Entertainment news
ഇത്ര പോലും വിവരമില്ലാത്തവനാണോ അവനെന്ന് പുള്ളി ചോദിച്ചു; ധ്യാന്‍ മോന്‍ എനിക്ക് സപ്പോര്‍ട്ടാണെന്ന് ചേച്ചി പറഞ്ഞു: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 25, 03:55 am
Saturday, 25th March 2023, 9:25 am

നടന്‍ ശ്രീനിവാസന്‍ രോഗാവസ്ഥയിലായിരുന്ന സമയത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച നടി സ്മിനു അദ്ദേഹത്തിനൊപ്പമെടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് സ്മിനു അങ്ങനെ ചെയ്യുന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടായിരുന്നു.

ആ വിഷയത്തില്‍ പ്രതികരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. മഴവില്‍ മനോരമയുടെ പരിപാടിയില്‍ ശ്രീനിവാസന്‍ പങ്കെടുത്തതിന് ശേഷമായിരുന്നു സ്മിനു ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും അതുകൊണ്ട് തന്നെ അതത്ര കുഴപ്പമുള്ള കാര്യമല്ലെന്ന് താന്‍ എല്ലാവരോടും പറഞ്ഞിരുന്നുവെന്നും ഇന്ത്യന്‍ സിനിമാ ഗ്യാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.

‘അച്ഛനെ കാണാന്‍ പോകുന്നില്ലേ എന്ന് വെറുതെ ഞാന്‍ ചേച്ചിയോട് ചോദിച്ചു. ഞാന്‍ പറഞ്ഞതിന്റെ പിറ്റേദിവസം തന്നെ ചേച്ചി പോയി. പറഞ്ഞുയുടനെ ആരെങ്കിലും കാണാന്‍ പോകുമോ(ചിരിച്ചുകൊണ്ട്). ഞാന്‍ വെറുതെയൊന്ന് ചോദിച്ചതായിരുന്നു അത്. അങ്ങനെ വീട്ടില്‍ പോയി അച്ഛന്റെ കൂടെയൊരു ഫോട്ടോയെടുത്തു.

ആ സമയത്താണെങ്കില്‍ അച്ഛന്‍ മഴവില്ലിന്റെ പരിപാടിക്കൊക്കെ പോയിട്ടിരിക്കുകയായിരുന്നു. അച്ഛന്റെ അപ്പോഴത്തെ അവസ്ഥയൊക്കെ എല്ലാവരും കണ്ടിട്ടുണ്ടായിരുന്നു. എന്നാല്‍ ചേച്ചിയിട്ട ഫോട്ടോ കണ്ടിട്ട് സിനിമയിലുള്ള കുറേയാളുകള്‍ വിളിച്ച് ചീത്ത പറഞ്ഞു.

ചെയ്തത് മോശമായി പോയി, സ്മിനു പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്നും അവര്‍ പറഞ്ഞു. ആരോ ഒരാള്‍ ഇങ്ങനെ വിളിച്ച് ചോദിച്ചപ്പോള്‍ ചേച്ചി പറഞ്ഞു, ധ്യാന്‍ പറഞ്ഞിട്ടാണ് ഫോട്ടോ ഇട്ടതെന്ന്. ധ്യാന്‍ മോന്‍ എനിക്ക് സപ്പോര്‍ട്ടാണെന്നും പറഞ്ഞു. അപ്പോള്‍ പുള്ളി ചോദിക്കുവാ, ഇത്ര പോലും ബോധമില്ലാത്തവനാണോ അവനെന്ന്. വെറുതെയിരുന്ന എന്നെ വരെ തെറി കേള്‍പ്പിച്ചു.

അച്ഛന്റെ ഫോട്ടോയെടുക്കാന്‍ ഞാന്‍ പറഞ്ഞിട്ടേയില്ലായിരുന്നു. ഫോട്ടോ ഇട്ടതിന് ശേഷമാണ് ഞാന്‍ പോലും അറിയുന്നത്. പക്ഷെ ആ ഫോട്ടോ ഇട്ടതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

content highlight: dhyan sreenivasan about viral photo of sreenivasan, sminu sijo post