'നിര്‍ബന്ധിതമായി മദ്യം കഴിപ്പിച്ചു'; ശ്രീദേവിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കങ്കണ പുറത്തു വിട്ടോ?
national news
'നിര്‍ബന്ധിതമായി മദ്യം കഴിപ്പിച്ചു'; ശ്രീദേവിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കങ്കണ പുറത്തു വിട്ടോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th July 2020, 12:49 pm

മുംബൈ:ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ നടി കങ്കണ റണൗത്ത് ബോളിവുഡിന് നേരെ നടത്തിയ ആരോപണങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. സിനിമയിലെ സ്വജനപക്ഷപാതവും മാധ്യമങ്ങളുടെ വ്യാജവാര്‍ത്തകളും സുശാന്തിനെ ബാധിച്ചിരുന്നെന്ന് കങ്കണ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന വാര്‍ത്തയായാണ് അന്തരിച്ച നടി ശ്രീദേവിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കങ്കണ റണൗത്ത് പുറത്തു വിട്ടു എന്നത്. വൈറലായ ഈ വാര്‍ത്തയില്‍ ശ്രീദേവിയുടെ മരണത്തെ സംബന്ധിച്ച് ഗുരുതരമായ വാദങ്ങളാണുണ്ടായിരുന്നത്.

ശ്രീദേവിയുടേത് അസ്വഭാവിക മരണമാണെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ഇവരെ നിര്‍ബന്ധിച്ച് വിസ്‌കിയും കൊക്കെയ്‌നും കഴിപ്പിച്ചെന്നും ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നെന്നും പറഞ്ഞിരുന്നു. ശ്രീദേവി മരണപ്പെട്ട ദുബായിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ചിഹ്നവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കോണ്‍പിരന്‍സി ഈസ് ഇന്‍ ബോളിവുഡ് ലെഗസിസ് എന്ന കാപ്ഷനുകളോടു കൂടിയാണ് ഈ പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഷെയര്‍ ചെയ്യപ്പെട്ടത്.

എന്നാല്‍ ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യാജമാണെന്നാണ് ഇന്ത്യ ടുഡേ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് ദുബായ് ഗവണ്‍മെന്റ് പുറത്തു വിട്ടിട്ടില്ല. പ്രചരിച്ച റിപ്പോര്‍ട്ടില്‍ അക്ഷരത്തെറ്റും ഘടനപരമായ തെറ്റും ഉണ്ടായിരുന്നു.

കങ്കണ ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്തു വിട്ടിട്ടില്ലെന്നാണ് നടിയുടെ ഔദ്യോഗിക പി.ആര്‍ ഗ്രൂപ്പ് പറഞ്ഞത്.

2018 ഫെബ്രുവരിയിലാണ് ശ്രീദേവി മരിച്ചത്. ദുബായിലെ ഹോട്ടലിലെ ബാത്ത് ടബ്ബിലാണ് ശ്രീദേവി മരിച്ചു കിടന്നിരുന്നത്. അന്ന് വന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബോധം നഷ്ടപ്പെട്ട ശ്രീദേവി ബാത്ത് ടബ്ബില്‍ വീഴുകയായിരുന്നു എന്നാണ് പറഞ്ഞിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ