട്ടന്‍ ഇടയും (ചിരി). ഇറിട്ടേഷന്‍ കാണിക്കും. വളരെ ഡെഡിക്കേറ്റഡായ നടനാണ് അദ്ദേഹം,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlight: Dileesh Pothan Talks About Vijayaraghavan