മോദി ചായ വിറ്റുണ്ടാക്കിയ കാശാണോ ബി.ജെ.പിയുടെ കൈയ്യില്‍; അഴിമതി രഹിത സര്‍ക്കാറുണ്ടാക്കുമെന്ന ബി.ജെ.പി വാഗ്ദാനത്തെ പരിഹസിച്ച് എച്ച്.ഡി കുമാരസ്വാമി
ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം ചുറ്റി ചായ വിറ്റുകണ്ടാക്കിയ കാശാണോ ബി.ജെ.പിയെ സമ്പന്നമാക്കിയതെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. അഴിമതി രഹിത സര്‍ക്കാര്‍ രൂപീകരിക്കും എന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനത്തെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഴിമതി രഹിത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി തങ്ങളുടെ പ്രകടന പത്രികയില്‍ അവകാശപ്പെടുന്നു. എന്ത് അഴിമതി രഹിത സര്‍ക്കാര്‍. മോദി രാജ്യം മുഴുവന്‍ ചുറ്റി ചായ വിറ്റുണ്ടാക്കിയ കാശാണോ ബി.ജെ.പിയെ സമ്പന്നമാക്കിയത്. അഴിമതി രഹിത സര്‍ക്കാര്‍ എന്ന അവകാശം തെറ്റാണ്. കാര്‍വാറിലെ ബി.ജെ.പി നേതാവിന്റെ പക്കല്‍ നിന്ന് 78 ലക്ഷ്യം രൂപയാണ് പിടിച്ചെടുത്തത്. ഈ പണം എവിടെ നിന്ന് വന്നു’- കുമാരസ്വാമി മാധ്യമങ്ങളോട് ചോദിച്ചു.
ദേശസ്‌നേഹത്തെക്കുറിച്ച് തനിക്ക് മോദി ക്ലാസെടുക്കേണ്ടതില്ലെന്നും കുമാരസ്വാമി പറഞ്ഞു. ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് കോണ്‍ഗ്രസും സംസ്ഥാനത്തെ സഖ്യകക്ഷിയായ ജെ.ഡി.എസും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് സംസാരിക്കുന്നതെന്ന് മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്.
ദേവ ഗൗഡ പ്രധാനമന്ത്രിയായിരുന്ന സമയത്ത് കശ്മീരില്‍ ഒരു ബോംബ് സ്ഥോടനം പോലും നടന്നില്ലെന്നും, മോദി പാകിസ്ഥാനില്‍ പോയി എന്തൊക്കെ വാഗ്ദാനങ്ങളാണ് നല്‍കിയതെന്ന് ദൈവത്തിനെ അറിയൂ എന്നും കുമാരസ്വാമി പറഞ്ഞു. ഇതേ മോദിയില്‍ നിന്ന് തനിക്ക് രാജ്യസ്‌നേഹത്തെക്കുറിച്ച് പാഠം വേണ്ടെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണ്ണാടകയില്‍ ഇനി 14 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ബാക്കിയുള്ളത്. ഏപ്രില്‍ 23നാണ് കര്‍ണ്ണാടകയിലെ മൂന്നാം ഘട്ട വോട്ടെടുപ്പ്.