കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപും സംഘവും ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന സുപ്രധാന ചര്‍ച്ചകളടങ്ങിയ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ശബ്ദരേഖകള്‍ റിപ്പോര്‍ട്ടര്‍ ടി.വിക്കാണ് ലഭിച്ചത്.
ജഡ്ജിയുമായി ആത്മബന്ധം സ്ഥാപിക്കണമെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്. ദിലീപ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയ മുംബൈ ലാബില്‍ നിന്നുള്ള കൂടുതല്‍ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
ദിലീപിന്റെ കേസ് കൈമാറിയിട്ടുള്ള കോടതിയിലെ ജഡ്ജി എക്സൈസ് ഉദ്യോഗസ്ഥനായ ജിജുവിന്റെ ഭാര്യയാണെന്ന് അനൂപ് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം. ലോക്കപ്പ് മര്‍ദ്ദന മരണത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണം വന്നിരിക്കുന്നത് ജിജുവിനെതിരെയാണെന്ന് അനൂപ് പറയുന്നു.
ദിലീപിന്റെ അഭിഭാഷകനായ സന്തോഷിനെ അവര്‍ ബന്ധപ്പെട്ടു, നമ്മുടെ ഭാഗത്ത് ആശയക്കുഴപ്പം ഉണ്ടാകരുത്, അവരുടെ ജീവിതത്തേയും ഭാവിയേയും ബാധിക്കുന്ന കാര്യമാണ് എന്ന് പറഞ്ഞു, എന്നിങ്ങനെയെല്ലാം ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം. ജഡ്ജിയുമായി ആത്മബന്ധം ഒന്നു കൂടി നിലനിര്‍ത്താന്‍ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണശകലം അവസാനിക്കുന്നത്.
ശബ്ദരേഖയില്‍ പറയുന്നത്
അനൂപ്: ചേട്ടാ നമസ്‌കാരം, തേടിയ വള്ളി കാലില്‍ ചുറ്റി എന്നുപറയുന്നത് പോലെയാണ്. ഇപ്പോഴത്തെ നമ്മുടെ ചേട്ടന്റെ ഈ കേസ് കൈമാറിയിട്ടുള്ള ജഡ്ജിയുണ്ടല്ലോ മൂപ്പരുടെ ഹസ്ബന്റിനെരെയാണ് ഏറ്റവും കൂടുതല്‍ ആരോപണം വന്നത്. ഒരു ലോക്കപ്പ് മര്‍ദ്ദന മരണം. എക്‌സൈസിന്റെ ജിജു എന്നു പറഞ്ഞിട്ടുള്ള മൂപ്പരുടെ ഹസ്ബന്റാണ് സി.ഐ. അപ്പോള്‍ അതുമായി ബന്ധപ്പെട്ട് നമ്മുടെ സന്തോഷ് വക്കീലിനെ അവര്‍ കോണ്‍ടാക്റ്റ് ചെയ്തിരുന്നു.
നമ്മുടെ ഭാഗത്ത് നിന്ന് കണ്‍ഫ്യൂഷന്‍ ഉണ്ടാകരുത്. അതവരുടെ ലൈഫിനേയും ഭാവിയേയും ബാധിക്കുന്ന കാര്യമാണ്. അത് നമ്മുക്ക് വളരെ പോസിറ്റീവായിട്ടുള്ളതാണ്. വേറെ ടെന്‍ഷനുണ്ടാക്കുന്നില്ല. ആത്മബന്ധം ഒന്നുകൂടി കീപ്പ് ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്ന് അര്‍ത്ഥം.
Content Highlights: Dileep’s brother Anoop trying to influence actress attack case judge