'വ്യക്തിയ്ക്ക് മനം മാറ്റമുണ്ടാകുന്നതിന് നമുക്ക് എന്ത് ചെയ്യാന്‍ കഴിയും'?; ഗോഡ്‌സെ ആരാധകന് കോണ്‍ഗ്രസ് അംഗത്വം നല്‍കിയതില്‍ ദിഗ്‌വിജയ് സിംഗ്
national news
'വ്യക്തിയ്ക്ക് മനം മാറ്റമുണ്ടാകുന്നതിന് നമുക്ക് എന്ത് ചെയ്യാന്‍ കഴിയും'?; ഗോഡ്‌സെ ആരാധകന് കോണ്‍ഗ്രസ് അംഗത്വം നല്‍കിയതില്‍ ദിഗ്‌വിജയ് സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th February 2021, 9:41 pm

ഭോപ്പാല്‍:ഗോഡ്സെ സന്ദേശങ്ങള്‍ക്ക് പരസ്യ പിന്തുണ നല്‍കിയ മധ്യപ്രദേശിലെ ഹിന്ദു മഹാസഭ നേതാവ് ബാബുലാല്‍ ചൗരസ്യ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. വ്യക്തികള്‍ക്കുണ്ടാകുന്ന മനം മാറ്റത്തില്‍ നമുക്ക് എന്ത് ചെയ്യാനാകുമെന്നായിരുന്നു ദിഗ് വിജയസിംഗ് ചോദിച്ചത്.

കഴിഞ്ഞ ദിവസമാണ് ഗോഡ്സെ ആരാധകനെന്ന് പരസ്യമായി പ്രഖ്യാപിച്ച ബാബുലാല്‍ ചൗരസ്യ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇയാള്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു ചൗരസ്യ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ച് ഹിന്ദു മഹാസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനുശേഷമാണ് വീണ്ടും കോണ്‍ഗ്രസിലേക്കുള്ള ചുവടുമാറ്റം.

 

അതേസമയം സ്വന്തം പിതാവിനെ കൊന്നവരോട് പോലും സഹാനൂഭൂതി കാണിച്ച നേതാവാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളതെന്നും അതിനാല്‍ ചൗരസ്യയോട് ക്ഷമിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നുമായിരുന്നു അംഗത്വം നല്‍കിയ വേളയില്‍ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

അത്തരമൊരു നേതാവിന്റെ വ്യക്തിപ്രഭാവമാണ് ഗോഡ്സെ ആരാധകനെ മഹാത്മഗാന്ധി പ്രവര്‍ത്തകനാക്കി മാറ്റിയതെന്നും ഇദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ഘാതകനായ നഥുറാം വിനായക് ഗോഡ്സെയുടെ ആരാധകനാണ് താനെന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാവാണ് ബാബുലാല്‍ ചൗരസ്യ. 2019ല്‍ , ഗാന്ധി വധത്തില്‍ ഗോഡ്സെ കോടതിയില്‍ നടത്തിയ വാദത്തിന്റെ പകര്‍പ്പ് ഒരു ലക്ഷം പേര്‍ക്ക് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചും ചൗരസ്യ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഗോഡ്സെ ആരാധിക്കുന്ന ചടങ്ങുകളിലും സ്ഥിരം സാന്നിദ്ധ്യമായിരുന്നു ചൗരസ്യ. 2017ല്‍ ഗോഡ്സെ പ്രതിമയ്ക്ക് മുന്നില്‍ നടത്തിയ പ്രാര്‍ത്ഥന ചടങ്ങിലും ഇയാള്‍ പങ്കെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Digvijaya Singh Response About Giving Congress Membership to Babulal Chaurasya