ധ്രുവന്‍, സാനിയ ഇയ്യപ്പന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചിത്രീകരിച്ച ക്വീനിലൂടെയാണ് ഡിജോ ജോസ് ആന്റണി സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത്. പുതുമുഖങ്ങളെ വെച്ച് ചെയ്ത കാമ്പസ് ചിത്രം അന്ന് വലിയ ഹിറ്റായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഓഡീഷന്‍ മുതല്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഡിജോ ജോസ് ആന്‍ണി.
‘ക്വീനിന്റെ ഓഡീഷന് വന്നവരില്‍ 90 ശതമാനവും വിചാരിച്ചത് ഇത് സ്ഥിരം നടക്കുന്നതുപോലൊരു ഓഡീഷനാണ്, ഈ പടം ഇറങ്ങത്തുപോലുമില്ല എന്നൊക്കെയാണ്. അന്ന് ഞാന്‍ ക്വീനിന് വേണ്ടി ഒരുപാട് ആര്‍ട്ടിസ്റ്റുകളെ കാണാന്‍ ശ്രമിച്ചിരുന്നു. ക്വീന്‍ നല്ല ആര്‍ട്ടിസ്റ്റുകളെ വെച്ച് ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. ഫസ്റ്റ് പടമല്ലേ. പിന്നെ വാശിയാണോയെന്നറിയില്ല, നമുക്ക് ആരുമില്ലല്ലോ, അള്‍ട്ടിമേറ്റ് സീറോയല്ലേ. നമുക്ക് ആരേയും നോക്കാനില്ല, അങ്ങ് ചെയ്യുക എന്ന ധൈര്യത്തിന്റെ പുറത്ത് കളിച്ച കളിയാണ് ക്വീന്‍,’ ഡിജോ പറഞ്ഞു.
‘അതില്‍ പോലും പടം കയ്യില്‍ നിന്നും പോകുന്ന ഒരു ഘട്ടം വന്നിരുന്നു. എനിക്ക് എന്റെ കണ്‍ട്രോള്‍ പോവുകയായിരുന്നു. പടം നടക്കില്ല എന്ന ഘട്ടത്തിലായി. ആ നിമിഷത്തില്‍ ഞാന്‍ എടുക്കുന്ന ഡിസിഷനാണ് ട്രെയ്‌ലര്‍ ഷൂട്ട് ചെയ്യുക എന്നത്. ക്വീനിന്റെ ട്രെയ്‌ലര്‍ അന്ന് ഭയങ്കര പോപ്പുലറായിരുന്നു. ക്വീനിന്റെ ട്രെയ്‌ലറിലെ ഒരു സീന്‍ പോലും ആ പടത്തിലില്ല. നമ്മുടെ ഒരു അവസ്ഥ കൊണ്ടു ചെയ്തതാണത്.
പടത്തിന്റെ ഷൂട്ട് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ധ്രുവന്‍ ഉള്‍പ്പെടുന്ന ഗ്യാങിനെ വിളിച്ച് നമ്മള്‍ ഒരു കളി കളിക്കാന്‍ പോവുകയാണ്, കൂടെ നിക്കണമെന്ന് പറഞ്ഞു. അങ്ങനെയാണ് അവരെ വെച്ച് ട്രെയ്‌ലര്‍ മാത്രം ഷൂട്ട് ചെയ്തത്. പക്ഷേ അത് കഴിഞ്ഞപ്പോള്‍ അവരാരും സിനിമക്ക് വന്നില്ല. അവര്‍ പിന്നെ വേറെ തിരക്കായിപ്പോയി.
ക്വീനിന്റെ റിലീസിനന്ന് ഞാന്‍ എയറിലായിരുന്നു. പടത്തിന്റെ ഹാര്‍ഡ് ഡിസ്‌കുമായാണ് വന്ന് ലാന്‍ഡ് ചെയ്യുന്നത്. 12:30 കഴിഞ്ഞു എത്തിയപ്പോള്‍. ഞാന്‍ ലേറ്റായതുകൊണ്ട് ലുലുവിലെ ഒരു ഷോ കാന്‍സലായി.
ഒരുത്തന്‍ വന്ന് എന്നെ ചീത്ത പറഞ്ഞു, നീ എങ്ങടാ പോയികിടക്കുന്നേ, അവനറിയില്ല ഞാന്‍ ഡയറക്ടറാന്ന്. തെറി വിളിച്ചിട്ട് അവന്‍ ഹാര്‍ഡ് ഡിസ്‌കും വാങ്ങിപ്പോയി. അത് ലുലു മാളിലേക്കുള്ളതായിരുന്നു. ഞാന്‍ അപ്പോള്‍ കണ്ണ് ഒക്കെ നിറഞ്ഞിരിക്കുവാ. സിനിമ തുടങ്ങി കാണും. എന്താണ് അവസ്ഥ എന്നൊന്നും അറിയില്ല.
പക്ഷേ സരിത തിയേറ്ററില്‍ ഒരു മനുഷ്യരില്ല. കാര്യം സമയം പന്ത്രണ്ടരയായി. പടം പൊട്ടിയല്ലേന്ന് പറഞ്ഞ് തിയേറ്ററിനകത്തേക്ക് കയറി ചെല്ലുവാ. അപ്പോള്‍ കൂടെയുള്ളവര്‍ വന്നു, ഫുള്‍ ആള്‍ക്കാരാടാ, പ്രൊഡ്യൂസര്‍ക്ക് പോലും ഇരിക്കാന്‍ കസേര ഇല്ലെടാന്ന് പറഞ്ഞു. ഞാന്‍ അകത്ത് കയറി നോക്കിയപ്പോള്‍ ഫുള്‍ ക്രൗഡ്. ഫുള്‍ ചിരിയും കയ്യടിയുമായിരുന്നു,’ ഡിജോ കൂട്ടിച്ചേര്‍ത്തു.
Content Highlight: Dijo Jose Antony talking about the challenges faced since the audition of the film queen