റഫറിയെ ചീത്ത വിളിച്ചു; ഡീഗോ കോസ്റ്റയ്ക്ക് എട്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്; ലാലിഗയില്‍ ബാക്കിയുള്ളത് ഏഴ് മത്സരങ്ങള്‍
Football
റഫറിയെ ചീത്ത വിളിച്ചു; ഡീഗോ കോസ്റ്റയ്ക്ക് എട്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്; ലാലിഗയില്‍ ബാക്കിയുള്ളത് ഏഴ് മത്സരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th April 2019, 11:29 pm

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തിനിടെ റഫറിയെ ചീത്തവിളിച്ച അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഡീഗോ കോസ്റ്റക്ക് എട്ടു മത്സരങ്ങളില്‍ നിന്നു വിലക്ക്. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനാണു വിലക്ക് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. തന്നെ വീഴ്ത്തിയ എതിര്‍താരത്തിനെതിരേ റഫറി ഗില്‍ മന്‍സാനോ ഫൗള്‍ വിളിക്കാതിരുന്നതാണ് കോസ്റ്റയെ പ്രകോപിപ്പിച്ചത്. ഇതു ചോദ്യം ചെയ്ത കോസ്റ്റ റഫറിയുടെ കൈയ്ക്ക് പിടിക്കുകയും ചീത്ത വിളിക്കുകയുമായിരുന്നു.

ഇതോടെ റഫറി ചുവപ്പ് കാര്‍ഡ് ഉയര്‍ത്തി. കോസ്റ്റയ്ക്കായി വാദിച്ച അത്‌ലറ്റിക്കോ താരങ്ങള്‍ക്കെതിരേ കാര്‍ഡ് കാണിക്കാന്‍ റഫറി തുനിഞ്ഞതും കോസ്റ്റയെ ദേഷ്യം പിടിപ്പിച്ചു. ഒടുവില്‍ ബാഴ്‌സ താരം പിക്വെയാണ് കോസ്റ്റയെ മൈതാനത്തിനു പുറത്തേക്കു കൊണ്ടുപോയത്.

കോസ്റ്റ തന്റെ അമ്മയെയാണ് ചീത്ത വിളിച്ചതെന്നും കൈപിടിച്ച് വലിച്ചെന്നും റഫറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തെ വിലക്കിയത്.

റഫറിയെ ചീത്ത വിളിച്ചതിന് നാലു മത്സരങ്ങളില്‍ നിന്നും കൈ പിടിച്ച് വലിച്ചതിന് നാലു മത്സരങ്ങളില്‍ നിന്നുമാണു വിലക്ക്.
ഇതോടെ കോസ്റ്റയുടെ ലാലിഗ സീസണ്‍ ഏറെക്കുറേ അവസാനിച്ചു. ലീഗില്‍ രണ്ടാംസ്ഥാനത്തു തുടരുന്ന അത്‌ലറ്റിക്കോയ്ക്ക് ഇനി ഏഴു മത്സരങ്ങള്‍ മാത്രമാണു ബാക്കിയുള്ളത്. വിലക്കിനെതിരേ താരം അപ്പീല്‍ നല്‍കിയിട്ടുണ്ട്.