മുംബൈ: രാജ്യം അതിവേഗം കറന്‍സിരഹിത സമ്പദ് വ്യവസ്ഥയിലേക്ക് മാറുകയാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍. ഡിജിറ്റല്‍ പണമിടപാടില്‍ ജനുവരി മാസത്തില്‍ മുന്‍ മാസത്തേക്കാള്‍ പത്തുശതമാനം കുറവാണുണ്ടായത്. നോട്ടു നിരോധനശേഷം രാജ്യം അതിവേഗം കറന്‍സിരഹിത ഇടപാടിലേക്ക് മാറുകയാണെന്ന സര്‍ക്കാര്‍ വാദത്തിന് എതിരാണ് ഈ കണക്കുകള്‍.
Also read മതം മാറിയതിന്റെ പേരില്‍ കൊലപാതകം; ആര്‍.എസ്.എസ് താലൂക്ക് സഹ കാര്യവാഹകായ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍
നോട്ട് നിരോധനം മൂലം കറന്‍സിക്ഷാമം രൂക്ഷമായിരുന്ന ഡിസംബറില്‍ മാത്രമണ് ഡിജിറ്റല്‍ ഇടപാടുകളില്‍ നേരിയ വര്‍ധനവ് ഉണ്ടായത്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ജനങ്ങള്‍ പഴയ രീതിയിലേക്ക് തന്നെ തിരിച്ച് പോവുകയാണെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യതക്തമാക്കുന്നത്. നോട്ട് നിരോധനം മൂലം കള്ളപ്പണവും കള്ളനോട്ടുകളും ബാങ്കിലെത്താതെ പോകുമെന്നും നോട്ട് നിരോധനത്തിന്റെ മേന്മയായി സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അസാധുവാക്കിയ നോട്ടുകള്‍ ഏറെക്കുറെ പൂര്‍ണ്ണമായും തന്നെ തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നോട്ട് നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങാളായി പറഞ്ഞിരുന്ന പ്രചാരത്തിലുള്ള നോട്ടുകളിലെ വലിയൊരു പങ്കായ കള്ളനോട്ടുകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിന്ന് ഒഴിഞ്ഞ് പോകുമെന്നത് ലക്ഷ്യത്തിലെത്തിയില്ല എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമാണ് കറന്‍സിരഹിത സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുമെന്ന വാദവും പരാജയമാവുകയാണെന്ന് തെളിയുന്നത്.
ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി ഡിസംബറില്‍ 9575 ലക്ഷം പണമിടപാടാണ് നടന്നിരുന്നത്. എന്നാല്‍ ജനുവരിയിലിത് 8581 ലക്ഷമായി കുറഞ്ഞു. ഇടപാടുകളുടെ എണ്ണത്തില്‍ 10.4 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. നാലു പ്രമുഖ ബാങ്കുകളുടെ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളും എട്ട് ബാങ്കിതര സ്ഥാപനങ്ങളുടെ ഇ-വാലറ്റ് ഇടപാടുകളും, അഞ്ചു ബാങ്കുകളുടെ മൊബൈല്‍ ബാങ്കിങ് ഇടപാടുകളുടെയും അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍.
നോട്ടുക്ഷാമം രൂക്ഷമായ ഡിസംബറില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വഴി കൈമാറ്റം ചെയ്ത പണത്തില്‍ 10.7 ശതമാനം വര്‍ധനയുണ്ടായിരുന്നു എന്നാല്‍ നോട്ടുകളുടെ ലഭ്യത വര്‍ധിക്കുന്നതിനനുസരിച്ച് ഇതില്‍ കുറവുണ്ടാകുകയാണ്. നവംബറില്‍ നടന്ന ഡിജിറ്റല്‍ ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കേവലം മൂന്ന് ശതമാനം വര്‍ധനയാണ് ജനുവരിയിലുള്ളത്. കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയപ്പോള്‍ പ്രഖ്യാപിച്ച ലക്ഷ്യങ്ങലെന്നും വിജയിച്ചില്ല എന്നു തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡിജിറ്റലല്‍ ഇടപാടുകളില്‍ വര്‍ധനവുണ്ടാകേണ്ട സമയത്ത് സാധരണ ഗതി തന്നെയാണ് ഇപ്പോഴും.