Kerala News
ശബരിമലയിലെ ദിലീപിന്റെ വി.ഐ.പി പരിഗണന; ഭക്തരെ തടയാന്‍ ആരാണ് അനുവാദം നല്‍കിയത്?; വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 12, 06:00 am
Thursday, 12th December 2024, 11:30 am

കൊച്ചി: നടന്‍ ദിലീപിന് വി.ഐ.പി പരിഗണന നല്‍കി സന്നിധാനത്ത് ദര്‍ശനം അനുവദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ദിലീപിന്റെ വി.ഐ. പി ദര്‍ശനം ഗൗരവകരമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്നും ചോദിച്ചു.

ദിലീപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഭക്തര്‍ക്ക് തടസം നേരിട്ടുവെന്ന് മനസിലാക്കിയെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്‍ ദിലീപിന് സോപാനത്തിന് സമീപം ഹരിവരാസനം ചൊല്ലി തീരുന്നത് വരെ ദര്‍ശനം ഒരുക്കിയതിന് ദേവസ്വം ബെഞ്ച് രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാനും ബെഞ്ച് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

ഈ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനാണ് ഇവരെപ്പോലുള്ള ആളുകള്‍ക്ക് എന്ത് പ്രത്യേക പരിഗണനയാണ് ഉള്ളതെന്ന് ചോദിച്ചത്. എന്താണ് ഈ പരിഗണനയുടെ മാനദണ്ഡം എന്നും കോടതി ചോദിക്കുകയുണ്ടായി.

ദിലീപിന്റെ ദര്‍ശന സമയത്ത് ആദ്യത്തെ നിരയില്‍ ഒരുപാട് പേര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവരെ തടഞ്ഞാണ് ദിലീപിനെ അനുവദിച്ചത്. മറ്റ് ഭക്തരെ തടഞ്ഞുകൊണ്ട് ഇത്തരക്കാരെ അനുവദിക്കാന്‍ ആരാണ് അധികാരം നല്‍കിയതെന്നും ഈ വിഷയത്തില്‍ എന്ത് നടപടി എടുത്തെന്നും കോടതി ചോദിച്ചു.

ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ ഭക്തരെ കയറ്റി വിടുന്നത് എന്ത് മാനദണ്ഡം അനുസരിച്ചാണെന്നും കോടതി ചോദിക്കുകയുണ്ടായി.

വി.ഐ.പി ഭക്തര്‍ എന്ന പരിഗണനയെ പല ഘട്ടങ്ങളിലായി ഹൈക്കോടതി നേരത്തെയും വിമര്‍ശിച്ചിട്ടുണ്ട്. ദിലീപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ സന്നിധാനത്ത് നടന് താമസം ഒരുക്കിയത് മന്ത്രിമാരും ദേവസ്വം ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന കോംപ്ലക്‌സിലാണെന്നാണ് കണ്ടെത്തിയിരുന്നു. ദിലീപിന് വി.ഐ.പി പരിഗണന നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിക്കുകയുണ്ടായി.

ഹരിവരാസന സമയത്ത് തന്ത്രി ഗേറ്റ് വഴിയാണ് നടന് സന്നിധാനത്തേക്ക് പ്രവേശനം അനുവദിച്ചത്. തുടര്‍ന്ന് വി.ഐ.പി പരിഗണനയും നടന് നല്‍കിയിരുന്നു. ഹരിവരാസനം കീര്‍ത്തനം പൂര്‍ത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.

വാടക പോലും വാങ്ങാതെയാണ് നടന് സന്നിധാനത്ത് താമസസൗകര്യം ഒരുക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമലയില്‍ അക്കോമഡേഷന്‍ ചുമതലയുള്ള എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും വീഴ്ച പറ്റിയതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ദിലീപിന് ലഭ്യമായ വി.ഐ.പി പരിഗണനയില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി നടപടിയെടുക്കാന്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവനും ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlight: Dileep’s VIP treatment at Sabarimala; Who gave permission to stop devotees?; High Court asks